Sports
അവനെ എന്തിന് ടീമിലെടുത്തു, മണ്ടൻ തീരുമാനം; ടീം സെലക്ഷനിൽ വിമർശനവുമായി ഹർഭജൻ
Sports

''അവനെ എന്തിന് ടീമിലെടുത്തു, മണ്ടൻ തീരുമാനം''; ടീം സെലക്ഷനിൽ വിമർശനവുമായി ഹർഭജൻ

Web Desk
|
21 Sep 2023 12:58 PM GMT

സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്ത തീരുമാനത്തെ ന്യായീകരിച്ച് ഹര്‍ഭജന്‍ നേരത്തേ രംഗത്ത് വന്നിരുന്നു

ആസ്‌ത്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീം സെലക്ഷനിൽ വിമർശനമുയർത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രവിചന്ദ്രൻ അശ്വിനെ ടീമിലെടുത്തത് തെറ്റായ തീരുമാനമായിപ്പോയെന്ന് ഹർഭജൻ പറഞ്ഞു. രവീന്ദ്ര ജഡേജക്കും കുൽദീപ് യാദവിനും പുറമേ വാഷിങ്ടണ്‍ സുന്ദറും ടീമില്‍ ഉള്ളപ്പോൾ മറ്റൊരു സ്പിന്നറുടെ ആവശ്യമില്ലെന്നാണ് ഹര്‍ഭജന്‍റെ വാദം.

''ആദ്യം വാഷ്ങ്ടൺ സുന്ദറിനെ ടീമിലെടുത്തു. പിന്നീട് അശ്വിനെ കൊണ്ടുവന്നു. ഇന്ത്യ ഇപ്പോഴും ഓഫ് സ്പിന്നർമാരെ അന്വേഷിക്കുകയാണ്. ഒരു ഓഫ് സ്പിന്നറെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന തെറ്റ് ഇന്ത്യ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ഇടംകയ്യൻ സ്പിന്നർമാരെ പോലെ വലം കയ്യന്മാരും ടീമിലുണ്ടാവണമെന്നത് സ്വാഭാവിക ബുദ്ധിയിൽ തോന്നേണ്ടതാണ്. എന്നാൽ മൂന്ന് സ്പിന്നർമാരെ ഒരേ സമയം എന്തിനാണ് പരിഗണിക്കുന്നത്. ജഡേജ എന്തായാലും ടീമിലുണ്ടാവും. അടുത്തതായി പരിഗണിക്കുക കുൽദീപിനെ ആയിരിക്കും. പിന്നെയെന്തിനാണ് ഒരു സ്പിന്നർ കൂടി. മുമ്പ് ചെയ്ത തെറ്റ് തിരുത്താൻ നിങ്ങള്‍ മറ്റൊരു തെറ്റ് ചെയ്യാൻ പോവുകയാണോ?''- ഹര്‍ഭജന്‍ ചോദിച്ചു.

സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്ത തീരുമാനത്തെ ഹര്‍ഭജന്‍ ന്യായീകരിച്ചു. രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ടീമില്‍ ഉള്ളതിനാലാണ് സഞ്ജുവിന് ടീമില്‍ ഇടംലഭിക്കാതെ പോയത് എന്ന് ഹര്‍ഭജന്‍ പറഞ്ഞു.

''സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വലിയ സംവാദങ്ങൾ നടക്കുന്നുണ്ട്. ഏകദിനത്തിൽ 55 ബാറ്റിങ് ശരാശരി ഉണ്ടായിട്ടും ടീമിൽ നിന്ന് തഴയപ്പെടുന്നത് വിചിത്രമാണ്. എന്നാൽ നേരത്തേ തന്നെ ടീമിൽ രണ്ട് വിക്കറ്റ് കീപ്പർമാർ ഉള്ളതിനാലാണ് സഞ്ജുവിന് ടീമിൽ ഇടംലഭിക്കാത്തത് എന്ന് എനിക്ക് തോന്നുന്നു. കെ.എൽ രാഹുലും ഇഷാൻ കിഷനും ലോകകപ്പ് ടീമിലുണ്ടല്ലോ"- ഹര്‍ഭജന്‍ പറഞ്ഞു.

Similar Posts