തന്റെ ബയോപിക്കിൽ ദുൽഖർ നായകനാകണം; ആഗ്രഹം പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
|ചെന്നൈയും സിഎസ്കെയും തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മനസിലാകുന്ന ഒരാളായിരിക്കണം തന്റെ ജീവിതം അഭിനയിക്കേണ്ടത്. തെന്നിന്ത്യൻ നടന്മാർക്കാകും ആ വികാരം കൃത്യമായി അവതരിപ്പിക്കാനാകുക. സൂര്യ അല്ലെങ്കില് ദുൽഖർ സൽമാനാണ് തന്റെ മനസിലെ നായകനെന്നും താരം പങ്കുവച്ചു
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കൊപ്പം ക്രിക്കറ്റ് ആരാധകർ എപ്പോഴും ഓർക്കുന്ന ഒരു പേരാണ് സുരേഷ് റൈനയുടേത്. ദേശീയ ടീമിനു പുറമെ ഐപിഎല്ലിൽ സിഎസ്കെ സ്ക്വാഡിലും ധോണിയുടെ വിശ്വസതതാരമാണ് റൈന. ക്രീസിനിടയിലെ ഓട്ടത്തിലും ഗ്രൗണ്ടിലെ നീക്കങ്ങളിലുമെല്ലാം ഇരുവരും തമ്മിലുള്ള 'കെമിസ്ട്രി'യെക്കുറിച്ചും കളത്തിനുപുറത്തെ സൗഹൃദത്തെക്കുറിച്ചുമെല്ലാം എല്ലാവർക്കും അറിയുന്നതാണ്. ഒടുവിൽ, ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച ദിവസം തന്നെ റൈനയും കളി മതിയാക്കാൻ തീരുമാനിച്ചും ആ ഗാഢസൗഹൃദത്തിന്റെ തുടർക്കഥയായി.
2011ൽ ലോകകപ്പെടുത്ത ഇന്ത്യൻ സംഘത്തിലെ പ്രമുഖനായിരുന്നു റൈന. ഐസിസി ടൂർണമെന്റുകളിലടക്കം അസാധ്യമായ വിജയങ്ങൾ ടീമിന് നേടിക്കൊടുത്ത റൈനയെ ഒരുകാലത്തും ഇന്ത്യൻ ആരാധകർക്ക് മറക്കാനാകില്ല. 2015 മുതൽ 2018 വരെ നീണ്ടുനിന്ന താരത്തിന്റെ സംഭവബഹുലമായ ക്രിക്കറ്റ് ജീവിതം വിവരിക്കുന്ന ആത്മകഥാ പുസ്തകം Believe: What Life and Cricket Taught Me പുറത്തുവന്നത് ഈ മാസമാണ്.
ഇപ്പോൾ തന്റെ ജീവിതം ചലച്ചിത്രമാകുന്നതിനെക്കുറിച്ചുള്ള ആഗ്രഹങ്ങളും പങ്കുവച്ചിരിക്കുകയാണ് റൈന. ഒരു ഇൻസ്റ്റഗ്രാം ലൈവ് അഭിമുഖ പരിപാടിയിലാണ് താരം തന്റെ ബയോപിക്കിൽ ആര് നായകനാകണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്. താങ്കളുടെ ജീവിതത്തെ ഉപജീവിച്ച് ഒരു ചിത്രമെടുത്താൽ ആര് നായകനാകുമെന്നായിരുന്നു അഭിമുഖകാരിയുടെ ചോദ്യം. സിഎസ്കെ വഴി തമിഴ്നാടിന്റെയും ദക്ഷിണേന്ത്യയുടെയും 'ചിന്നത്തല'യായി മാറിയ റൈനയ്ക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. അതൊരു തെന്നിന്ത്യൻ നടൻ തന്നെ ആയിരിക്കണമെന്നായിരുന്നു റൈനയുടെ പ്രതികരണം. ഒരു താരത്തിന്റെ പേരുപറയാൻ നിർബന്ധിച്ചപ്പോഴും താരം അധികം തലപുകച്ചില്ല. ഉടൻ വന്നു ഉത്തരം; സൂര്യ, അല്ലെങ്കിൽ ദുൽഖർ സൽമാൻ.
തെന്നിന്ത്യയിൽനിന്നുള്ള നടൻ വേണമെന്ന് ചുമ്മാ പറഞ്ഞതല്ല. അതിനുള്ള വ്യക്തമായ കാരണവും താരത്തിനുണ്ട്. ചെന്നൈയും ചെന്നൈ സൂപ്പർ കിങ്സും തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മനസിലാകുന്ന ഒരാളായിരിക്കണം തന്റെ ജീവിതം അഭിനയിക്കേണ്ടത്. അത് തെന്നിന്ത്യൻ നടന്മാർക്കാകും സാധിക്കുക. ഇന്ത്യയ്ക്കും സിഎസ്കെയ്ക്കും വേണ്ടി കളിക്കുക ചില്ലറ കാര്യമല്ല. ആ വികാരം കൃത്യമായി അഭ്രപാളികളിൽ ഫലിപ്പിക്കാൻ കഴിയുന്നവരാകണം തന്റെ ജീവിതചിത്രത്തിൽ അഭിനയിക്കാനെന്നും റൈന കൂട്ടിച്ചേർക്കുന്നു.
If my biopic is made, someone from south may be my favorite actor #Suriya can do the role - Suresh Raina#SureshRaina #Suriya #CSK @ChennaiIPL @rainarajesh @Suriya_offl pic.twitter.com/xIARTscZuy
— Nimboo Soda (@NimbooSoda) June 25, 2021
ഇന്ത്യയ്ക്കു വേണ്ടി 226 ഏകദിനങ്ങളിൽനിന്നായി 35.3 ശരാശരിയിൽ 5,616 റൺസും 78 ടി20 മത്സരങ്ങളിൽനിന്ന് 29.2 ശരാശരിയോടെ 1,605 റൺസും സ്വന്തമാക്കിയിട്ടുണ്ട് സുരേഷ് റൈന. 18 ടെസ്റ്റുകളിൽ ഇന്ത്യൻ കുപ്പായമിട്ടതിൽ 768 റൺസും നേടി. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിൽ സിഎസ്കെയുടെ അവിഭാജ്യ ഘടകമായി തുടരുകയാണ് താരം. 2010, 2011, 2018 എന്നിങ്ങനെ മൂന്നുതവണയും സിഎസ്കെയുടെ കിരീടനേട്ടത്തിൽ റൈനയ്ക്ക് സുപ്രധാന റോളുണ്ട്.