Sports
GOAT Finisher,MS Dhoni,BackToBack Sixes, Final Over,dhoni,sixer

പഞ്ചാബിനെതിരെ സിക്സര്‍ അടിക്കുന്ന ധോണി

Sports

ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ടു പോകലെ ധോണീ; അവസാന രണ്ട് പന്തും ഗ്യാലറിയിലെത്തിച്ച് ക്യാപ്റ്റന്‍ കൂള്‍

Web Desk
|
30 April 2023 12:18 PM GMT

ഐ.പി.എല്‍ കരിയറിലല്‍ ഇന്നിങ്സിന്‍റെ അവസാന രണ്ട് പന്തുകളില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതോടെ ധോണിയുടെ പേരിലായി.

ക്ലാസിക് ക്രിക്കറ്റിന്‍റെ മികവോ വ്യാകരണശുദ്ധിയോ ഇല്ലാതെ, നീളൻ മുടിയും ആരെയും കൂസാത്ത ബോഡി ലാങ്വേജുമായി ക്രീസിലേക്ക് വില്ലോ ചുഴറ്റിയിറങ്ങിയ ഒരു റോ ടാലന്‍റ് എങ്ങനെയൊരു ക്രിക്കറ്റ് ഇതിഹാസമായിത്തീര്‍ന്നു എന്നതിന് 41-ാം വയസിലും ധോണി ക്രീസിലെത്തുമ്പോള്‍ ഗ്രൌണ്ടിലുണ്ടാവുന്ന ആരവങ്ങള്‍ തന്നെ സാക്ഷി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ഐ.പി.എല്ലില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ അയാളെ കാണുമ്പോള്‍ എതിര്‍ ടീമുകളുടെ ആരാധകര്‍ പോലും ആവേശം കൊണ്ട് ആര്‍പ്പുവിളിക്കുന്നുണ്ട്.

ഇന്ന് പഞ്ചാബിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ധോണി ക്രീസിലെത്തിയപ്പോള്‍ ചിദംബരം സ്റ്റേഡിയത്തിലും സ്ഥിതി വ്യതസ്തമായിരുന്നില്ല. ചെന്നൈ ഇന്നിങ്സിലെ അവസാന ഓവറിലെ അവസാന രണ്ട് പന്തും സിക്സറിന് പറത്തിയാണ് ധോണി വീണ്ടും ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. ധോണിയുടെ രണ്ട് പടുകൂറ്റന്‍ സിക്സര്‍ ചെന്നൈ ടോട്ടല്‍ 200ലെത്തിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറുടെ ലാസ്റ്റോവര്‍ നോക്കിനെ ആര്‍ത്തലച്ചുകൊണ്ടാണ് ഗ്യാലറി വരവേറ്റത്.

മാന്‍ ഓഫ് ട്വെന്‍റീത്ത് ഓവര്‍ എന്ന ഹാഷ്ടാഗാണ് ധോണിയുടെ അവസാന ഓവറിലെ രണ്ട് സിക്സറുകള്‍ക്ക് ശഷം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയ ഹാഷ്ടാഗ്. ഇന്ന് പഞ്ചാബിനെതിരായ മത്സരത്തിലെ സിക്സര്‍ ഉള്‍പ്പെടെ ധോണി അവസാന ഓവറിലെ അവസാന രണ്ട് പന്തുകളില്‍ നേടുന്ന സിക്സറുകളുടെ എണ്ണം 18 ആയി. ഇതൊരു ഐപിഎല്‍ റെക്കോര്‍ഡാണ്,ഐ.പി.എല്‍ കരിയറിലല്‍ ഇന്നിങ്സിന്‍റെ അവസാന രണ്ട് പന്തുകളില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതോടെ ധോണിയുടെ പേരിലായി.. 16 സിക്സറുകള്‍ നേടിയ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന കീറോണ്‍ പൊള്ളാര്‍ഡിന്‍റെ പേരിലായിരുന്നു ഇതുവരെ അവസാന രണ്ട് പന്തുകളിലെ സിക്സര്‍ റെക്കോര്‍ഡ്.

കോൺവേ വെടിക്കെട്ട്; ധോണി സൂപ്പർ ഫിനിഷ്, ചെന്നൈക്ക് മികച്ച സ്‌കോർ

ഓപ്പണർ ഡെവോൺ കോൺവേയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഐ.പി.എല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 200 റൺസെടുത്തു. അവസാന ഓവറിൽ തുടർച്ചയായി രണ്ട് സിക്‌സടിച്ച് ക്യാപ്റ്റൻ ധോണിയാണ് ചെന്നൈ ഇന്നിങ്‌സ് മനോഹരമായി അവസാനിപ്പിച്ചത്. ഡെവോൺ കോൺവേ 52 പന്തിൽ 16 ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയില്‍ 92 റൺസെടുത്ത് പുറത്താവാതെ നിന്നു.

നേരത്തേ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ഗെയ്ക് വാദും കോൺവേയും ചേർന്ന് ചെന്നൈക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 86 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. 37 റൺസെടുത്ത ഗെയ്ക്വാദ് റാസക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. പിന്നീടെത്തിയ ശിവം ദുബേക്കൊപ്പം ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ച കോൺവേ ടോപ് ഗിയറിലേക്ക് മാറി. ദുബേ 28 റൺസെടുത്ത് മടങ്ങിയ ശേഷം ക്രീസിലെത്തിയ മുഈൻ അലിക്കും ജഡേജക്കും വലിയ സംഭാവനകൾ നൽകാനായില്ല. അവസാന ഓവറിൽ ക്രീസിലെത്തിയ നായകൻ ധോണി ഗാലറിയെ ആവേശത്തിലാറാടിച്ച് അവസാന രണ്ട് പന്തുകളും അതിർത്തി കടത്തി ചെന്നൈ സ്‌കോർ 200 ലെത്തിച്ചു.

Similar Posts