ഒന്നുകിൽ എല്ലാം; അല്ലെങ്കിൽ ഒന്നുമില്ല-സഞ്ജുവിനെ വിമർശിച്ച് ഗംഭീർ
|കഴിഞ്ഞ സീസണിൽ സഞ്ജുവിനെ നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ചയാളായിരുന്ന ഗംഭീർ.
രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ ബാറ്റിങ് രീതിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ഈ സീസണിൽ സഞ്ജുവിന്റെ പ്രകടനം ഒട്ടും സ്ഥിരതയില്ലാത്തതാണ്. ആദ്യ മത്സരത്തിൽ സെഞ്ച്വറി പ്രകടനം നടത്തിയെങ്കിലും പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും സഞ്ജു പരാജയമായിരുന്നു. 4,1,21 എന്നിങ്ങനെയായിരുന്നു പിന്നീടുള്ള മത്സരങ്ങളിൽ സഞ്ജുവിന്റെ സ്‌കോർ. സഞ്ജുവിന്റെ ഈ സ്ഥിരതയില്ലായ്മയെ നിശിതമായി വിമർശിച്ചിരിക്കുകയാണ് ഗംഭീർ.
കഴിഞ്ഞ സീസണിൽ സഞ്ജുവിനെ നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ചയാളായിരുന്ന ഗംഭീർ. കഴിഞ്ഞ ഐപിഎൽ സീസണുകൾ പരിശോധിച്ചാൽ സഞ്ജുവിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ് എന്ന് കാണാൻ കഴിയും. ഒന്നുകിൽ മികച്ച പ്രകടനം അല്ലെങ്കിൽ ഒന്നുമില്ല എന്നതാണ് നിലവിൽ സഞ്ജുവിന്റെ പ്രകടനം. ഒരു നല്ല താരത്തിന്റെ ഗ്രാഫിൽ ഒരിക്കലും ഇത്തരത്തിൽ വ്യതിയാനം സംഭവിക്കാൻ പാടില്ലെന്ന് ഗംഭീര്‍ പറഞ്ഞു.
അത് എപ്പോഴും സ്ഥിരതയോടെ നിൽക്കണം. രോഹിത് ശർമ, വിരാട് കോലി, എ.ബി. ഡിവില്ലേഴ്‌സ് എന്നീ താരങ്ങളുടെ ഗ്രാഫ് പരിശോധിച്ചാൽ അത് കൃത്യമായി മനസിലാകും. അവർ എപ്പോഴും അവരുടെ ഗ്രാഫ് സ്ഥിരതയോടെ നിലനിർത്താൻ ശ്രമിക്കാറുണ്ടെന്നും ഗംഭീർ പറഞ്ഞു. സഞ്ജുവിന്റെ ചിന്താഗതിയിൽ കാര്യമായ മാറ്റമുണ്ടായാൽ മാത്രമേ ഈ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിചേർത്തു.