അഫ്ഗാൻ ഗൂഗ്ലിക്ക് മുന്നില് കറങ്ങിവീണ് രാജസ്ഥാന്
|റാഷിദ് ഖാൻ നാലോവറിൽ വെറും 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ നൂർ അഹ്മദ് മൂന്നോവറിൽ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി
ജയ്പൂര്: അഫ്ഗാൻ ബൗളർമാരായ റാഷിദ് ഖാന്റേയും നൂർ അഹ്മദിന്റേയും കറങ്ങിത്തിരിഞ്ഞ പന്തുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ രാജസ്ഥാൻ റോയൽസ്. അഫ്ഗാൻ ഗൂഗ്ലിക്ക് മുന്നിൽ കറങ്ങി വീണ രാജസ്ഥാൻ 18 ഓവറിൽ വെറും 118 റൺസിന് കൂടാരം കയറി. റാഷിദ് ഖാൻ നാലോവറിൽ വെറും 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ നൂർ അഹ്മദ് മൂന്നോവറിൽ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ജോസ് ബട്ലറിനെ രാജസ്ഥാന് നഷ്ടമായി. ഹർദിക് പാണ്ഡ്യയുടെ പന്തിൽ മോഹിത് ശർമക്ക് ക്യാച്ച് നൽകിയായിരുന്നു ബട്ലറിന്റെ മടക്കം. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു യശസ്വി ജയ്സ്വാളിനൊപ്പം ചേർന്ന് സ്കോർബോർഡ് ഉയർത്തി. ആറാം ഓവറിൽ യശസ്വി ജയ്സ്വാൾ റൺ ഔട്ടായി. തൊട്ടടുത്ത ഓവറിൽ 30 റൺസെടുത്ത സഞ്ജുവും കൂടാരം കയറിയതോടെ രാജസ്ഥാന്റെ തകർച്ചയാരംഭിച്ചു.
പിന്നീട് ക്രീസിലെത്തിയ ഒരാൾക്കും ഗുജറാത്ത് ബോളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ റിയാൻ പരാഗ് വെറും രണ്ട് റൺസെടുത്താണ് മടങ്ങിയത്. അവസാന ഓവറുകളിൽ പിടിച്ച് നിന്ന ട്രെന്റ് ബോൾട്ടാണ് രാജസ്ഥാൻ സ്കോർ നൂറ് കടത്തി വൻനാണക്കേടിൽ നിന്ന് രക്ഷിച്ചത്