'അത് പറയാതെ വയ്യ'; ഡ്രസ്സിങ് റൂമിൽ സൂര്യയെ പ്രശംസ കൊണ്ട് മൂടി ഹർദിക്, വീഡിയോ വൈറൽ
|ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ച ശുഭ്മാൻ ഗില്ലിനേയും റിയാൻ പരാഗിനേയും പ്രശംസിച്ച ശേഷം ഹർദിക് തിരിഞ്ഞത് സൂര്യക്ക് നേരെയാണ്
ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ഗംഭീർ യുഗത്തിന് തുടക്കം കുറിക്കപ്പെട്ട് കഴിഞ്ഞു. തോൽവിയുടെ വക്കിൽ നിന്ന് അവസാന ഏകദിനത്തിൽ പന്തുമായി ക്യാപ്റ്റൻ രക്ഷക വേഷമെടുത്തണിഞ്ഞതും സൂപ്പർ ഓവറിലെ വിജയവുമൊക്കെ ആരാധകരെ ആവേശക്കൊടുമുടി കയറ്റി. ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞ അവസാന പോരാട്ടത്തിൽ ടി20 ക്രിക്കറ്റിൽ മുമ്പൊരിക്കൽ പോലും പന്തെറിഞ്ഞ് പരിചയമില്ലാത്ത റിങ്കു സിങ്ങും സൂര്യയും ചേർന്നാണ് കളിപിടിച്ചത്.
മത്സര ശേഷം ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ വച്ച് കോച്ച് ഗംഭീറും ഹർദിക് പാണ്ഡ്യയും ചേർന്ന് നടത്തിയ അഭിനന്ദന പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. തന്റെ പ്രഭാഷണത്തിനിടെ സൂര്യയെ വാനോളം പുകഴ്ത്തിയ ഹർദിക് ഇന്ത്യൻ ഡ്രസ്സിങ് റൂമിനെ ചുറ്റി ഉയർന്ന വിവാദങ്ങൾക്കൊക്കെ ഫുൾ സ്റ്റോപ്പിട്ടു. ടീമിലെ ഓരോരുത്തരേയും പേരെടുത്ത് അഭിനന്ദിച്ച ഗംഭീർ ഹർദിക് ഊഴം കൈമാറി.
ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ച ശുഭ്മാൻ ഗില്ലിനേയും റിയാൻ പരാഗിനേയും പ്രശംസിച്ച ശേഷം ഹർദിക് തിരിഞ്ഞത് സൂര്യക്ക് നേരെയാണ്. ഇതോടെ ക്യാമറയും സൂര്യക്ക് മുന്നിലായി. ഹർദിക് പറഞ്ഞ് തുടങ്ങിയത് ഇങ്ങനെ.
'ഗൗതം ഭായി സൂചിപ്പിച്ചത് പോലെ സൂര്യ ബോളിങ് റൊട്ടേഷൻ നടത്തിയ രീതി അഭിനന്ദനാർഹമാണ്. ബോളർമാരിൽ നിങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തെ കുറിച്ച് എടുത്ത് പറയാതെ വയ്യ. അഭിനന്ദനങ്ങൾ'- ഹർദിക് പറഞ്ഞു വച്ചു. ബി.സി.സി.ഐ ഒഫീഷ്യൽ പേജിൽ പങ്കുവച്ച വീഡിയോ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
മൂന്നാം ടി20 ക്ക് ശേഷം വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ സഹതാരങ്ങൾക്കാണ് ഇന്ത്യൻ നായകൻ നൽകിയത്. 20ാം ഓവർ എറിഞ്ഞ് രണ്ട് വിക്കറ്റ് നേടിയ തന്നേക്കാൾ ഈ ജയത്തിന്റെ ക്രെഡിറ്റ് ഗില്ലിനും പരാഗിനുമാണെന്ന് സൂര്യ പറഞ്ഞു.' 48 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ മൂന്നക്കം കടത്തിയത് ഗില്ലും പരാഗും ചേർന്നാണ്. കളിയിൽ നിർണായകമായതും ആ പോരാട്ടം തന്നെ'- സൂര്യ മനസ്സ് തുറന്നു. നായകനായ ശേഷമുള്ള ആദ്യ പരമ്പര തൂത്തു വാരിയ സൂര്യയെ തേടി തന്നെ മാൻ ഓഫ് ദ സീരിസ് പുരസ്‌കാരവുമെത്തിയത് ഇരട്ടി മധുരമായി. ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റ് കൊണ്ട് കളംനിറഞ്ഞ ഇന്ത്യൻ നായകൻ അവസാന ഓവറിൽ ആരും നിനച്ചിരിക്കാത്ത നേരത്താണ് പന്ത് കൊണ്ട് കളംപിടിച്ചത്.