Sports
suryakumar yadav

suryakumar yadav

Sports

''സ്കൈ എത്ര ഭാഗ്യവാന്‍''; ലോകകപ്പ് സ്ക്വാഡില്‍ സൂര്യയെ ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനം

Web Desk
|
5 Sep 2023 2:56 PM GMT

അവസാന 15 ഏകദിനങ്ങളില്‍ വെറും 201 റൺസാണ് സൂര്യയുടെ സമ്പാദ്യം

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ടീമില്‍ വലിയ സര്‍പ്രൈസുകളൊന്നുമില്ലെങ്കിലും ചില താരങ്ങളുടെ അഭാവവും ചിലതാരങ്ങള്‍ അപ്രതീക്ഷിതമായി ടീമില്‍ ഇടംപിടിച്ചതും ആരാധകരെയും മുന്‍ താരങ്ങളേയുമൊക്കെ ചൊടിപ്പിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണേയും സ്പിന്നര്‍ യുസ്‍വേന്ദ്ര ചാഹലിനനേയും ഒഴിവാക്കിയതില്‍ വന്‍വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതേ സമയം ഏകദിനത്തില്‍ വലിയ റെക്കോര്‍ഡുകളൊന്നുമില്ലാത്ത സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ അത്ഭുതം കൂറുന്നുമുണ്ട് ആരാധകര്‍.

അവസാന 15 ഏകിനങ്ങളില്‍ വെറും 201 റൺസാണ് സൂര്യയുടെ സമ്പാദ്യം. അതില്‍ ഒരൊറ്റ അർധസെഞ്ചുറി പോലുമില്ല. 13,9,8,4,34*,6,4,31,14,0,0,0,19,24,35 എന്നിങ്ങനെയാണ് സൂര്യയുടെ സ്കോറുകള്‍. ബാറ്റിങ് ആവറേജ് 14.35 . കരിയറില്‍ ആകെ 26 ഏകദിനം കളിച്ച സൂര്യ രണ്ട് തവണയാണ് അർധ ശതകം നേടിയത്. മാർച്ചിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തുടരെ പൂജ്യത്തിനു പുറത്തായി നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കി. ഏകദിനത്തില്‍ സൂര്യയേക്കാള്‍ ഏറെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിന്‍റേത് എന്നിരിക്കേ സഞ്ജു തഴയപ്പെട്ടതിലുള്ള അമര്‍ഷം പരസ്യമാക്കുന്നുണ്ട് ആരാധകര്‍.ഏകദിനത്തിൽ 55.71 റൺ ആവറേജും 104 സ്ട്രൈക്ക് റേറ്റുമുണ്ട് സഞ്ജുവിന്.

സൂര്യയെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ അത്ഭുതം കൂറുന്നവരില്‍ മുന്‍ താരങ്ങളുമുണ്ട്. ലോകകപ്പ് ടീമിൽ ഉൾപ്പെട്ട സൂര്യ ഭാഗ്യവാനാണെന്ന് മുൻ ഓസീസ് താരം ടോം മൂഡി പറഞ്ഞു. സൂര്യക്ക് പകരം തിലക് വർമയെ ടീമിൽ ഉൾപ്പെടുത്താമായിരുന്നു എന്നും മൂഡി കൂട്ടിച്ചേർത്തു.

''സൂര്യ ഭാഗ്യവാനാണ്. പ്രത്യേകിച്ച് മിഡിൽ ഓർഡറിൽ അദ്ദേഹത്തേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന തിലക് വർമയെ പോലുള്ളവർ പുറത്തിരിക്കുമ്പോൾ''- മൂഡി പറഞ്ഞു.

ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(നായകൻ). ഹര്‍ദിക് പാണ്ഡ്യ(ഉപനായകന്‍). ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഇഷൻ കിഷൻ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

വീണ്ടും ലോകകപ്പ് ഇന്ത്യൻ മണ്ണിലെത്തുമ്പോൾ ഇരട്ടി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2013ലെ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഒരു ഐ.സി.സി കിരീടം ഇന്ത്യയ്ക്ക് നേടാനായിട്ടില്ല. ഇന്ത്യ ആതിഥ്യംവഹിച്ച 2011 ലോകകപ്പിലെ ചരിത്രം ആവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മൂന്നു പതിറ്റാണ്ടോളം നീണ്ട ഇന്ത്യന്‍ ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച മഹേന്ദ്ര സിങ് ധോണിയുടെയും സംഘത്തിന്‍റെയും മാജിക്ക് രോഹിത് ശര്‍മയുടെ പടയ്ക്ക് ആവര്‍ത്തിക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Similar Posts