Sports
chennai super kings
Sports

'അയാൾ ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ അടുത്ത ക്യാപ്റ്റന്‍'; അഭിപ്രായപ്രകടനവുമായി ഗവാസ്‌കർ

Web Desk
|
4 May 2023 1:08 PM GMT

ധോണിക്ക് ശേഷം ചെന്നൈ നായകസ്ഥാനത്തേക്ക് ആര് എന്ന ചോദ്യം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്

മഹേന്ദ്ര സിങ് ധോണി വിരമിച്ച ശേഷം ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനത്തേക്ക് ആരെത്തുമെന്ന ചോദ്യം ആരാധകർക്കിടയിൽ ഇപ്പോഴും സജീവമാണ്. ഈ സീസണിൽ ധോണിയുടെ നായകത്വത്തിന് കീഴിൽ മനോഹരമായ കുതിപ്പാണ് ചെന്നൈ ഐ.പി.എല്ലിൽ നടത്തുന്നത്.

നാൽപത് പിന്നിട്ട ചെന്നൈ നായകൻ അടുത്ത സീസണിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന നിരവധി പേരുകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടേതാണ്.

ഇപ്പോഴിതാ ചെന്നൈയുടെ അടുത്ത നായകനായി രവീന്ദ്ര ജഡേജ വരണമെന്ന അഭിപ്രായവുമായെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ.

''ചെന്നൈയുടെ നായകസ്ഥാനത്തേക്ക് രവീന്ദ്ര ജഡേജയുടെ പേരാണ് ഞാൻ ആദ്യമായി പറയുക. കഴിഞ്ഞ വർഷം അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. എന്നാൽ ഇക്കുറി മികച്ച ഫോമിലാണ് താരം. അദ്ദേഹത്തിനിപ്പോൾ 30 വയസുണ്ട്. ഋതുരാജ് ഗെയ്ക് വാദ് വൈസ് ക്യാപ്റ്റനാവണം. ജഡേജയുടെ പിൻഗാമിയെ ഇപ്പോൾ തന്നെ കണ്ടെത്തണമല്ലോ''- ഗവാസ്‌കർ പറഞ്ഞു

'അവസാന സീസണ്‍ എങ്ങനെ പോവുന്നു' ; ധോണിയുടെ രസകരമായ മറുപടി

താന്‍ എപ്പോൾ വിരമിക്കുമെന്ന ചോദ്യത്തിന് ഇക്കാലമത്രയും രസകരമായ മറുപടികളാണ് ധോണി മാധ്യമപ്രവർത്തകർക്കും ആരാധകര്‍ക്കും നൽകിയിട്ടുള്ളത്. ഇന്നലെ ലഖ്നൌ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിന് മുമ്പും താരം ഈ ചോദ്യം നേരിട്ടു. ടോസിങ്ങിനിടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യം വീണ്ടും എടുത്തിട്ടത് ഡാനി മോറിസണാണ്. നിങ്ങളുടെ അവസാന സീസൺ എങ്ങനെ ആസ്വദിക്കുന്നു എന്നായിരുന്നു മോറിസന്റെ ചോദ്യം.

അതിന് ധോണി ചിരിച്ച് കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു. ''ഇത് എന്റെ അവസാന സീസണാണ് എന്ന് തീരുമാനിച്ചത് നിങ്ങളാണ് ഞാനല്ല..'' ധോണിയുടെ മറുപടിക്ക് പിന്നാലെ ധോണി 2024 ലും കളിക്കളത്തിലുണ്ടാവുമെന്ന് മോറിസൺ ആരാധകരോട് പറഞ്ഞു. ഹര്‍ഷാരവത്തോടെയാണ് ധോണിയുടെ മറുപടിയെ ആരാധകര്‍ സ്വീകരിച്ചത്. ധോണിയുടെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്‌.

Similar Posts