Sports
നിസ്സാരം; ആര്‍.സി.ബിയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത
Sports

നിസ്സാരം; ആര്‍.സി.ബിയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത

Web Desk
|
29 March 2024 5:32 PM GMT

വിരാട് കോഹ്‍ലിയുടെ അര്‍ധ സെഞ്ച്വറി പാഴായി

ബംഗളൂരു: വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിക്ക് വെങ്കിടേഷ് അയ്യരുടെ മറുപടി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെങ്കിടേഷ് അയ്യരുടേയും ശ്രേയസ് അയ്യരുടേും സുനില്‍ നരൈന്‍റേയും നിറഞ്ഞാട്ടം കണ്ട പോരാട്ടത്തില്‍ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബംഗളൂരു ഉയർത്തിയ 183 റൺസ് വിജയ ലക്ഷ്യം മൂന്നോവര്‍ ഓവർ ബാക്കി നിൽക്കേ കൊൽക്കത്ത അനായാസം മറികടന്നു. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസും വെങ്കിടേഷും ചേർന്നാണ് കൊൽക്കത്തയെ വേഗത്തിൽ വിജയതീരമണച്ചത്. ഇരുവരും ചേർന്ന് 75 റൺസിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പടുത്തുയർത്തിയത്. വെങ്കിടേഷ് 30 പന്തില്‍ നാല് സിക്സുകളുടേയും മൂന്ന് ഫോറിന്‍റേയും അകമ്പടില്‍ 50 റണ്‍സെടുത്തു.

ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ബംഗളൂരു ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തക്ക് ഫിലിപ് സാൾട്ടും സുനിൽ നരൈനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. സ്‌കോർ ബോർഡിൽ 86 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ ചേർത്തത്. അർധ സെഞ്ച്വറിക്ക് മൂന്ന് റൺസകലെ നരൈൻ വീണു. വെറും 22 പന്തില്‍ നിന്നാണ് നരേന്‍ 47 റണ്‍സ് അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറിൽ 30 റൺസെടുത്ത സാൾട്ടും പുറത്തായി. പിന്നീട് ക്രീസിലൊന്നിച്ച വെങ്കിടേഷ് അയ്യറും ശ്രേയസ് അയ്യറും ഓപ്പണര്‍മാര്‍ ബാക്കി വച്ചേടത്ത് നിന്ന് തുടങ്ങുകയായിരുന്നു. ശ്രേയസ് അയ്യർ 24 പന്തിൽ പുറത്താവാതെ 39 റൺസെടുത്തു.

നേരത്തേ ടോസ് നേടിയ കൊല്‍ക്കത്ത ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്‍ലിയുടെ മിന്നും പ്രകടനം ഒരിക്കല്‍ കൂടി കണ്ട പോരാട്ടത്തില്‍ നിശ്ചിത 20 ഓവറിൽ ബംഗളൂരു 182 റൺസാണെടുത്തത്. കോഹ്ലി പുറത്താവാതെ 83 റൺസെടുത്തു.. രണ്ടാം ഓവറിൽ തന്നെ ബംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കി ഹർഷിത് റാണ കൊൽക്കത്തക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നീട് ക്രീസിലൊന്നിച്ച കാമറൂൺ ഗ്രീനും കോഹ്ലിയും ചേർന്ന് ബംഗളൂരു സ്‌കോർബോർഡ് ഉയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 65 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ഒമ്പതാം ഓവറിൽ ആന്ദ്രേ റസൽ ഗ്രീനിന്റെ കുറ്റി തെറിപ്പിച്ചു. 22 പന്ത് നേരിട്ട ഗ്രീന്‍ 33 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്വെൽ കോഹ്ലിക്കൊപ്പം ചേർന്ന് ടീമിനെ ചുമലിലേറ്റി. 19 പന്തിൽ 28 റൺസെടുത്ത മാക്‌സ്‌വെല്ലിനെ സുനിൽ നരേൻ റിങ്കു സിങ്ങിനെ കയ്യിലെത്തിച്ചു. പിന്നീടെത്തിയ രജത് പഠീദാറിനും അനൂജ് റാവത്തിനും വലിയ സംഭാവനകളൊന്നും നൽകാനായില്ല. ഇരുവരും മൂന്ന് റൺസെടുത്ത് കൂടാരം കയറി.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫിനിഷറുടെ റോളില്‍ മനോഹര പ്രകടനം കാഴ്ചവച്ച ദിനേശ് കാര്‍ത്തിക്ക് ഇക്കളിയിലും തുടക്കം മുതൽ ടോപ് ഗിയറിലായിരുന്നു. എട്ട് പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടെ അകമ്പടിയോടെ 20 റൺസെടുത്ത കാർത്തിക്ക് ബംഗളൂരു ഇന്നിങ്‌സ് മനോഹരമായാണ് അവസാനിപ്പിച്ചത്. കൊല്‍ക്കത്തക്കായി ഹര്‍ഷിത് റാണയും ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Similar Posts