ജയ്പൂരില്‍ സഞ്ജുവിന്‍റെ വെടിക്കെട്ട്; രാജസ്ഥാന് മികച്ച സ്കോര്‍
|50 പന്തില്‍ ആറ് സിക്സുകളുടേയും മൂന്ന് ഫോറിന്‍റേയും അകമ്പടിയില്‍ 82 റണ്‍സെടുത്ത സഞ്ജു പുറത്താവാതെ നിന്നു.
ജയ്പൂര്‍: തകർപ്പനടികളുമായി കളം നിറഞ്ഞ് ആദ്യ ദിനം തന്നെ അവിസ്മരണീയമാക്കീയ നായകൻ സഞ്ജു സാസന്‍റെ മിന്നും പ്രകടനത്തിന്റെ മികവിൽ ലഖ്‌നൗവിനെതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. ജയ്പൂര് സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറിൽ 193 റൺസെടുത്തു. 50 പന്തില്‍ ആറ് സിക്സുകളുടേയും മൂന്ന് ഫോറിന്‍റേയും അകമ്പടിയില്‍ 82 റണ്‍സെടുത്ത സഞ്ജു പുറത്താവാതെ നിന്നു.
കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ കൂറ്റനടിക്കാരൻ ജോസ് ബട്‌ലറും അഞ്ചാം ഓവറിൽ യശസ്വി ജയ്‌സ്വാളും കൂടാരം കയറിയ ശേഷം ക്രീസിൽ ഒന്നിച്ച സഞ്ജുവും റിയാൻ പരാഗും ചേർന്നാണ് രാജസ്ഥാൻ ഇന്നിങ്‌സിന് അടിത്തറ പാകിയത്. ഫോമില്ലായ്മയുടെ പേരിൽ മുൻ സീസണുകളിൽ ഏറെ പഴി കേട്ട പരാഗിന്റെ ഇന്നിങ്‌സ് വിമർശകർക്കുള്ള മറുപടിയായി. 29 പന്തിൽ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 43 റൺസെടുത്ത പരാഗ് അർധ സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെയാണ് വീണത്.
പിന്നീട് ക്രീസിലെത്തിയ ഷിംറോൺ ഹെറ്റ്‌മെയര്‍ വേഗത്തിൽ മടങ്ങി. അവസാന ഓവറുകളിൽ ധ്രുവ് ജുറേലിനെ കൂട്ടുപിടിച്ചാണ് സഞ്ജു രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. ലഖ്‌നൗവിനായി അഫ്ഗാൻ താരം നവീനുൽ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.