‘പിന്തുണച്ചവർക്കെല്ലാം നന്ദി’; വിരമിക്കൽ പ്രഖ്യാപിച്ച് പി.ആർ ശ്രീജേഷ്
|ന്യൂഡൽഹി: ഈ മാസം തുടങ്ങുന്ന പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾകീപ്പറും മലയാളിയുമായ പി.ആർ ശ്രീജേഷ്. 2006 മുതൽ ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയ ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്.
‘‘അന്താരാഷ്ട്ര ഹോക്കിയിലെ അവസാന അധ്യായത്തിൻ്റെ വക്കിൽ നിൽക്കുേമ്പാൾ എൻ്റെ ഹൃദയം നന്ദിയാൽ വീർപ്പുമുട്ടുന്നു.എെൻറ കുടുംബത്തിൽ നിന്നും സഹതാരങ്ങളിൽ നിന്നും കോച്ചിൽ നിന്നും ആരാധകരിൽ നിന്നും ലഭിച്ച പിന്തുണക്ക് എന്നും നന്ദിയുള്ളവനായിരിക്കും. 2020 ടോക്യോ ഒളിമ്പിക്സിൽ മെഡലണിഞ്ഞത് ഒരു സ്വപ്നത്തിെൻറ സാക്ഷാത്കാരമായിരുന്നു’’ -ശ്രീജേഷ് സമൂഹമാധ്യമായ എക്സിൽ കുറിച്ചു.
1988ന് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്താണ് ശ്രീജേഷിെൻറ ജനനം. 12ാം വയസ്സിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ ചേർന്നു. ഇന്ത്യൻ ജൂനിയർ ടീമിനായി നടത്തിയ മികച്ച പ്രകടനങ്ങളാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. 2016 റിയോ ഒളിമ്പിക്സിലെ ഇന്ത്യൻ സംഘത്തെ നയിച്ചത് ശ്രീജേഷായിരുന്നു. 2021 ടോക്യോ ഒളിമ്പിക്സിൽ ജർമനിയെ തോൽപ്പിച്ച് ഇന്ത്യ വെങ്കല മെഡൽ നേടുേമ്പാൾ തുണയായത് ശ്രീജേഷിെൻറ നിർണായക പ്രകടനങ്ങളായിരുന്നു.
2022 കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ, 2023 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, 2022 ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ എന്നീ നേട്ടങ്ങളിലും ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു. 2021ൽ രാജ്യം കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേൽ രത്ന നൽകി ആദരിച്ചു.