ഐപിഎല്ലിൽ നൂറിലധികം വിക്കറ്റുകൾ; ബൂമ്രയെ മറികടക്കുന്ന റെക്കോർഡുകൾ- എന്നിട്ടും ലേലത്തിലാരും പരിഗണിച്ചില്ല- നിരാശനായി ഈ താരം
|''ഞാൻ ഇതുവരെ കളിച്ച എല്ലാ ടീമിനുവേണ്ടിയും എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രയത്നിച്ചിട്ടുണ്ട്. എന്നെ ഏതെങ്കിലും ടീം ലേലത്തിലെടുക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല''
ഒറ്റരാത്രികൊണ്ട് ക്രിക്കറ്റർമാർ കോടീശ്വരൻമാരാകുന്ന വേദിയാണ് ഐപിഎൽ താരലേലം. യുവതാരങ്ങൾ കോടികൾ വാരുന്നതും പ്രമുഖ താരങ്ങളെ കൈയൊഴിയുന്നതും ഓരോ ലേലത്തിലും കാണുന്നതാണ്. ഇത്തവണ കൊച്ചിയിൽ നടന്ന ലേലത്തിലെ കഥയും മറ്റൊന്നായിരുന്നില്ല. 18.5 കോടിക്കാണ് ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറണിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകയാണിത്. ലേലത്തിൽ രണ്ടാമതെത്തിയത് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനായിരുന്നു. 17.50 കോടിക്കാണ് ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്. 16.25 കോടിക്ക് ചെന്നൈ പാളയത്തിലെത്തിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്ക്സാണ് ഈ ലേലത്തിലെ വിലപിടിച്ച താരങ്ങളിൽ മൂന്നാമൻ.
എന്നാൽ ഇന്ത്യൻ ബൗളർമാർക്ക് എന്നും വലിയ വില ലഭിക്കുന്ന ഐപിഎൽ ലേലത്തിൽ ഇത്തവണ പക്ഷേ ഇന്ത്യയിലെ ഒരു പ്രമുഖ ബൗളറെ എല്ലാ ടീമും കൈയൊഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ബൗളർ ബൂമ്രയേക്കാളും പെട്ടെന്ന് ഐപിഎല്ലിൽ 100 വിക്കറ്റ് തികച്ച താരമാണ് ഇദ്ദേഹം. മുഹമ്മദ് ഷമിയേക്കാളും കൂടുതൽ ഐപിഎൽ വിക്കറ്റും ഇദ്ദേഹത്തിന്റെ പേരിലുണ്ട് എന്നിട്ടും ഒരു ഫ്രാഞ്ചെസിയും ഇദ്ദേഹത്തെ ടീമിലെടുക്കാൻ തയാറായില്ല.
പേസറായ സന്ദീപ ശർമയാണ് കൊച്ചിയിൽ നടന്ന ലേലത്തിൽ അൺസോൾഡായ ഈ സൂപ്പർ ബോളർ. ഐപിഎല്ലിൽ പവർ പ്ലേയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്ന സന്ദീപ്. പവർ പ്ലേ വിക്കറ്റ് വേട്ടക്കാരിൽ മുൻനിരിയിലുണ്ട്. ഐപിഎല്ലിൽ 26.33 ശരാശരിയും 7.77 ഇക്കണോമി റേറ്റുമുള്ള സന്ദീപിന്റെ പേരിൽ 114 ഐപിഎൽ വിക്കറ്റുകളുണ്ട്.
തന്നെയാരും ലേലത്തിൽ പരിഗണിക്കാതിരുന്നതിൽ സന്ദീപ് ശർമ ക്രിക്കറ്റ് ഡോട് കോമിനോട് പ്രതികരിച്ചിരുന്നു. ''വാർത്ത കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി, തീർച്ചയായും ഞാൻ നിരാശനാണ്. ഞാൻ ഇതുവരെ കളിച്ച എല്ലാ ടീമിനുവേണ്ടിയും എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രയത്നിച്ചിട്ടുണ്ട്. എന്നെ ഏതെങ്കിലും ടീം ലേലത്തിലെടുക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലും ഞാൻ ഇപ്പോൾ മികച്ച ഫോമിലാണ്. രഞ്ജി ട്രോഫി അവസാന റൗണ്ടിൽ ഏഴ് വിക്കറ്റ് ഞാൻ വീഴ്ത്തിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിലും ഞാൻ മികച്ച പ്രകടനം നടത്തിയിരുന്നു.'- സന്ദീപ് ശർമ പറഞ്ഞു.
2013 മുതൽ ഐപിഎല്ലിന്റെ ഭാഗമായ സന്ദീപ് ശർമ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു. 50 ലക്ഷമായിരുന്നു ഈ ലേലത്തിൽ സന്ദീപിന്റെ അടിസ്ഥാനവില.
ലേലത്തിൽ ആരും പരിഗണിച്ചില്ലെങ്കിലും താരങ്ങൾക്ക് പരിക്ക് പറ്റിയാലുള്ള പകരക്കാരനായി (Injury Replacement Player) സന്ദീപ് ഏതെങ്കിലും ടീമിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്.