Sports
7-8 kilos, ill,Rinku singh, 5 sixes,Hardik pandya,Yash Dayal,condition

ഒരോവറില്‍ അഞ്ച് സിക്സര്‍ വഴങ്ങിയ നിരാശയില്‍ തളര്‍ന്നിരിക്കുന്ന യാഷ് ദയാലും(ഇടത്ത്) ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും(വലത്ത്)

Sports

'ആ സംഭവത്തിന് ശേഷം യാഷ് ആകെ തളര്‍ന്നു, ഒറ്റയടിക്ക് കുറഞ്ഞത് എട്ട് കിലോയോളം'; താരം മോശം അവസ്ഥയിലെന്ന് ഹര്‍ദിക് പാണ്ഡ്യ

Web Desk
|
26 April 2023 12:19 PM GMT

''കൊല്‍ക്കത്തക്കെതിരായ ആ മത്സരശേഷം യാഷ് ദയാല്‍ അസുഖബാധിതനായി, പെട്ടെന്ന് ഏഴെട്ട് കിലോയോളം ശരീരഭാരവും കുറഞ്ഞു...''

ഐ.പി.എല്ലില്‍ അമാനുഷിക പ്രകടനത്തോടെ അവസാന ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്സറടിച്ച് റിങ്കു സിങ് എന്ന 25കാരന്‍ ലോകം കീഴടക്കുമ്പോള്‍ മറ്റൊരു 25കാരന്‍ മുഖം പൊത്തിക്കരയുന്നുണ്ടായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് സംഭവിച്ചത് ആ ചെറുപ്പക്കാരന്‍റെ ഓവറിലായിരുന്നു. യാഷ് ദയാലിന്‍റെ ഓവറില്‍...

റിങ്കുവും കൊല്‍ക്കത്തയും വിജയം ആഘോഷിക്കുമ്പോള്‍ ഗുജറാത്ത് ബൌളര്‍ യാഷ് ദയാല്‍ ഹെഡ് ബാന്‍ഡ് കൊണ്ട് മുഖം പൊത്തിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ആ മത്സരത്തിന് ശേഷം പിന്നീട് യാഷ് ദയാലിനെ ഐ.പി.എല്‍ വേദിയില്‍ കണ്ടതേയില്ല. ഇക്കാര്യത്തില്‍ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ തന്നെ താരത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. യാഷ് ദയാലിന് ആ മത്സരത്തിന് ശേഷം അസുഖം പിടിപെട്ടെന്നും 7-8 കിലോയോളം ഭാരമാണ് ഒറ്റയടിക്ക് കുറഞ്ഞതെന്നും ഹര്‍ദിക് പാണ്ഡ്യ പറയുന്നു.

29 റണ്‍സ് പ്രതിരോധിക്കേണ്ട ഓവറില്‍ അവിശ്വസനീയമാംവിധത്തില്‍ തകര്‍ന്നുപോകുക, എറിയുന്ന പന്തെല്ലാം സിക്സറടിച്ച് എതിര്‍ ടീം വിജയിക്കുക. അവസാന ഓവറില്‍ അഞ്ച് സിക്സര്‍ വഴങ്ങി കളി തോല്‍ക്കേണ്ടി വരുന്ന ഒരു ബൌളറുടെ മാനസികാവസ്ഥ അത്രയും മോശമായിരിക്കും.ഒരൊറ്റ ഓവര്‍ കൊണ്ട് ദുരന്തനായകനായി മാറിയ യാഷ് ദയാലിന് പിന്നീട് സംഭവിച്ചതിനെക്കുറിച്ച് നായകന്‍ ഹര്‍ദിക് പാണ്ഡ്യ പറയുന്നത് ഇങ്ങനെ

''കൊല്‍ക്കത്തക്കെതിരായ ആ മത്സരശേഷം യാഷ് ദയാല്‍ അസുഖബാധിതനായി, പെട്ടെന്ന് ഏഴെട്ട് കിലോയോളം ശരീരഭാരവും കുറഞ്ഞു. ആ മത്സരം യാഷിനെ ശാരീരികമായും മാനസികമായും തളര്‍ത്തി. ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയില്ല. ഈ സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ യാഷ് ദയാല്‍ കളിക്കുന്ന കാര്യം സംശയമാണെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. ഒരാളുടെ നഷ്ടം മറ്റൊരാള്‍ക്ക് നേട്ടമായി മാറുകയെന്നത് സ്വാഭാവികമാണെന്നും ഹര്‍ദിക് പറഞ്ഞു.

യഷ് ദയാലിന് പകരം പിന്നീട് മോഹിത് ശര്‍മയെയാണ് ഗുജറാത്ത് ടീമില്‍ പരീക്ഷിച്ചത്. നാല് മത്സരങ്ങളില്‍ വെറും 6.15 എക്കോണമിയില്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി മോഹിത് ശര്‍മ കിട്ടിയ അവസരം ഗംഭീരമാക്കുകയും ചെയ്തു.

Similar Posts