'വിമര്‍ശനങ്ങളെ മാനിക്കുന്നു'; സൈബര്‍ അറ്റാക്കുകളെ കുറിച്ച് മനസ്സ് തുറന്ന് ഹര്‍ദിക് പാണ്ഡ്യ
|''മുംബൈയിൽ രോഹിതിന്‍റെ പിന്തുണ ഇനിയും എനിക്കുണ്ടാവും''
രോഹിത് ശര്‍മ ബാക്കി വച്ചേടത്ത് നിന്ന് തുടങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ. ഇനിയും രോഹിതിന്‍റെ പിന്തുണ തനിക്കാവശ്യമുണ്ടെന്നും അദ്ദേഹം ടീമിന്‍റെ അവിഭാജ്യ ഘടകമാണെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
''രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മുംബൈ ഇന്ത്യൻസ് എന്തൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് നിങ്ങൾക്കറിയാം. അത് തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ കരിയറിൽ വലിയൊരു കാലം അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്. മുംബൈയിൽ അദ്ദേഹത്തിന്റെ പിന്തുണ ഇനിയും എനിക്കുണ്ടാവും''
ക്യാപ്റ്റൻ മാറ്റത്തെക്കുറിച്ച് രോഹിതിനോട് ചോദിക്കുമോ എന്ന ചോദ്യത്തിന് പാണ്ഡ്യയുടെ മറുപടി ഇങ്ങനെയായിരുന്നു. ''അദ്ദേഹം വിവിധ മത്സരങ്ങൾക്കുള്ള ടൂറിലായിരുന്നത് കൊണ്ട് അതികം സംസാരിക്കാൻ സമയം കിട്ടിയില്ലായിരുന്നു. അദ്ദേഹം ടീമിലെത്തിയാലുടൻ ഇക്കാര്യം ചോദിക്കും. പാണ്ഡ്യ പറഞ്ഞു. ആരാധകരുടെ സൈബർ അറ്റാക്കുകളെ കുറിച്ച ചോദ്യത്തിനും പാണ്ഡ്യക്ക് മറുപടിയുണ്ടായിരുന്നു.
'എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളിൽ ഞാൻ അധികം ശ്രദ്ധ കൊടുക്കാറില്ല. അതേ സമയം തന്നെ ആരാധകർക്ക് വിമർശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിനെ മാനിക്കുന്നു. ഈ പ്രശസ്തിയും പേരുമൊക്കെ അവർ തന്നതാണ്. അത് കൊണ്ട് അവരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മുഖവുരക്ക് എടുത്തേ മതിയാവൂ''- മുംബൈ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഡിസംബറിലാണ് മുംബൈ ഇന്ത്യൻസ്, ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച നായകരിൽ ഒരാളായ രോഹിത് ശർമയെ തങ്ങളുടെ ക്യാപ്റ്റൻസിയിൽ നിന്ന് നീക്കിയത്. മുംബൈയുടെ നീലക്കുപ്പായത്തിൽ ഏതാണ്ട് ഒരു പതിറ്റാണ്ട നീണ്ട രോഹിത് യുഗത്തിനാണ് ഇതോടെ അന്ത്യം കുറിക്കപ്പെട്ടത്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈയിൽ തിരിച്ചെത്തിയ ഹർദിക് പാണ്ഡ്യയെയാണ് ടീം പുതിയ ക്യാപ്റ്റനായി അവരോധിച്ചത്. ഈ തീരുമാനം ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് പേരാണ് മുംബൈയുടെ സോഷ്യൽ മീഡിയ പേജുകൾ അൺ ഫോളോ ചെയ്ത് പോയത്. ആരാധകരുടെ ഈ അമർഷം ഇനിയും കെട്ടടങ്ങിയിട്ടില്ല..
2013ൽ റിക്കി പോണ്ടിങ്ങിൽനിന്നാണ് രോഹിത് ശർമ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം.എസ് ധോണിക്കൊപ്പം ഏറ്റവും കൂടുതൽ കിരീടനേട്ടം സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത്. 10 സീസണുകളിൽ മുംബൈയെ നയിച്ച രോഹിത് ടീമിന് അഞ്ചു കിരീടവും സമ്മാനിച്ചാണു പടിയിറങ്ങുന്നത്. 12 സീസണില്‍ നിന്നാണ് ധോണിയുടെ നേട്ടം.
2024 സീസണിലേക്കാണ് ഹര്‍ദികിനെ നായകനായി പ്രഖ്യാപിച്ചതെങ്കിലും ദീര്‍ഘകാല പദ്ധതിയാണെന്ന് വ്യക്തമാണ്. 2015ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഹർദിക് പാണ്ഡ്യ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. 2021 വരെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന താരം 2022ലെ മെഗാ ലേലത്തിനു മുന്നോടിയായി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ചേരുകയായിരുന്നു. ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ തന്നെ ടീമിന് കിരീടവും സമ്മാനിച്ചു ഹർദിക്. രണ്ടാമത്തെ സീസണിൽ ഒരിക്കൽകൂടി ടീമിനെ ഫൈനലിലേക്കു നയിച്ചു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടാണ് ടീം അടിയറവ് പറഞ്ഞത്. ഇത്തവണ ലേലം ആരംഭിക്കുന്നതിനു മുന്നോടിയായാണ് മുംബൈ ഹർദികിനെ വീണ്ടും ടീമിലെത്തിച്ചത്.