എമിയുടെ 'കളി' ഇനി നടക്കില്ല; പെനാൽട്ടി നിയമമാറ്റം പ്രഖ്യാപിച്ച് ഇഫാബ്
|കിക്കെടുക്കുന്ന കളിക്കാരനെ സമ്മർദത്തിലാക്കാനും മാനസിക ആധിപത്യം സ്ഥാപിക്കാനും ഗോൾകീപ്പർമാർ നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് ഇതോടെ അറുതിയാവുന്നത്.
പെനാൽട്ടി കിക്കിനിടെ ഗോൾകീപ്പർമാർ നടത്തുന്ന 'പ്രകടനങ്ങൾ'ക്ക് തടയിട്ട് ഫുട്‌ബോളിൽ പുതിയ നിയമമാറ്റം. കിക്കെടുക്കുന്ന കളിക്കാരന്റെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിൽ ഗോൾകീപ്പർമാർ പെരുമാറുന്നത് തടഞ്ഞുകൊണ്ടുള്ള നിയമമാറ്റം ഫുട്‌ബോൾ നിയമങ്ങൾ തീരുമാനിക്കുന്ന ഇഫാബ് (The International Football Association Board) അവതരിപ്പിച്ചു. 2023 ജൂലൈ ഒന്ന് മുതൽ ഇവ പ്രാബല്യത്തിൽ വരും.
ഭേദഗതി ചെയ്ത ചട്ടങ്ങൾ പ്രകാരം പെനാൽട്ടി കിക്ക് തടയാൻ നിൽക്കുന്ന ഗോൾകീപ്പർമാർ പോസ്‌റ്റോ ക്രോസ് ബാറോ ഗോൾ നെറ്റോ സ്പർശിക്കാൻ പാടില്ല. കിക്കെടുക്കുന്നത് വൈകിപ്പിക്കുന്നതിനു വേണ്ടി ചെയ്യുന്ന കാര്യങ്ങളും അനുവദനീയമല്ല. കിക്കെടുക്കുന്ന കളിക്കാരന്റെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിൽ നടത്തുന്ന 'മാന്യമല്ലാത്ത' അംഗവിക്ഷേപങ്ങളും ശരീരചലനങ്ങളും ഇനി മുതൽ അനുവദിക്കപ്പെടില്ല. എതിർ കളിക്കാരെ അപമാനിക്കുംവിധമുള്ള ചേഷ്ടകളും നിരോധിക്കപ്പെട്ടിട്ടുണ്ട്.
'പെനാൽട്ടി പ്രതിരോധിക്കുന്ന ഗോൾകീപ്പർ കിക്കെടുക്കുന്ന കളിക്കാരന് അഭിമുഖമായി, കിക്കെടുക്കുന്നതുവരെ ഗോൾപോസ്റ്റുകളോ ക്രോസ്ബാറോ ഗോൾവലയോ സ്പർശിക്കാതെ ഗോൾലൈനിൽ തുടരണം. കിക്കറുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിൽ -ഉദാഹരണത്തിന് കിക്കെടുക്കുന്നത് വൈകിക്കുക, ഗോൾപോസ്റ്റുകളും ക്രോസ്ബാറും ഗോൾവലയും സ്പർശിക്കുക തുടങ്ങിയവ - ഗോൾകീപ്പർ പെരുമാറരുത്.' - പെനാൽട്ടി കിക്ക് സംബന്ധിച്ച ഇഫാബിന്റെ പതിനാലാം നിയമത്തിന്റെ ഏറ്റവും പുതിയ ഭേദഗതിയിൽ പറയുന്നു.
കിക്കെടുക്കുന്ന കളിക്കാരനെ സമ്മർദത്തിലാക്കാനും മാനസിക ആധിപത്യം സ്ഥാപിക്കാനും ഗോൾകീപ്പർമാർ നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് ഇതോടെ അറുതിയാവുന്നത്. അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, ഓസ്‌ട്രേലിയയുടെ ആൻഡ്ര്യൂ റെഡ്മെയ്ൻ തുടങ്ങിയവർ ഇത്തരം പ്രവർത്തനങ്ങളുടെ പേരിൽ വാർത്തകളിൽ ഇടംനേടിയിരുന്നു. 2022 ലോകകപ്പിന്റെ യോഗ്യതാ പ്ലേഓഫിൽ പെറുവിനെതിരെ ആൻഡ്ര്യൂ റെഡ്മെയ്ൻ നടത്തിയ 'ഗ്രേ വിഗ്ഗിൾ' പ്രസിദ്ധമായിരുന്നു. 119-ാം മിനുട്ടിൽ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ റെഡ്മെയ്ൻ ഗോൾലൈനിൽ അടങ്ങി നിൽക്കാതെ കൈകാലുകൾ ഇളക്കി പെറു കളിക്കാരുടെ ശ്രദ്ധ തെറ്റിക്കാൻ ശ്രമിച്ചിരുന്നു. സഡൻ ഡെത്തിൽ അലക്‌സ് വലേരയുടെ കിക്ക് തടഞ്ഞിട്ട് റെഡ്മെയ്ൻ സോക്കറൂസിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു.
ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരായ ഷൂട്ടൗട്ടിൽ ഉടനീളം ഗോൾലൈനിൽ 'നൃത്തം ചെയ്ത' എമി മാർട്ടിനസ് കിങ്സ്ലി കോമാന്റെ കിക്ക് തടയുകയും, സ്‌പോട്ടിൽ വെച്ച പന്ത് കൈകൊണ്ടെടുത്ത് വലിച്ചെറിഞ്ഞ് ഓറിലിയൻ ചുവാമെനിയുടെ ഏകാഗ്രത നശിപ്പിക്കുകയും ചെയ്തിരുന്നു. എമി വലിച്ചെറിഞ്ഞ പന്ത് നടന്നുപോയി എടുക്കേണ്ടി വന്ന ചുവാമെനി കിക്ക് പുറത്തേക്കാണടിച്ചത്.
പെനാൽട്ടി നിയമത്തിൽ മാറ്റം വരികയാണെന്ന വാർത്തകളോട് എമി മാർട്ടിനസ് നേരത്തെ പ്രതികരിച്ചത്, അത് തന്നെ ബാധിക്കാൻ പോകുന്നില്ലെന്നും ഇനി 20 വർഷത്തേക്ക് പെനാൽട്ടി ഒന്നും തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും കോപ അമേരിക്ക, ലോകകപ്പ് കിരീടങ്ങൾ നേടാൻ കഴിഞ്ഞതിനാൽ തനിക്ക് കുഴപ്പമില്ലെന്നാണ്. പുതിയ നിയമമാറ്റത്തിനെതിരെ എ.സി മിലാന്റെ ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മൈഗ്നൻ രംഗത്തു വന്നു.
"2026-ൽ ഇഫാബിന്റെ പുതിയ പൊൽട്ടി നിയമങ്ങൾ ഇങ്ങനെയായിരിക്കും: ഷോട്ടെടുക്കുമ്പോൾ ഗോൾകീപ്പർമാർ പുറംതിരിഞ്ഞ് നിൽക്കണം, അഥവാ കിക്ക് തടുക്കുകയാണെങ്കിൽ ഒരു ഇൻഡയറക്ട് ഫ്രീകിക്കും നൽകും.' - മൈഗ്നൻ പരിഹസിച്ചു.
നിയമ മാറ്റാതെ "വിഡ്ഢിത്തം' എന്നാണ് മുൻ ആഴ്‌സണൽ താരം ഇയാൻ റൈറ്റ് വിശേഷിപ്പിച്ചത്.