ഐ.സി.സി മത്സരങ്ങളുടെ സംപ്രേഷണാവകാശം; ഐ.പി.എല്‍ മാതൃക പിന്തുടരില്ല, ഇ-ലേലത്തോട് നോ പറഞ്ഞ് ഐ.സി.സി
|രഹസ്യ സ്വഭാവത്തിൽ നൽകുന്ന ടെണ്ടറുകളിൽ നിന്നാകും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന കമ്പനിയെ തെരഞ്ഞെടുത്ത് സംപ്രേഷണാവകാശം നല്‍കുക
അടുത്ത എട്ട് വർഷത്തേക്കുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണ അവകാശം മേഖല തിരിച്ച് ലേലംചെയ്യാൻ ഒരുങ്ങി ഐ.സി.സി(അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍). ഇന്ത്യൻ മേഖലയിലെ ടി.വി, ഡിജിറ്റൽ സംപ്രേഷണ അവകാശം സംബന്ധിച്ച ടെണ്ടർ ഓഗസ്റ്റ് 22നകം സമർപ്പിക്കണം. രഹസ്യ സ്വഭാവത്തിൽ നൽകുന്ന ടെണ്ടറുകളിൽ നിന്നാകും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന കമ്പനിയെ തെരഞ്ഞെടുത്ത് സെപ്റ്റംബറില്‍ പ്രഖ്യാപിക്കുക.
മുൻകാലങ്ങളിൽ സംപ്രേഷണ അവകാശം ഒരുമിച്ചാണ് ലേലം ചെയ്തിരുന്നത്. ഐ.പി.എൽ സംപ്രേഷണ അവകാശത്തിൽ ബി.സി.സി.ഐ റെക്കോർഡ് തുക നേടിയത് പരിഗണിച്ചാണ് പുതിയ നീക്കം. പക്ഷേ ഐ.പി.എല്ലിലെ പോലെ ഇ-ലേലം വഴി മീഡിയ റൈറ്റ്‌സ് വില്‍ക്കാന്‍ ഐ.സി.സി ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് തന്നെ സാധാരണനിലയിലെ പോലെ ക്ലോസ്ഡ് ഓക്ഷനുമായി മുന്നോട്ട് പോകാനാണ് ഐ.സി.സിയുടെ തീരുമാനം.
ഐ.പി.എല്ലുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്രയും വലിയ തുകയ്ക്ക് ഐ.സി.സിയുടെ മീഡിയ റൈറ്റ്‌സ് വിറ്റുപോകില്ലെന്ന് അറിയാമെങ്കിലും ഐ.പി.എല്ലിന്റെ മീഡിയ റൈറ്റ്‌സ് വിറ്റതുപോലെ ഒരു ഇ-ലേലം വഴി മീഡിയ റൈറ്റ്സ് വില്‍ക്കാനായിരുന്നു ബ്രോഡ്കാസ്‌റ്റേഴ്‌സിന്‍റെ നിര്‍ദേശം. പക്ഷേ ഐ.സി.സി ആ നിര്‍ദേശത്തോട് വിമുഖത കാണിക്കുകയായിരുന്നു. ക്ലോസ്ഡ് ഓക്ഷനുമായി മുന്നോട്ട് പോകുമെന്ന് ഐ.സി.സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.
തങ്ങളുടെ നടപടികള്‍ ഒരിക്കലും ബി.സി.സി.ഐയുടേത് പോലെയാണെന്ന് ധരിക്കരുതെന്നും ഐ.സി.സിക്ക് അതിന്‍റേതായ നടപടിക്രമങ്ങളുണ്ടെന്നും ഐ.സി.സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ വ്യക്തമാക്കി.