എന്ത് കൊണ്ട് സഞ്ജു ലോകകപ്പ് ടീമിൽ ഇല്ല? ന്യായീകരണവുമായി ഹര്ഭജന്
|സഞ്ജുവിനോടുള്ള നിരന്തര അവഗണനയില്‍ ഇര്ഫാന് പത്താനടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്നിരുന്നു
മലയാളി താരം സഞ്ജു സാംസണെ ലോകകപ്പിനടക്കമുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഏഷ്യാ കപ്പ് ടീമില്‍ റിസര്‍വ് ബെഞ്ചിലായിരുന്ന താരം ഏഷ്യന്‍ ഗെയിംസില്‍ നിന്നും ആസ്ത്രേലിയക്കെതിരായ പരമ്പരയില്‍ നിന്നും തഴയപ്പെട്ടു. ആസ്ത്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കിയപ്പോള് പോലും സഞ്ജുവിനെ പരിഗണിക്കാതിരുന്ന ബി.സി.സി.ഐ യുവതാരങ്ങള്‍ അണിനിരക്കുന്ന ഏഷ്യന്‍ ഗെയിംസ് സ്ക്വാഡിലും താരത്തെ ഉള്‍പ്പെടുത്തിയില്ല. ഇതിനെതിരെ ഇര്ഫാന് പത്താനടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ കാരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങ്. രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ടീമില്‍ ഉള്ളതിനാലാണ് സഞ്ജുവിന് ടീമില്‍ ഇടംലഭിക്കാതെ പോയത് എന്ന് ഹര്ഭജന് പറഞ്ഞു.
''സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വലിയ സംവാദങ്ങൾ നടക്കുന്നുണ്ട്. ഏകദിനത്തിൽ 55 ബാറ്റിങ് ശരാശരി ഉണ്ടായിട്ടും ടീമിൽ നിന്ന് തഴയപ്പെടുന്നത് വിചിത്രമാണ്. എന്നാൽ നേരത്തേ തന്നെ ടീമിൽ രണ്ട് വിക്കറ്റ് കീപ്പർമാർ ഉള്ളതിനാലാണ് സഞ്ജുവിന് ടീമിൽ ഇടംലഭിക്കാത്തത് എന്ന് എനിക്ക് തോന്നുന്നു. കെ.എൽ രാഹുലും ഇഷാൻ കിഷനും ലോകകപ്പ് ടീമിലുണ്ടല്ലോ"- ഹര്ഭജന് പറഞ്ഞു.
ഏകദിനത്തിൽ മികച്ച ട്രാക്ക് റെക്കോർഡുണ്ടായിട്ടും സഞ്ജുവിനെ നിരന്തരം തഴയുന്നതിന്റെ യുക്തി എന്താണെന്നാണ് ആരാധകർ ഇപ്പോഴും ചോദിക്കുന്നത്. മറുവശത്ത്, നിരവധി തവണ അവസരം ലഭിച്ചിട്ടും സൂര്യകുമാർ യാദവ് എല്ലാ ടീമുകളിലും ഇടംകണ്ടെത്തുന്നു. ഒറ്റ ഏകദിനം മാത്രം കളിച്ച തിലക് വർമയെയും നിരവധി തവണ അവസരം ലഭിച്ചിട്ടും മികവ് തെളിയിക്കാനാകാത്ത ഋതുരാജ് ഗെയ്ക്ക്വാദിനെയും വീണ്ടും ടീമിലെടുക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ രണ്ടാം നിര ടീമിൽ പോലും ഇടം ലഭിക്കാതിരിക്കാൻ മാത്രം എന്തുതെറ്റാണ് സഞ്ജു ചെയ്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ 27 മത്സരങ്ങളിൽ നിന്നായി സൂര്യ കുമാര്‍ യാദവിന്റെ ബാറ്റിങ് ആവറേജ് വെറും 24 ആണ്. ഒരു അർധ സെഞ്ച്വറി പോലും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നിട്ടില്ല. ഏഷ്യാ കപ്പില്‍ അവസരം ലഭിച്ചപ്പോഴും താരം ആരാധകരെ നിരാശപ്പെടുത്തി.
2014ൽ ടീമിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ആകെ 13 ഏകദിനങ്ങളിലാണ് ഇന്ത്യക്ക് വേണ്ടി സഞ്ജുവിന് കളിക്കാനായത്. അതും വല്ലപ്പോഴും ലഭിക്കുന്ന അവസരങ്ങൾ. ഇതിൽനിന്ന് 104 സ്ട്രൈക്ക്റേറ്റിൽ 55 ശരാശരിയുമുണ്ട് സഞ്ജുവിന്. കഴിഞ്ഞ ആഗസ്റ്റിൽ അയർലൻഡിനെതിരെ കളിച്ച അവസാന മത്സരത്തിലും 40 റൺസെടുത്തിരുന്നു താരം.
സഞ്ജു സാംസണെ ഇന്ത്യ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ പരിഗണിക്കണമായിരുന്നോ എന്ന വിഷയത്തില്‍ പ്രമുഖ സ്പോര്‍ട്സ് ചാനല്‍ ഗ്രൂപ്പായ സ്റ്റാർ സ്പോർട്സ് ഈ അടുത്തിടെ നടത്തിയ സർവ്വേ വൈറലായിരുന്നു. ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനിടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ സഞ്ജുവിന് അനുകൂലമായാണ് വലിയൊരു വിഭാഗം ആളുകളും പ്രതികരിച്ചത്. പോൾ ചെയ്യപ്പെട്ട വോട്ടുകളിൽ 76% ആളുകളും സഞ്ജുവിനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്ന് പ്രതികരിച്ചു. 24 ശതമാനം ആളുകൾ മാത്രമാണ് സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനമർഹിക്കുന്നില്ല എന്ന് കരുതുന്നത്.