ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളും മത്സരക്രമവും ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയോടെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം
|ഇന്ത്യ വേദിയാകുന്ന നാലാമത്തെ ലോകകപ്പാണിത്
മുബൈ: ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളും മത്സരക്രമവും ഇന്ന് പ്രഖ്യപിക്കും. ചൊവ്വാഴ്ച രാവിലെ 11.30ന് മുബൈയിലാണ് പ്രഖ്യാപനം. ഒക്ടോബർ 5നാണ് ലോകകപ്പ് ആരംഭിക്കുക . ലോകകപ്പ് വേദിയാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം.
റൗണ്ട് റോബിൻ നോക്ക് ഔട്ട് ഫോർമാറ്റിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പത്ത് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ 48 മത്സരങ്ങളുണ്ട്.എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുമെന്നതാണ് ഈ റൗണ്ടിന്റെ പ്രത്യേകത. റൗണ്ട് റോബിൻ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും.
ഒക്ടോബർ 5 നാണ് രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. നവംബർ 19ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനൽ. 48 മത്സരങ്ങൾക്ക് 12 വേദികൾ ഉണ്ടാകാനാണ് സാധ്യത. മുംബൈ, ബെംഗളുരു, കൊൽക്കത്ത, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ലക്നൗ, ഇൻഡോർ, രാജ്കോട്ട്, ഗുവാഹത്തി, ധർമശാല എന്നിവയാണ് സാധ്യതാ വേദികൾ. ഇവയ്ക്ക് പുറമേ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയായേക്കും. മികച്ച ആരാധക പിന്തുണയും നിലവാരം പുലർത്തുന്ന സ്റ്റേഡിയവും തിരുവനന്തപുരത്തേക്ക് ലോകകപ്പിനെ എത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.