ഐ.പി.എല്ലിൽ ലഖ്നൗ ഫ്രാഞ്ചസി നേടി; എ.ടി.കെ മോഹൻ ബഗാൻ ബോർഡിൽനിന്ന് ഗാംഗുലി പിന്മാറി
|ഗോയങ്കയുടെ ആർ.പി. എസ്.ജി ഗ്രൂപ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ പുതുതായെത്തുന്ന ലഖ്നൗ ടീമിനെ 7090 കോടിക്ക് തിങ്കളാഴ്ച സ്വന്തമാക്കിയിരുന്നു
എ.ടി.കെ മോഹൻ ബഗാന്റെ ഡയറക്ടർ ബോർഡിൽനിന്ന് ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി പിന്മാറി. ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻബഗാന്റെ ഉടമസ്ഥരായ സജീവ് ഗോയങ്ക ഗ്രൂപ്പ് ഐ.പി.എല്ലിൽ ലഖ്നൗ ഫ്രാഞ്ചസി നേടിയതോടെയാണ് ഗാംഗുലിയുടെ പിന്മാറ്റം.
2014 ൽ ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയത് മുതൽ ഗാംഗൂലി അത്ലറ്റികോ കൊൽക്കത്തയുടെ ഭാഗമായിരുന്നു. മോഹൻ ബഗാനുമായി ചേർന്ന് അമർ തൊമാർ കൊൽക്കത്ത (എ.ടി.കെ) ആയ ശേഷവും ബന്ധം തുടർന്നു. ഗോയങ്കയുടെ ആർ.പി. എസ്.ജി ഗ്രൂപ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ പുതുതായെത്തുന്ന ലഖ്നൗ ടീമിനെ 7090 കോടിക്ക് തിങ്കളാഴ്ച സ്വന്തമാക്കിയിരുന്നു. ഇതോടെ ടീം മാനേജ്മെൻറിൽ ബി.സി.സി.ഐ പ്രസിഡൻറായ ഗാംഗൂലിയുണ്ടാകുന്നത് താൽപര്യ വൈരുദ്ധ്യമുണ്ടാക്കുമെന്നതിനാലാണ് അദ്ദേഹം മാറിനിൽക്കുന്നത്.
ഇത് സംബന്ധിച്ച് ഗാംഗൂലി എ.ടി.കെ മോഹൻബഗാൻ മാനേജ്മെൻറിന് കത്തയച്ചിട്ടുണ്ടെന്ന് ഐ.പി.എല്ലിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. അവർ ഐ.പി.എല്ലിന്റെ ഭാഗമാകുന്നില്ലെങ്കിൽ പ്രശ്നമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.