Sports
ആ അഞ്ച് താരങ്ങളുടെ പട്ടികയില്‍ ഞാന്‍ അവന്‍റെ പേരുള്‍പ്പെടുത്തും; സഞ്ജുവിനെ വാനോളം പുകഴ്ത്തി പത്താന്‍
Sports

'ആ അഞ്ച് താരങ്ങളുടെ പട്ടികയില്‍ ഞാന്‍ അവന്‍റെ പേരുള്‍പ്പെടുത്തും'; സഞ്ജുവിനെ വാനോളം പുകഴ്ത്തി പത്താന്‍

Web Desk
|
25 March 2024 6:19 AM GMT

'രണ്ട് വിക്കറ്റ് വീണിട്ടും സമ്മർദമേതുമില്ലാതെയാണ് ഞാന്‍ അവനെ മൈതാനത്ത് കണ്ടത്''

ജയ്പൂരിലെ സവായ് മാൻസിങ് സ്‌റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം അക്ഷരാർത്ഥത്തിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസന്റെ നിറഞ്ഞാട്ടമാണ് ആരാധകർ കണ്ടത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ കൂറ്റനടിക്കാരൻ ജോസ് ബട്‌ലറും അഞ്ചാം ഓവറിൽ യശസ്വി ജയ്‌സ്വാളും കൂടാരം കയറിയ ശേഷം ക്രീസിലൊന്നിച്ച റിയാൻ പരാഗും സഞ്ജുവും ചേർന്നാണ് രാജസ്ഥാൻ ഇന്നിങ്‌സിന് അടിത്തറ പാകിയത്.

സ്‌കോർബോർഡിൽ 50 റൺസ് തെളിയും മുമ്പേ രണ്ട് വിക്കറ്റ് നഷ്ടമായതിന്റെ ആശങ്കയൊന്നും രാജസ്ഥാൻ നായകന്റെ മുഖത്തുണ്ടായിരുന്നില്ല. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു 52 പന്തിൽ 82 റൺസാണ് അടിച്ചെടുത്ത്. ആറ് സിക്‌സും മൂന്ന് ഫോറും സഞ്ജുവിന്റെ ഇന്നിങ്‌സിന് അകമ്പടി ചാർത്തി. മത്സര ശേഷം സഞ്ജുവിന്റെ ഇന്നിങ്‌സിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ രംഗത്തെത്തി. ജയ്പൂരിൽ അക്ഷരാർത്ഥത്തിൽ സഞ്ജു ഒരു ബാറ്റിങ് വിരുന്നാണ് ഒരുക്കിയത് എന്നാണ് പത്താൻ പറഞ്ഞത്.

''ബാക്ക് ഫൂട്ടിൽ ഓഫ് സൈഡിലേക്ക് സഞ്ജു ആ ഷോട്ടുതിർക്കുമ്പോൾ ഞാനും അംബാട്ടി റായിഡുവും മുഖത്തോട് മുഖം നോക്കി നിന്നു. അത്രയും മനോഹരമായൊരു ഷോട്ട് കളിക്കണമെങ്കിൽ നിങ്ങൾക്ക് ചില പ്രത്യേക കഴിവുകളുണ്ടാവണം. സഞ്ജു തികച്ചും സ്‌പെഷ്യലായൊരു കളിക്കാരനാണ്. ഐ.പി.എല്ലിൽ സ്പിന്നർമാർക്കെതിരെ മികച്ച രീതിയിൽ കളിക്കുന്ന ആദ്യ അഞ്ച് താരങ്ങളുടെ പട്ടികയിൽ ഞാൻ സഞ്ജുവിന്റെ പേര് ഉൾപ്പെടുത്തും. അത്ര മനോഹരമായാണ് അയാൾ സ്പിന്നർമാരെ നേരിടുന്നത്. രണ്ട് വിക്കറ്റ് വീണിട്ടും സമ്മർദമേതുമില്ലാതെ അവൻ അവന്റെ ഇന്നിങ്‌സ് കളിച്ചു. ചില സമയത്ത് അവൻ കരുതലോടെയാണ് ബാറ്റ് വീശിയത്. വലിയ ഷോട്ടുകൾ കളിക്കുമ്പോൾ പോലും ആ സൂക്ഷ്മത നമ്മൾ കണ്ടു. അക്ഷരാത്ഥത്തിൽ ഒരു ബാറ്റിങ് വിരുന്നാണ് സഞ്ജു ഒരുക്കിയത്''- പത്താന്‍ പറഞ്ഞു.

ഫോമില്ലായ്മയുടെ പേരിൽ മുൻ സീസണുകളിൽ ഏറെ പഴി കേട്ട റിയാന്‍ പരാഗിന്റെ തിരിച്ചു വരവിനും ജയ്പൂര്‍ സാക്ഷിയായി . 29 പന്തിൽ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 43 റൺസെടുത്ത പരാഗ് അർധ സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെയാണ് വീണത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 93 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ ധ്രുവ് ജുറേലും സഞ്ജുവും ചേര്‍ന്ന് 43 റണ്‍സിന്‍റെ പാര്‍ട്ണര്‍ ഷിപ്പും പടുത്തുയര്‍ത്തി.

മറുപടി ബാറ്റിങ്ങില്‍ അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും നികോളാസ് പൂരന്റെയും ഇന്നിങ്‌സുകൾക്കും ലഖ്‌നൗവിനെ രക്ഷിക്കാനായില്ല. 20 റൺസിനായിരുന്നു രാജസ്ഥാന്‍റെ ജയം. രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിന് 173 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാനായി ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.


Similar Posts