ജർമൻ ടാങ്ക് മുന്നോട്ട്; ഹംഗറിയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്
|ജര്‍മനിക്കായി ജമാല്‍ മുസിയാലയും ഇല്‍കേ ഗുന്ദോഗനും വലകുലുക്കി
യൂറോ കപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ആതിഥേയരായ ജർമനി. യങ് സെൻസേഷൻ ജമാൽ മുസിയാലയും ക്യാപ്റ്റൻ ഇൽകേ ഗുന്ദോഗനും ഗോളുകളുമായി കളംനിറഞ്ഞ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജർമന്‍ പട ഹങ്കറിയെ തകർത്തത്. ഇതോടെ ജർമനി പ്രീക്വാർട്ടർ പ്രവേശം ഉറപ്പിച്ചു. നേരത്തേ സ്കോട്ലന്റിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ആതിഥേയർ തകർത്തെറിഞ്ഞിരുന്നു.
കളിയുടെ 22ാം മിനിറ്റിലാണ് ജമാൽ മുസിയാല ജർമനിക്കായി ആദ്യ വെടി പൊട്ടിച്ചത്. ഇല്‍കേ ഗുന്ദോഗന്റെ അസിസ്റ്റിലാണ് മുസിയാലയുടെ ഗോളെത്തിയത്. യൂറോ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇതോടെ മുസിയാലയെ തേടിയെത്തി. രണ്ടാം പകുതിയിലാണ് ഗുന്ദോഗന്റെ ഗോള്‍ പിറന്നത്. മിറ്റല് സ്റ്റാഡായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.
ഗോള്‍മടക്കാനുള്ള ഹംഗറിയുടെ പല ശ്രമങ്ങളും ജര്‍മന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. കളിയിൽ 70 ശതമാനം നേരവും പന്ത് കൈവശം വച്ചത് ജർമനിയായിരുന്നു. ഹംഗേറിയൻ ഹാഫിൽ വച്ച് 19 ഷോട്ടുകൾ ജർമനി ഉതിർത്തപ്പോൾ അതിൽ ഏഴെണ്ണം ഗോൾ പോസ്റ്റ് ലക്ഷ്യമാക്കിയുള്ളതായിരുന്നു. 30 ശതമാനം നേരം പന്ത് കൈവശം വച്ച ഹംഗറി 11 ഷോട്ടുകൾ ഉതിർത്തപ്പോൾ 4 എണ്ണം ഗോൾവല ലക്ഷ്യമാക്കിയുള്ളതായിരുന്നു.