Sports
iain hume

iain hume

Sports

''സീസണിലെ അധ്വാനം മുഴുവൻ ഒരു വൈകാരിക തീരുമാനം കൊണ്ട് നശിപ്പിക്കരുത്''- ഇയാന്‍ ഹ്യൂം

Web Desk
|
4 March 2023 1:16 PM GMT

''പ്രതിഷേധം കളി കഴിഞ്ഞിട്ടാവാമായിരുന്നു''

ഐ.എസ്.എല്ലിന്റെ ചരിത്രത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത സംഭവവികാസങ്ങൾ അരങ്ങേറിയ ബ്ലാസ്റ്റേഴ്‌സ് ബാംഗ്ലൂർ പ്ലേഓഫ് പോരാട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. സുനിൽ ഛേത്രി നേടിയ ഗോളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ടീമിനെ മുഴുവൻ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ച കോച്ച് ഇവാൻ വുകുമാനോവിച്ചിന്റെ തീരുമാനത്തെ പിന്തുണക്കുന്നവരാണ് ആരാധകരിൽ ഭൂരിഭാഗവും.

എന്നാൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അടക്കം പലരും മത്സരം പൂർത്തിയാക്കണമായിരുന്നു എന്ന അഭിപ്രായമുള്ളവരാണ്. ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു ഇയാൻ ഹ്യൂം അത് പോലൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. സീസണിലെ അധ്വാനം മുഴുവൻ ഒരു വൈകാരിക തീരുമാനം കൊണ്ട് നശിപ്പിക്കരുതായിരുന്നുവെന്ന് ഹ്യൂം പ്രതികരിച്ചു.

'' ആ തീരുമാനം ശരിയല്ലായിരുന്നു എന്ന് തോന്നാം. പക്ഷെ ടീമിന്റെ ഒരു സീസൺ മുഴുവനുള്ള കഷ്ടപ്പാണ് പ്ലേ ഓഫിൽ എത്തിക്കുന്നത് എന്ന് മറക്കരുത്. ആ കഷ്ടപ്പാടുകളെ ഒറ്റ നിമഷം കൊണ്ട് ഇല്ലാതാക്കരുതായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് മുഴുവൻ സമയവും കളിക്കണമായിരുന്നു. പ്രതിഷേധം കളി കഴിഞ്ഞിട്ടാവാമായിരുന്നല്ലോ''- ഹ്യൂം കുറിച്ചു.

എന്താണ് ഛേത്രി ഫ്രീകിക്ക് വിവാദം?

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിൽ നടന്ന ആദ്യ പ്ലേഓഫ് പോരാട്ടത്തിൽ എക്സ്ട്രാ ടൈമിലാണ് വിവാദ സംഭവം. ഇരുപകുതികളും ഗോൾരഹിതമായതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റിലാണ് വിവാദ ഗോൾ പിറന്നത്. ഫ്രീകിക്ക് തടയാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയാറാകുംമുൻപെ ബംഗളൂരു താരം സുനിൽ ഛേത്രി ഗോൾ വലയിലാക്കുകയായിരുന്നു. റഫറി ഗോൾ വിളിക്കുകയും ചെയ്തു. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ച് താരങ്ങളെ മുഴുവൻ തിരിച്ചുവിളിച്ചു.

മിനിറ്റുകൾ നീണ്ട നാടകീയരംഗങ്ങൾക്കൊടുവിൽ ബംഗളൂരുവിനെ മാച്ച് റഫറി വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ ബംഗളൂരു സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ഗാലറിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. ഇരുടീമുകളുടെയും ആരാധകർ ഗാലറിയിൽ ഏറ്റുമുട്ടുന്ന കാഴ്ചയ്ക്കും ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി.

ആദ്യ പകുതിയിൽ കളം നിറഞ്ഞ് കളിച്ചത് ബംഗളൂരുവാണെങ്കിൽ രണ്ടാം പകുതിയിൽ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തിൽ 60 ശതമാനവും പന്ത് കൈവശം വച്ചതും ബ്ലാസ്റ്റേഴ്‌സായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ മുഖത്തിനടത്തുവച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തുലച്ചുകളഞ്ഞത്‌.

Similar Posts