'ആ വലിയ നേട്ടവും രോഹിത് എത്തിപ്പിടിക്കും'; പ്രതീക്ഷ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ താരം
|ഏഴ് ലോകകപ്പ് സെഞ്ച്വറികളാണ് രോഹിതിന്‍റെ പേരിലുള്ളത്
അഫ്ഗാനെതിരായ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കടപുഴക്കിയത്. ഏകദിന ലോകകപ്പിൽ കൂടുതൽ സെഞ്ച്വറി, ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ആയിരം റൺസ് വേഗതയിൽ പൂർത്തിയാക്കിയ താരം, അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ സിക്സുകൾ തുടങ്ങി ഒറ്റ മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകന്‍ കുറിച്ചത്
അഫ്ഗാനെതിരെ 63 പന്തിൽ സെഞ്ച്വറി നേടിയതോടെ രോഹിത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ആറ് സെഞ്ച്വറി നേട്ടമാണ് മറികടന്നത്. ഏഴ് ലോകകപ്പ് സെഞ്ച്വറികളാണ് രോഹിതിന്‍റെ പേരിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടിയും കൂടുതൽ സിക്സറടിക്കുന്ന താരമാണ് രോഹിത് . 63 പന്തിൽ സെഞ്ച്വറിയടിച്ച രോഹിത് മുൻ ഇന്ത്യൻ നായകൻ കപിൽദേവിന്റെ റെക്കോർഡും ഭേദിച്ചു. 72 പന്തിലാണ് കപിൽ സെഞ്ച്വറിയടിച്ചിരുന്നത്. അന്നത്തെ ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുകയും ചെയ്തിരുന്നു. ഇന്ന് അഞ്ച് സിക്സും 16 ഫോറുകളുമാണ് ഹിറ്റ്മാൻ അടിച്ചുകൂട്ടിയത്.
ഇപ്പോഴിതാ ഇന്ത്യന്‍ നായകനെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും 2011 ല്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്. രോഹിതിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പില്‍ മുത്തമിടുമെന്ന് യുവരാജ് പറഞ്ഞു.
''രോഹിത് നിരവധി റെക്കോർഡുകളാണ് തകർത്തത്. ഏത് റെക്കോർഡും അവന് മുന്നില്‍ പഴങ്കഥയാവും. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണവൻ. 31 സെഞ്ച്വറികൾ ഒരു വലിയ നേട്ടമാണ്. അവന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ലോകകപ്പും നേടുമെന്നാണ് പ്രതീക്ഷ''- യുവരാജ് പറഞ്ഞു.