'ടീം 200 കടക്കുമോ എന്ന് ഞാൻ ചിന്തിച്ചു, മാക്സി ജയത്തെ കുറിച്ച് ചിന്തിച്ചു'- കമ്മിൻസ്
|'കാലിന് പരിക്ക് പറ്റിയിട്ടും തേർഡ് മാനിലേക്ക് റിവേഴ്സ് സ്വീപ്പില്‍ സിക്സ് പായിക്കുന്നതൊക്കെ അതിശയകരമാണ്'
വാങ്കഡെയെ പൂരപ്പറമ്പാക്കിയ ഗ്ലെൻ മാക്സ് വെല്ലിന്റെ സംഹാര താണ്ഡവമാണ് ഇന്നലെ ക്രിക്കറ്റ് ആരാധകർ കണ്ടത്. ഇതിനോടകം ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയ അഫ്ഗാന്റെ ശക്തമായ ബോളിങ് ആക്രമണത്തെ തെല്ലും ഭയമില്ലാതെ നേരിട്ട മാക്സ്വെല് ഇരട്ട ശതകം കുറിച്ചാണ് ടീമിനെ വിജയതീരമണച്ചത്.
അഫ്ഗാൻ ബോളർമാരൊക്കെ മാക്സിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒരു ഘട്ടത്തിൽ 91 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായി കൂട്ടത്തകർച്ചയിലേക്ക് കൂപ്പുകുത്തിയ കങ്കാരുക്കളെ എട്ടാം വിക്കറ്റിൽ മാക്സ്വെല്ലും ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനമാണ് ആവേശ വിജയത്തിലെത്തിച്ചത്. 68 പന്തിൽ നിന്ന് വെറും 12 റൺസെടുത്ത കമ്മിൻസ് വിക്കറ്റ് പോവാതെ സൂക്ഷിക്കുക എന്ന ജോലി ഭംഗിയായി നിർവഹിച്ചു.
മത്സരത്തിന് ശേഷം കമ്മിൻസ് മനസ്സു തുറന്നിരിക്കുകയാണിപ്പോൾ. തനിക്ക് ടീം സ്കോർ 200 കടക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നാൽ മാക്സ് വെല്ലിന്റെ മനസ്സു നിറയേ ജയം മാത്രമായിരുന്നൂ എന്നും കമ്മിൻസ് പറഞ്ഞു.
''ക്രീസിലെത്തുമ്പോൾ ടീം സ്കോർ 200 കടന്നാൽ മതി എന്നായിരുന്നു എന്റെ ഉള്ളിൽ. സെമിയിൽ കടക്കാൻ നെറ്റ് റൺ റൈറ്റ തുണയാകുമല്ലോ എന്നാണ് എന്റെ മനസ്സ് പറഞ്ഞത്. എന്നാല്‍ മാക്സ്വെല് 100 കടന്നതും എനിക്ക് പ്രതീക്ഷയേറി. അവന്റെ മനസ്സ് നിറയേ വിജയം മാത്രമായിരുന്നു. അഫ്ഗാൻ സ്പിന്നർമാർ നന്നായി പന്തെറിഞ്ഞതിനാൽ വിക്കറ്റ് വീഴുമോ എന്ന ഭയമുണ്ടായിരുന്നു. അതിനാൽ തന്നെ എങ്ങനെയെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ മാക്സിക്ക് പിന്തുണ നൽകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അവന് മികച്ചൊരു ബാറ്ററാണ്.
കാലിന് പരിക്ക് പറ്റിയിട്ടും തേർഡ് മാനിലേക്ക് റിവേഴ്സ് സ്വീപ്പിൽ സിക്സ് പായിക്കുന്നത് അതിശയകരമാണ്. മാക്സിയെ പോലൊരു ബാറ്റർ മികച്ച ഫോമിൽ കളിക്കുമ്പോൾ ബോളർമാർക്ക് മറ്റ് ഓപ്ഷനുകൾ ഉണ്ടാകില്ല എന്നതാണ് യാഥാർഥ്യം''- കമ്മിൻസ് പറഞ്ഞു.വാങ്കഡേയിലെ ആരാധകർ മാക്സ്വെല്ലിനൊപ്പമായിരുന്നു എന്നും ഓരോ പന്തും ബൗണ്ടറി കടക്കുമ്പോള്‍ ഗാലറിയില്‍ ആരാധകരുടെ ആവേശം അതാണ് കാണിച്ചു തന്നതെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.