ബാറ്റർവരെ കയ്യടിച്ചു; ബൗണ്ടറി ലൈനിൽ ഹാരി ബ്രൂക്കിന്റെ അവിശ്വസനീയ പ്രകടനം
|മായങ്ക് മാർകണ്ഡേ എറിഞ്ഞ പത്താം ഓവറിലാണ് ലോങ് ഓണിൽ ബ്രൂക്ക് അതിശയിപ്പിക്കുന്ന ഫീൽഡിങ് പ്രകടനം കാഴ്ചവച്ചത്
ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് താരം ഹാരി ബ്രൂക്ക് നടത്തിയൊരു അവിശ്വസനീയ ഫീൽഡിങ് പ്രകടനത്തിന് കയ്യടിക്കുകയാണിപ്പോൾ ക്രിക്കറ്റ് ലോകം. മിച്ചൽ മാർഷിന്റെ സിക്സർ എന്നുറപ്പിച്ചൊരു ഷോട്ട് ലോങ് ഓണില്‍ പറന്നുയർന്ന് സേവ് ചെയ്യുകയായിരുന്നു ബ്രൂക്ക്.
മായങ്ക് മാർകണ്ഡേ എറിഞ്ഞ പത്താം ഓവറിലാണ് ബ്രൂക്ക് അതിശയിപ്പിക്കുന്ന ഫീൽഡിങ് പ്രകടനം പുറത്തെടുത്തത്. ഡേവിഡ് ബ്രൂക്കിന്റെ പ്രകടനം കണ്ട് ബാറ്റർ മിച്ചൽ മാർഷ് വരെ കയ്യടിച്ചു. ബൗണ്ടറി ലൈനിന് അകത്ത് വച്ച് പന്ത് ക്യാച്ച് ചെയ്യാനാവുമായിരുന്നെങ്കിൽ ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി അത് രേഖപ്പെടുത്തപ്പെടുമായിരുന്നു എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒമ്പത് റണ്‍സിനായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിജയം. സ്കോർബോർഡ് ചുരുക്കത്തിൽ: ഹൈദരാബാദ്: 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 197. ഡൽഹി കാപിറ്റൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 188.
ഫിലിപ്പ് സാൾട്ട്(59) മിച്ചൽ മാർഷ്(63) എന്നിവരിലൂടെ ഡൽഹി തിരിച്ചടിച്ചെങ്കിലും മധ്യനിരയിൽ നിന്നും വാലറ്റത്ത് നിന്നും കാര്യമായ സംഭാവന കിട്ടാതായതോടെയാണ് റൺറേറ്റ് ഉയർന്നതും വിജയലക്ഷ്യം അകന്നതും. സാള്‍ട്ടും മാര്‍ഷും ക്രീസിലുണ്ടായിരുന്നപ്പോള്‍ ഡല്‍ഹി ക്യാമ്പില്‍ ചിരി പ്രകടമായിരുന്നു. എന്നാല്‍ ഇരുവരും പുറത്തായതും മനീഷ് പാണ്ഡെ അടക്കമുള്ള മധ്യനിര പരാജയപ്പെട്ടതും ഡല്‍ഹിയെ നിരാശരാക്കി. നായകൻ ഡേവിഡ് വാർണർ പൂജ്യത്തിന് പുറത്തായി. ഹൈദരാബാദിന് വേണ്ടി മായങ്ക് മാർക്കണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ഓപ്പണർ അഭിഷേക് ശർമ്മ 67 റൺസടുത്ത് ടോപ് സ്കോററായി. ദക്ഷിണാഫ്രിക്കൻ താരം ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ഹൈദരാബാദിന്റെ സ്കോർ 190 കടത്തിയത്. 27 പന്തില്‍ നിന്ന് 53 റണ്‍സാണ് ക്ലാസന് വേഗത്തില്‍ നേടിയത്. താരത്തെ പുറത്താക്കാനും കഴിഞ്ഞില്ല. എട്ട് മത്സരങ്ങളിൽ നിന്നും ഡൽഹിയുടെ ആറാം തോൽവിയാണിത്.
എട്ട് മത്സരങ്ങളിൽ നിന്നും ഹൈദരാബാദിന്റെ മൂന്നാം ജയം. എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. 12 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസാണ് ഒന്നാം സ്ഥാനത്ത്. രാജസ്ഥാൻ റോയൽസ് പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.