Sports
India vs Australia, ICC Cricket World Cup 2023/24, CWC23, ICCWorldCup2023,ICC World Cup 2023, ലോകകപ്പ്,ഇന്ത്യ-ആസ്ത്രേലിയ,ചെന്നൈ ചിദംബരം സ്റ്റേഡിയം, ലോകകപ്പ് വാര്‍ത്തകള്‍,
Sports

ഇന്ത്യ തുടങ്ങുന്നു; ആദ്യം ഓസീസ് കടമ്പ

Web Desk
|
8 Oct 2023 1:48 AM GMT

രണ്ട് മണിക്ക് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം

ചെന്നൈ: ലോകകപ്പിൽ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ആസ്ത്രേലിയയാണ് എതിരാളികൾ. 2011ലെ കിരീടനേട്ടം ആവർത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാം കിരീടമാണ് ആസ്ത്രേലിയ ലക്ഷ്യമിടുന്നത്. ലോക റാങ്കിംഗില്‍ ഒന്നും മൂന്നും സ്ഥാനക്കാരായ ഇന്ത്യയും ആസ്ത്രേലിയയും ആദ്യ പോരാട്ടത്തിനിറങ്ങുമ്പോൾ മത്സരഫലം പ്രവചനാതീതമാണ്. രോഹിതിന് വാർണർ, കോഹിലിക്ക് സ്‍മിത്ത്, സിറാജിന് സ്റ്റാർക്ക് എന്നിങ്ങനെ അടിക്ക് തിരിച്ചടിയാകുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്.

തുല്യശക്തികളുടെ പോരാട്ടത്തിനായാണ് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയം കാത്തിരിക്കുന്നത്. സ്പിന്നർമാർക്ക് അനുകൂല പിച്ചായതുകൊണ്ട് തന്നെ ടോസ് നേടുന്നവർ ബാറ്റിംങ് തെരഞ്ഞടുക്കാനാണ് സാധ്യത. സ്വന്തം മണ്ണില്‍ കളി നടക്കുന്നത് അനുകൂല ഘടകമാണെങ്കിലും ആസ്ത്രേലിന്‍ കളിക്കാർക്കും ഇന്ത്യന്‍ പിച്ചുകള്‍ അപരിചിതമല്ല.. ചെന്നൈയിലെ സ്ലോ പിച്ചില്‍ സ്പിന്നർമാരും മീഡിയം പേസ് ബൗളർമാരുമായിരിക്കും കളിയിൽ നിർണായകമാകുക.

സ്പിന്നർ ആദം സാമ്പയുടെയും മാക്സ്‌വെല്ലിന്‍റെ പാര്‍ട് ടൈം ഓഫ് സ്പിന്നുമായിരിക്കും മത്സരത്തിൽ ഇന്ത്യക്ക് ഭീഷണിയാകുക. മീഡിയം പേസർ ജോഷ് ഹേസൽവുഡും സ്ലോ പിച്ചുകളിൽ വിക്കറ്റ് നേടാൻ മിടുക്കനാണ്.

ബാറ്റിംഗ് നിരയില്‍ സ്പിന്നിനെ ഫലപ്രദമായി നേരിടുന്ന ശുഭ്മാന്‍ ഗില്‍ ഇല്ലെങ്കില്‍ ഓസിസ് ബൗളിങ്ങിന്റെ മുനയൊടിക്കാൻ ആദ്യം ഇറങ്ങുക ഇഷാൻ കിഷൻ ആകും. ആസ്ത്രേലിയക്കെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുക്കുന്ന രോഹിത് ശർമ അത് ഇത്തവണയും തുടരുമെന്ന് തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷ. കഴിഞ്ഞ ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത്, ഈ ലോകകപ്പിലും ഫോം തുടരുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ. ഇന്ന് മൂന്ന് സിക്സറുകള്‍ കൂടി നേടിയാല്‍ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമെന്ന റെക്കോഡ് ഇന്ത്യന്‍ ക്യാപ്റ്റന് സ്വന്തമാണ്.

ചെന്നൈ പിച്ചിനെ നന്നായി അറിയാവുന്ന ജഡേജയും ഫോമിലേക്ക് മടങ്ങിയെത്തിയ കുൽദീപ് യാഥവും ആസ്ത്രേലിയൻ ബാറ്റർമാർക്ക് വെല്ലുവിളി ഉയർത്തിയേക്കും. അശ്വിൻ, ഷർദുൽ താക്കൂർ എന്നിവരിൽ ഒരാളായിരിക്കും മൂന്നാം ഓൾറൗണ്ടർ എന്ന നിലയിൽ ടീമിൽ കളിക്കുക.


Similar Posts