ഏഷ്യാ കപ്പ് ഹോക്കി: ആവേശപ്പോരിൽ ഇന്ത്യയെ സമനിലയില്‍ തളച്ച് പാകിസ്താൻ
|അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കാർത്തി ശെൽവമാണ് ചാംപ്യന്മാരായ ഇന്ത്യയ്ക്കായി ഗോൾ നേടിയത്
ജക്കാർത്ത: ഏഷ്യാ കപ്പ് ഹോക്കി ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ പാകിസ്താനോട് ഇന്ത്യയ്ക്ക് സമനില. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ ജി.ബി.കെ അറീനയിൽ നടന്ന പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയെ പാകിസ്താൻ 1-1ന് തളക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കാർത്തി ശെൽവമാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
ചാംപ്യൻ ടീമെന്ന മാനസിക മേൽക്കോയ്മയിലാണ് ടീം ഇന്ത്യ ഇന്ന് പോരാട്ടത്തിനിറങ്ങിയത്. എന്നാൽ, അവസാന നിമിഷംവരെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ ഇരുഭാഗത്തും നിരവധി അവസരങ്ങൾ തുറന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ ഇരുടീമിനുമായില്ല. ആദ്യ ക്വാർട്ടർ അവസാനിക്കാൻ ആറു മിനിറ്റ് മാത്രം ബാക്കിനിൽക്കുമ്പോഴായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ പിറന്നത്. എതിർനിരയുടെ പിഴവിൽനിന്ന് ലഭിച്ച പെനാൽറ്റി കോർണർ അവസരം പാക് പ്രതിരോധനിരയിലെ മുഹമ്മദ് അബ്ദുല്ലയെയും വെട്ടിച്ച് കടത്തി കാർത്തി ശെൽവം ഗോളാക്കി മാറ്റി.
കളി പുനരാരംഭിച്ച് അധികം വൈകാതെ തന്നെ പാകിസ്താന്റെ അബ്ദുൽ റാണ തൊടുത്തു വിട്ട പന്ത് കണ്ണഞ്ചിപ്പിക്കുന്ന സേവിലൂടെ ഇന്ത്യൻ ഗോൾകീപ്പർ സുരാജ് കർകേര തട്ടിയകറ്റി. ഒരു പെനാൽറ്റി ഗോൾ അവസരംകൂടി പാകിസ്താൻ പാഴാക്കിയപ്പോൾ രണ്ടാം ക്വാർട്ടറിന്റെ അവസാനത്തിലും ഇന്ത്യ മുന്നിൽ.
മൂന്നാം ക്വാർട്ടർ ആരംഭിച്ച് അഞ്ചാം മിനിറ്റിൽ വീണ്ടും കർക്കേരയുടെ അവിസ്മരണീയ സേവ്. ഇത്തവണയും അബ്ദുൽ റാണയുടെ ഗോൾശ്രമമാണ് കർകേര തടുത്തിട്ടത്. എന്നാൽ, മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ വിജയമോഹങ്ങൾ തകർത്ത് പാക് ഗോൾ. പെനാൽറ്റി കോർണർ ആണ് പാക് താരം അബ്ദുൽ റാണ ഗോളാക്കിമാറ്റിയത്.
Summary: Asia Cup Hockey 2022: Pakistan score late to hold India to a 1-1 draw