ഹാളണ്ടിനെ പിൻവലിച്ചത് മെസിയുടെ റെക്കോർഡ് തകർക്കാതിരിക്കാൻ: ഗാർഡിയോള
|കഴിഞ്ഞ ദിവസം ബേൺലിക്കെതിരെ ഹാട്രിക്ക് തികച്ച ഹാളണ്ട് സീസണിലെ ആറാം ഹാട്രിക്കാണ് തന്‍റെ പേരില്‍ കുറിച്ചത്
സീസണിൽ ഗോളടിമേളം തുടരുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം എർലിങ് ഹാളണ്ട്. കഴിഞ്ഞ ദിവസം ബേൺലിക്കെതിരെ ഹാട്രിക്ക് തികച്ച താരം സീസണിലെ ആറാം ഹാട്രിക്കാണ് തന്‍റെ പേരില്‍ കുറിച്ചത്. ഇതിനോടകം തന്നെ സീസണിൽ മുഴുവന്‍ മത്സരങ്ങളില്‍ നിന്നുമായി 42 ഗോളുകൾ അടിച്ചു കൂട്ടി കഴിഞ്ഞ ഹാളണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പല റെക്കോർഡുകളും പഴങ്കഥയാക്കുമെന്ന് ഇതിനോടകം തന്നെ ഉറപ്പായി കഴിഞ്ഞു.
കഴിഞ്ഞ ആഴ്ച ചാമ്പ്യൻസ് ലീഗിൽ ലെപ്‌സിഗിനെതിരെ അഞ്ച് ഗോളടിച്ച താരം ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തിയിരുന്നു. ആ മത്സരത്തിന്റെ 63ാം മിനിറ്റിൽ താരത്തെ പിൻവലിച്ച പരിശീലകൻ ഗാർഡിയോള ജൂലിയൻ അൽവാരസിനെ കളത്തിലിറക്കി. അഞ്ച് ഗോളടിച്ച ഹാളണ്ടിനെ ഗാർഡിയോള മത്സരത്തിൽ നിന്ന് പെട്ടെന്ന് പിൻവലിക്കാനുള്ള കാരണം മെസ്സിയുടെ റെക്കോർഡ് തകർക്കാതിരിക്കാൻ വേണ്ടിയാണെന്ന് ചർച്ചക്ക് ആരാധകർ ഇതോടെ സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചു.
അതിന് ശേഷം നടന്ന എഫ്.എ കപ്പ് മത്സരത്തിലും ബേൺലിക്കെതിരെ ഹാട്രിക്ക് പൂർത്തിയാക്കിയ ശേഷം ഹാളണ്ടിനെ ഗാർഡിയോള പിൻവലിച്ചിരുന്നു. ഇതിനേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് ഗാർഡിയോള പറഞ്ഞ രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ഹാളണ്ടിനെ പിൻവലിക്കാൻ കാരം എഫ്.എ കപ്പിൽ മെസ്സിയുടെ റെക്കോർഡ് മറികടക്കാതിരിക്കാൻ വേണ്ടിയാണെന്നാണ് ഗാർഡിയോള തമാശ കലർന്ന സ്വരത്തിൽ പറഞ്ഞത്. എല്ലാ ദിവസവും ഹാളണ്ട് രണ്ടോ മൂന്നോ ഗോളുകൾ അടിക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത് എന്നും അവന്‍ ഭാവിയിൽ പലർക്കും വലിയ ഭീഷണിയാവുമെന്നും ഗാർഡിയോള കൂട്ടിച്ചേര്‍ത്തു.