Sports
ലോകകപ്പിന് ശേഷം ഹര്‍ദിക് വിരമിക്കും...; രവി ശാസ്ത്രിയുടെ പ്രവചനം ഇങ്ങനെ
Sports

''ലോകകപ്പിന് ശേഷം ഹര്‍ദിക് വിരമിക്കും...''; രവി ശാസ്ത്രിയുടെ പ്രവചനം ഇങ്ങനെ

Web Desk
|
25 July 2022 1:37 PM GMT

''താരങ്ങള്‍ അവര്‍ക്ക് താല്‍പര്യമുള്ള ഫോര്‍മാറ്റുകള്‍ മാത്രം തെരഞ്ഞെടുത്ത് കളിക്കുന്നത് ഭാവിയില്‍ കാണാം''

ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൌണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ 2023 ലോകകപ്പോടെ വിരമിച്ചേക്കുമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇംഗ്ലണ്ട് ഓള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്സ് ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ക്കൂടിയാണ് രവി ശാസ്ത്രി തന്‍റെ നിരീക്ഷണത്തെക്കുറിച്ച് പറഞ്ഞത്. മൂന്ന് ഫോർമാറ്റുകളിലും ഒരുപോലെ കളിക്കുന്നത് ഓള്‍റൌണ്ടര്‍മാരെ സംബന്ധിച്ച് പ്രയാസമാണെന്നാണ് രവി ശാസ്ത്രി ചൂണ്ടിക്കാട്ടുന്നത്. ഇതേകാരണം പറഞ്ഞാണ് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം ക്യാപ്റ്റൻ കൂടിയായ സ്റ്റോക്സ് ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

'ഏകദിന ക്രിക്കറ്റിന്‍റെ പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും നിശ്ചിത ഇടവേളകളില്‍ നടന്നുവരുന്ന ലോകകപ്പ് ഉള്ളതുകൊണ്ട് ഏകദിന ക്രിക്കറ്റ് ഈ സാഹചര്യങ്ങളെ അതിജീവിക്കും. ടി20 ലോകകപ്പായാലും ഏകദിന ലോകകപ്പായാലും ഐ.സി.സി ആ ടൂര്‍ണമെന്‍റുകള്‍ക്ക് പ്രാധാന്യം നല്‍കണം. ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്രസക്‌തി അതിന്‍റെ പാരമ്പര്യവും മറ്റ് വൈകാരിക തലവും കണക്കിലെടുക്കുമ്പോള്‍ ഒരിക്കലും കുറയില്ല. ഏത് ഫോര്‍മാറ്റില്‍ കളിക്കണമെന്ന് താരങ്ങള്‍ തീരുമാനിച്ചു തുടങ്ങിയ കാലത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്'. രവി ശാസ്ത്രി പറഞ്ഞു

ഹാര്‍ദിക് പാണ്ഡ്യയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് ടി20 ക്രിക്കറ്റ് കളിക്കാനാണ് കൂടുതല്‍ താല്‍പര്യം. 2023 ല്‍ വരാനിരിക്കുന്ന ലോകകപ്പിലും കൂടെയേ ഹാര്‍ദിക് പാണ്ഡ്യ ഏകദിനത്തിലുണ്ടാകൂ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതിന് ശേഷം അദ്ദേഹം ഏകദിനത്തില്‍ നിന്ന് വിരമിച്ചേക്കും. മറ്റ് താരങ്ങളും ഇതുപോലെ അവര്‍ക്ക് താല്‍പര്യമുള്ള ഫോര്‍മാറ്റുകള്‍ മാത്രം തെരഞ്ഞെടുത്ത് കളിക്കുന്നത് ഭാവിയില്‍ കാണാം'. രവി ശാസ്ത്രി പറഞ്ഞു.

Similar Posts