പാക് താരങ്ങളുടെ പ്രതിഫലത്തിൽ വൻ വർധന; അമ്പരന്ന് ആരാധകർ
|പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശമ്പള വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പാക് ക്രിക്കറ്റ് ബോർഡ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സണ്‍ സാക അഷ്‌റഫ്
ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വർധിപ്പിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. വ്യാഴാഴ്ചയാണ് പാക് താരങ്ങളുടെ പ്രതിഫലത്തിൽ വൻവർധന പ്രഖ്യാപിച്ചത്. 202 ശതമാനമാണ് വര്‍ധന. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശമ്പള വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പാക് ക്രിക്കറ്റ് ബോർഡ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സണ്‍ സാക അഷ്‌റഫ് പറഞ്ഞു.
പുതുക്കിയ കരാർ പ്രകാരം എ.കാറ്റഗറിയിലുള്ള താരങ്ങൾക്ക് പ്രതിമാസം 13.14 ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കുക. ബി. കാറ്റഗറിയിലുള്ള താരങ്ങൾക്ക് 8.76 ലക്ഷം രൂപ വീതം ലഭിക്കും. സി.ഡി കാറ്റഗറിയിലുള്ള താരങ്ങൾക്ക് പ്രതിമാസം 2.19 ലക്ഷം മുതല്‍ 4.38 ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഇതു പ്രകാരം പാക് ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളായി എ കാറ്റഗറി താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് രിസ്‍വാനും ഷഹീന്‍ അഫ്രീദിയും മാറും.
ഇതിനോടൊപ്പം മാച്ച് ഫീയിലും പി.സി.ബി വർധന വരുത്തിയിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് 50 ശതമാനവും ഏകദിന മത്സരങ്ങൾക്ക് 25 ശതമാനവും ടി 20 മത്സരങ്ങൾക്ക് 12.5 ശതമാനവുമാണ് വർധന. ക്രിക്കറ്റ് ബോര്‍ഡിന്‍റെ വാർഷിക വരുമാനത്തിന്റെ 3ശതമാനം താരങ്ങൾക്ക് നൽകുമെന്നും പി.സി.ബി പ്രസ്താവനയിൽ അറിയിച്ചു.
കാറ്റഗറി.എ - ബാബര്‍ അസം, മുഹമ്മദ് രിസ്‍വാന്‍, ഷഹീന്‍ ഷാ അഫ്രീദി
കാറ്റഗറി.ബി- ഫഖര്‍ സമാന്‍, ഹാരിസ് റഊഫ്, ഇമാമുൽ ഹഖ്, മുഹമ്മദ് നവാസ്, നസീം ഷാ, ഷദാബ് ഖാൻ
കാറ്റഗറി.സി- ഇമാദ് വസീം, അബ്ദുല്ല ഷഫീഖ്
കാറ്റഗറി.ഡി- ഫഹീം അഷ്‌റഫ്, ഹസൻ അലി, ഇഫ്തിഖാർ അഹ്മദ്, ഇഹ്‌സാനുല്ല, മുഹമ്മദ് ഹാരിസ്, മുഹമ്മദ് വസീം, സാഇം അയ്യൂബ്, സൽമാൻ അലി, സർഫറാസ് അഹ്മദ്, സൗദ് ഷകീൽ, ഷാനവാസ് ദഹാനി, ഷാൻ മസൂദ്, ഉസാമ മിർ, സമാൻ ഖാൻ