Sports
Lucknow Super Giants, Gujarat Titans, Ipl

ലഖ്നൗ സൂപ്പർജയന്റ്സിനെ ഏഴ് റൺസിനാണ് ​ഗുജറാത്ത് ടെെറ്റൻസ് തോൽപിച്ചത് 

Sports

അവസാന ഓവറിൽ മാജിക് പുറത്തെടുത്ത് ​ഗുജറാത്ത്; പിടഞ്ഞുവീണ് ​ലഖ്നൗ

Web Desk
|
22 April 2023 3:08 PM GMT

വെറും നാല് റൺസ് മാത്രം വിട്ടുകൊടുത്തുകൊണ്ടായിരുന്നു മോഹിത് ശർമ ഈ ആവേശനിമിഷങ്ങൾ ​ഗുജറാത്തിന് സമ്മാനിച്ചത്.

ലഖ്നൗ: കാണികളുടെ നെഞ്ചിടിപ്പേറ്റിയ മത്സരത്തിൽ വിജയം പിടിച്ചെടുത്ത് ​ഗുജറാത്ത് ടെെറ്റൻസ്. 135 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നൗ സൂപ്പർജയന്റ്സിനെ അവസാന ഓവറിൽ വരിഞ്ഞുകെട്ടിയാണ് ​ഗുജറാത്ത് വിജയം കൊയ്തത്.

മോഹിത് ശർമയുടെ അവസാന ഓവർ അവിശ്വസനീയ നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്. 12 റൺസായിരുന്നു ലഖ്നൗവിന് ഈ ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത്. പക്ഷെ, ഒന്നിനു പുറകെ ഒന്നായി നാല് വിക്കറ്റുകളാണ് ലഖ്നൗവിന് നഷ്ടമായത്. ക്യാപ്റ്റൻ കെ.എൽ. രാഹുലും മാർകസ് സ്റ്റോയ്നിസും ആയുഷ് ബദോനിയും ദീപക് ​ഹൂഡയും മോഹിത് ശർമക്ക് മുന്നിൽ അസ്ഥപ്രജ്ഞരായി.

വെറും നാല് റൺസ് മാത്രം വിട്ടുകൊടുത്തുകൊണ്ടായിരുന്നു മോഹിത് ശർമ ഈ ആവേശനിമിഷങ്ങൾ ​ഗുജറാത്തിന് സമ്മാനിച്ചത്. അങ്ങനെ, 128 റൺസിൽ ലഖ്നൗവിന്റെ റൺവേട്ട അവസാനിപ്പിച്ചപ്പോൾ ഏഴ് റൺസ് വിജയം ​ഗുജറാത്തിന് സ്വന്തമായി.

​ആദ്യ ബാറ്റിങ്ങിനിറങ്ങിയ ​ഗുജറാത്തിനും റൺസ് നേടുക ഏറെ ദുഷ്കരമായിരുന്നു. ഉടനീളം പതിഞ്ഞ താളത്തിലായിരുന്നു ബാറ്റർമാരുടെ പ്രകടനം. ആദ്യ ഓവറുകളിൽ തന്നെ ​ഗുജറാത്തിന് വിക്കറ്റും നഷ്ടപ്പെട്ടിരുന്നു.

50 പന്തിൽ 66 റൺസെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ടെെറ്റൻസിന്റെ ടോപ് സ്കോറർ. വൃദ്ധിമാൻ സാഹ 47 റൺസെടുത്തു. മറ്റാർക്കും ബാറ്റിങ്ങിൽ കാര്യമായ സംഭാവന നടത്താനായില്ല. ഒടുവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസുമായി ​ഗുജറാത്തിന്റെ ഇന്നിങ്സ് അവസാനിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് അനായാസ വിജയം സാധ്യമാകുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. ഓപ്പണിങ് കൂട്ടുക്കെട്ട് 55 റൺസെടുത്ത ശേഷമാണ് കെെൽ മെയേഴ്സ് പുറത്തായത്. 24 റൺസായിരുന്നു താരം സ്വന്തമാക്കിയത്.

എന്നാൽ ഒരു ഘട്ടത്തിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. കെ.എൽ. രാഹുൽ 61 പന്തിൽ നിന്ന് 68 റൺസെടുത്തെങ്കിലും, ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് പാരയായി. 23 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യ മാത്രമാണ് പിന്നീട് ജയന്റ്സിനായി രണ്ടക്കം കടന്നത്.

Similar Posts