Sports
ഭാവിയിൽ സ്‌റ്റേഡിയങ്ങളും കായിക താരങ്ങളുടെ പേരിലാകുമെന്ന് പ്രതീക്ഷിക്കുന്നു; ഖേൽരത്‌ന പേരുമാറ്റത്തില്‍ പ്രതികരണവുമായി ഇർഫാൻ പഠാൻ
Sports

'ഭാവിയിൽ സ്‌റ്റേഡിയങ്ങളും കായിക താരങ്ങളുടെ പേരിലാകുമെന്ന് പ്രതീക്ഷിക്കുന്നു'; ഖേൽരത്‌ന പേരുമാറ്റത്തില്‍ പ്രതികരണവുമായി ഇർഫാൻ പഠാൻ

Web Desk
|
6 Aug 2021 12:02 PM GMT

രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ പേരിലേക്കു മാറ്റിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ പുറത്തുവരുന്നതിനിടെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ അഭിപ്രായപ്രകടനം

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര നടപടിയിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഭാവിയിൽ സ്റ്റേഡിയങ്ങളുടെ പേരും കായിക താരങ്ങളുടേതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഠാൻ ട്വീറ്റ് ചെയ്തു.

രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ പേരിലേക്കു മാറ്റിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ പുറത്തുവരുന്നതിനിടെയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറുടെ അഭിപ്രായപ്രകടനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പൗരന്മാരുടെ അപേക്ഷ പരിഗണിച്ച് പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നുവെന്നാണ് മോദി ഇന്ന് അറിയിച്ചത്. ജനങ്ങളുടെ വികാരം പരിഗണിച്ചാണ് നടപടിയെന്നും മോദി സൂചിപ്പിച്ചിട്ടുണ്ട്.

ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. കായികതാരത്തിന് അംഗീകാരം ലഭിക്കുന്നു, പുരസ്‌കാരം താരത്തിന്റെ പേരിൽ അറിയപ്പെടുന്നു എന്നതെല്ലാം സ്വാഗതാർഹമാണ്. കായികരംഗത്ത് നടക്കാനിരിക്കുന്ന നിരവധി നീക്കങ്ങളുടെ തുടക്കമാകും ഇതെന്നു പ്രതീക്ഷിക്കുന്നുവെന്നും പഠാൻ ട്വീറ്റ് ചെയ്തു.

അഹ്‌മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി ഇതിനു തുടക്കമിടട്ടെയെന്നാണ് ഒരാൾ പഠാന്റെ ട്വീറ്റിനോട് പ്രതികരിച്ചത്. മൊട്ടേര സ്റ്റേഡിയത്തിന്റെ പേര് മാറ്റി ഈ വർഷം ആദ്യത്തിൽ നരേന്ദ്ര മോദി സ്‌റ്റേഡിയം എന്നു പുനർനാമകരണം നടത്തിയിരുന്നു.

Similar Posts