'രോഹിതിന്‍റെ ഉപദേശങ്ങൾ ഹര്‍ദിക് അവഗണിച്ചു, തല്ല് വാങ്ങിക്കൂട്ടി'; വിമർശനവുമായി കൈഫ്
|കമന്‍ററി ബോക്‌സിലിരിക്കെയാണ് കൈഫിന്റെ വിമർശനം
ആദ്യ മൂന്ന് മത്സരങ്ങളിൽ തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്കെതിരെ നേരത്തേ മുതൽ തന്നെ മുൻ താരങ്ങളും ആരാധകരും വിമര്‍ശനവുമായി രംഗത്തുണ്ട്. ഹർദികിന്റെ ക്യാപ്റ്റൻസി ശരാശരിക്കും താഴെയാണെന്നും മോശമാണെന്നുമൊക്കെ പ്രതികരണമുയര്‍ന്നു. താരം ചില മത്സരങ്ങളിൽ ആദ്യം പന്തെറിയാൻ തീരുമാനമെടുത്തത്, ബുംറയെ ചില മത്സരങ്ങളില്‍ കൃത്യമായി ഉപയോഗപ്പെടുത്താത്തത്, റാഷിദ് ഖാനെ നേരിടാൻ ഭയപ്പെട്ടത്.. അങ്ങനെയങ്ങനെ ചൂണ്ടിക്കാട്ടാൻ കാരണങ്ങളേറെയായിരുന്നു.
കഴിഞ്ഞ ദിവസം വാംഖഡേയിൽ മുംബൈ പരാജയപ്പെട്ടെങ്കിലും പാണ്ഡ്യക്കെതിരായ വിമർശനങ്ങൾക്ക് കുറവൊന്നുമില്ല. ഹർദിക് രോഹിതിന്റെ ഉപദേശങ്ങൾ പാടെ അവഗണിക്കുന്നു എന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത്. കമന്‍ററി ബോക്‌സിൽ ഇരുന്നായിരുന്നു കൈഫിന്റെ വിമർശനം. ദിനേശ് കാർത്തിക്ക് ബാറ്റ് ചെയ്യുമ്പോൾ ഓഫ് സൈഡിൽ ഫീൽഡറെ നിർത്താൻ പലവുരു രോഹിത് ആവശ്യപ്പെട്ടെന്നും എന്നാൽ അത് കൂട്ടാക്കാത്തതിനെ തുടർന്ന് ഓഫ് സൈഡിലൂടെ കാർത്തിക് തുടരെ ബൗണ്ടറികൾ കണ്ടെത്തിയെന്നും കൈഫ് ചൂണ്ടിക്കാട്ടി.
'ദിനേശ് കാർത്തിക്ക് ഓഫ് സൈഡിൽ കളിക്കുമെന്ന് രോഹിതിന് നന്നായി അറിയാം. അത് കൊണ്ടാണ് അദ്ദേഹം ഫീൽഡറെ ഉപയോഗിക്കാൻ ഹർദികിനെ ഉപദേശിച്ചത്. പക്ഷെ പാണ്ഡ്യ അത് ചെവികൊള്ളാൻ കൂട്ടാക്കിയില്ല. പിന്നീട് കാർത്തിക്ക് ആ വശത്തേക്ക് തുടരെ മൂന്ന് ബൗണ്ടറി പായിക്കുന്നത് നമ്മൾ കണ്ടു'- കാര്‍ത്തിക്ക് പറഞ്ഞു.
അതേ സമയം എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി ഐപിഎല്ലിൽ ശക്തമായ തിരിച്ചുവരവാണ് മുംബൈ ഇന്ത്യൻസ് നടത്തിയത്. ആര്‍.സി.ബിയെ ഏഴ് വിക്കറ്റിനാണ് മുംബൈ ഇന്നലെ തകർത്തത്. ആർസിബി വിജയലക്ഷ്യമായ 197 റൺസ് 27 പന്തുകൾ ബാക്കിനിൽക്കെ മുൻ ചാമ്പ്യൻമാർ മറികടന്നു. 34 പന്തിൽ 64 റൺസുമായി ഇഷാൻ കിഷൻ ടോപ് സ്‌കോററായി. പരിക്ക് മാറി മടങ്ങിയെത്തി രണ്ടാം മത്സരം കളിച്ച സൂര്യകുമാർ യാദവ് (19 പന്തിൽ 52), രോഹിത് ശർമ്മ എന്നിവരുടെ (24 പന്തിൽ 38) പ്രകടനങ്ങള്‍ മുംബൈ വിജയത്തില്‍ നിര്‍ണായകമായി. ബാറ്റിങിനിറങ്ങിയവരെല്ലാം അടിച്ചുതകർത്ത മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും മുംബൈക്ക് ഭീഷണിയാകാൻ ബെംഗളൂരുവിനായില്ല. സീസണിലെ രണ്ടാം ജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ പോയന്റ് ടേബിളിൽ ടീം ഏഴാംസ്ഥാനത്തേക്കുയർന്നു. സ്‌കോർ: ആർസിബി 20 ഓവറിൽ എട്ടിന് 196, മുംബൈ: 15.3 ഓവറിൽ 199-3.