ഖത്തര്‍ ലോകകപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തി ഫിഫ പ്രസിഡന്‍റ്
|ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരിക്കും ഖത്തറിലേതെന്ന് ഇന്‍ഫാന്‍റിനോ പറഞ്ഞു
ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തി ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ. ലോകകപ്പ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളില്‍ ഇന്‍ഫാന്‍റിനോ സന്ദര്‍ശനം നടത്തി. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരിക്കും ഖത്തറിലേതെന്ന് ഇന്‍ഫാന്‍റിനോ പറഞ്ഞു.
ദോഹ എക്സിബിഷൻ സെന്‍റര്‍(ഡി.ഇ.സി), ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍റര്‍ (ഡി.ഇ.സി.സി), ഖത്തർ നാഷണൽ കൺവെൻഷൻ സെന്‍റര്‍ (ക്യു.എൻ.സി.സി) എന്നീ കേന്ദ്രങ്ങളാണ് ഇന്‍ഫാന്‍റിനോ സന്ദർശിച്ചത്. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനായിരിക്കും ഖത്തർ ആതിഥ്യം വഹിക്കുകയെന്ന് സന്ദർശന ശേഷം ഇന്‍ഫാന്‍റിനോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലക്ഷ്യം കൈവരിക്കാന്‍ ഗ്രൗണ്ടിന് പുറത്തുള്ള സൗകര്യങ്ങളും ലോകനിരവാരത്തിലുള്ളതാകണം. തന്‍റെ അനുഭവത്തില്‍ എട്ട് സുന്ദരമായ വേദികള്‍ ഖത്തർ സജ്ജീകരിച്ചത് പോലെ തന്നെയാണ് സ്റ്റേഡിയങ്ങൾക്ക് പുറത്തും ഒരുക്കിയിരിക്കുന്നതെന്ന് ഇന്‍ഫാന്‍റിനോ പറഞ്ഞു.
ടൂർണമെന്‍റ് ഓഫീസ്, പ്രധാന ഓപറേഷൻ കേന്ദ്രം, ഐ.ടി കമാൻഡ് സെന്‍റര്‍, പ്രധാന വളണ്ടിയർ കേന്ദ്രം, അക്രഡിറ്റേഷൻ കേന്ദ്രം എന്നിവയെല്ലാം കതാറക്ക് സമീപത്തുള്ള ഡി.ഇ.സിയിലാണ് പ്രവർത്തിക്കുന്നത്. വെസ്റ്റ് ബേയിലുള്ള ഡി.ഇ.സി.സിയിൽ ടൂർണമെന്‍റ് കാലയളവിലേക്കുള്ള പ്രധാന ടിക്കറ്റിംഗ് കേന്ദ്രവും ഹയ്യ കേന്ദ്രവുമാണ് പ്രവർത്തിക്കുക. അൽ റയ്യാനിലെ ക്യൂ.എൻ.സി.സിയിൽ അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റിംഗ് കേന്ദ്രവും പ്രധാന മീഡിയകേന്ദ്രവും പ്രവർത്തിക്കും.