ഒളിമ്പിക്സ് ഹോക്കി: അർജൻറീനക്കെതിരെ അവസാന മിനുറ്റിൽ സമനില പിടിച്ച് ഇന്ത്യ
|പാരിസ്: ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തോളം പോന്ന സമനില. പൂൾ ബിയിൽ അർജൻറീനക്കെതിരെ നടന്ന മത്സരത്തിൽ കളിയവസാനിക്കാൻ മിനുറ്റുകൾ മാത്രം ബാക്കി നിൽക്കേ ക്യാപ്റ്റൻ ഹർമൻപ്രീത് സിങാണ് പെനൽറ്റിയിലൂടെ ഇന്ത്യക്ക് സമനില നൽകിയത്.
22ാം മിനുറ്റിൽ ലൂക്കാസ് മാർട്ടിനസിലൂടെ ലീഡ് നേടിയ അർജൻറീന മൂന്നുപോയൻറുകൾ നേടാൻ തയ്യാറെടുക്കവേയായിരുന്നു ഇന്ത്യയുടെ മാസ് എൻ്രട്രി. മത്സരത്തിൽ പത്ത് പെനൽറ്റികൾ ഇന്ത്യക്കഎ ലഭിച്ചിരുന്നെങ്കിലും മുതലെടുക്കാനായില്ല. അവസാന മിനിറ്റുകളിൽ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനെ പിൻവലിച്ച് മുന്നേറ്റ നിരയിലേക്ക് താരത്തെ നിയോഗിച്ച ഇന്ത്യ സമനില ഗോളിനായി ആഞ്ഞുശ്രമിക്കുകയായിരുന്നു.
വിജയത്തോടെ ഇന്ത്യക്ക് രണ്ടുമത്സരങ്ങളിൽ നിന്നും 4 പോയൻറായി. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ തോൽപ്പിച്ചിരുന്നു. ചൊവ്വാഴ്ച അയർലൻഡുമായാണ് അടുത്ത മത്സരം. അവസാന രണ്ടുമത്സരങ്ങളിൽ ശക്തരായ ആസ്ട്രേലിയയും ബെൽജിയവുമാണ് ഇന്ത്യയുടെ എതിരാളികൾ. ആറ് ടീമുകളുള്ള പൂളിൽ നിന്നും കൂടുതൽ പോയൻറ് നേടുന്ന നാല് ടീമുകളാണ് ക്വാർട്ടറിലേക്ക് മുന്നേറുക.