'റാങ്കിങ്ങിൽ ബാബർ എങ്ങനെ ഒന്നാമതെത്തി'; ഐ.സി.സിക്കെതിരെ വിമര്‍ശനമുന്നയിച്ച് മുൻ പാക് താരം
|കഴിഞ്ഞ ലോകകപ്പിലാണ് ബാബർ അവസാനമായി ഒരു ഏകദിനം കളിച്ചത്
ഐ.സി.സി.യുടെ പുതിയ ഏകദിന റാങ്കിങ് പട്ടികയിൽ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തിയതിനെ ചോദ്യം ചെയ്ത് മുൻ പാക് താരം ബാസിത് അലി. അവസാനമായി കഴിഞ്ഞ വർഷം നവംബറിൽ ഏകദിനം കളിച്ച ശേഷം ബാബർ ഇതുവരെ ഏകദിന ക്രിക്കറ്റിൽ പാക് ജഴ്സിയണിഞ്ഞിട്ടില്ല.
എന്നാൽ ഇക്കുറിയും താരം തന്റെ ഒന്നാം റാങ്ക് നിലനിർത്തി. ഇന്ത്യൻ നായകൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരാണ് രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിൽ.ഐ.സി.സിക്ക് ഒന്നാം റാങ്ക് നൽകാൻ ബാബർ മികച്ച പ്രകടനം പുറത്തെടുക്കേണ്ട ആവശ്യമൊന്നുമില്ലെന്ന് ബാസിത് പരിഹാസ സ്വരത്തിൽ പറഞ്ഞു.
''ആരാണ് ഈ റാങ്കിങ് തയ്യാറാക്കുന്നത്. ബാബർ അസമും ശുഭ്മാൻ ഗില്ലും ഈ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ എങ്ങനെ വന്നു. രചിൻ രവീന്ദ്ര, ട്രാവിസ് ഹെഡ് തുടങ്ങിയവരെയൊന്നും ഈ പട്ടികയിൽ കാണാനാവാത്തത് എന്ത് കൊണ്ടാണ്. ബാബറിന് ഒന്നാം റാങ്ക് നൽകാൻ അയാൾ മികച്ച പ്രകടനം പുറത്തെടുക്കേണ്ട ആവശ്യമൊന്നും ഇല്ലെന്ന് തോന്നുന്നു.
ലോകകപ്പിലാണ് ബാബർ അവസാനമായി ഒരു ഏകദിനം കളിച്ചത്. രചിൻ രവീന്ദ്ര, ട്രാവിസ് ഹെഡ്, വിരാട് കോഹ്ലി, ഡീക്കോക്ക് എന്നിവരൊക്കെ ലോകകപ്പിലുണ്ടായിരുന്നു. മൂന്നോ നാലോ സെഞ്ച്വറികള്‍ വീതം അവർ കുറിച്ചു. പാകിസ്താനായി മുഹമ്മദ് രിസ്വാനും ഫഖർ സമാനുമാണ് സെഞ്ചുറി കുറിച്ചത്. അവർക്കൊക്കെ റാങ്കിങ്ങിൽ എവിടെയാണ് സ്ഥാനം''- ബാസിത് ചോദിച്ചു. അതേ സമയം ശ്രീലങ്കക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് റാങ്കിങ്ങിൽ കുതിപ്പുണ്ടാക്കിയത്.