Sports
erling haaland
Sports

അഞ്ചടിയില്‍ പിറന്നത് വമ്പന്‍ റെക്കോര്‍ഡ്; എംബാപ്പെയെയും മറികടന്ന് ഹാളണ്ട്

Web Desk
|
15 March 2023 3:28 AM GMT

ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ പത്ത് ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ഹാളണ്ട്

മാഞ്ചസ്റ്റര്‍: സീസണില്‍ ഗോളടി മേളം തുടരുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട്. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ലെപ്‍സിഗിനെതിരെ അഞ്ച് ഗോളുകളാണ് താരം എതിര്‍ വലയില്‍ അടിച്ചു കയറ്റിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ പത്ത് ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ഈ 22 കാരന്‍.

ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ അഞ്ച് ഗോള്‍ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ഹാളണ്ട്. മുമ്പ് ലൂയിസ് അഡ്രിയാനോയും സൂപ്പര്‍ താരം ലയണല്‍ മെസ്സിയും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ലെപ്സിഗിനെതിരായ അഞ്ച് ഗോള്‍ നേട്ടത്തോടെ പി.എസ്.ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഒരു റെക്കോര്‍ഡ് ഹാളണ്ട് പഴങ്കഥയാക്കി. ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോള്‍ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കാര്‍ഡാണ് ഹാളണ്ട് തന്‍റെ പേരിലാക്കിയത്.

ലെപ്‍സിഗിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിൽ ആർ.ബി. ലെപ്‍സിഗിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ. രണ്ടാംപാദ പ്രീക്വാർട്ടറിൽ എതിരില്ലാത്ത ഏഴ് ഗോളിനാണ് സിറ്റിയുടെ ജയം. സിറ്റിക്കായി സൂപ്പര്‍ താരം ഏർലിങ് ഹാളണ്ട് അഞ്ച് തവണ വലകുലുക്കി.

മത്സരത്തിന്റെ 22ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ഗോൾവലയിലെത്തിച്ചാണ് ഹാളണ്ട് തന്റെ ഗോൾവേട്ടയാരംഭിച്ചത്. ആ ഗോൾ വീണ് കൃത്യം രണ്ട് മിനിറ്റ് പിന്നിടും മുമ്പേ രണ്ടാം ഗോളുമെത്തി. ഇക്കുറി ഒരു മനോഹര ഹെഡ്ഡർ. കെവിൻ ഡിബ്രൂയിൻ ഗോൾവലയെ ലക്ഷ്യമാക്കി അടിച്ച പന്ത് പോസ്റ്റിൽ തട്ടി തിരിച്ച് വന്നു. പോസ്റ്റിന് മുന്നിൽ ആരും മാർക്ക് ചെയ്യാതെ നിന്നിരുന്ന ഹാളണ്ട് വലകുലുക്കി. കളി ആദ്യ പകുതി പിന്നിടും മുമ്പേ ഹാളണ്ട് തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ഗോൾമുഖത്തുണ്ടായൊരു കൂട്ടപ്പൊരിച്ചിലിനിടെയായിരുന്നു താരത്തിന്റെ മൂന്നാം ഗോൾ പിറന്നത്.

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ഇൽകേ ഗുന്ദോകൻ ലെപ്‌സിഗ് വലകുലുക്കി. പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് പന്ത് പിടിച്ചെടുത്ത് രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് നേടിയ മനോഹര ഗോൾ. 52ാം മിനിറ്റിൽ വീണ്ടും ഹാളണ്ട് ലെപ്‌സിഗ് വലകുലുക്കി. ആ ഗോൾ വീണ് അഞ്ച് മിനിറ്റ് പിന്നിടും മുമ്പേ തന്റെ അഞ്ചാം ഗോളും താരം വലയിലാക്കി. ഒടുക്കം കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് നേടിയൊരു മനോഹര ഗോളിലൂടെ കെവിൻ ഡിബ്രൂയിൻ ലെപ്‌സിഗ് വധം പൂർത്തിയാക്കി.

മറ്റൊരു മത്സരത്തിൽ എഫ്.സി. പോർട്ടോയെ മറികടന്ന് ഇന്റർ മിലാനും ക്വാർട്ടറിൽ കടന്നു. രണ്ടാംപാദം ഗോൾ രഹിതസമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യപാദത്തിലെ ജയമാണ് ഇന്ററിനെ തുണച്ചത്. ഇന്ന് നടക്കുന്ന പ്രീക്വാർട്ടറിൽ നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡ് ഇംഗ്ലീഷ് കരുത്തരായ ലിവർപൂളിനെയും നാപോളി - എൻഡ്രിച്ച് ഫ്രാങ്ഫർട്ടിനെയും നേരിടും

Similar Posts