ഇഫ്തികാറിന്റെ ആറാട്ട്; വഹാബ് റിയാസിന്റെ ഒരോവറില്‍ ആറ് സിക്സര്‍
|വഹാബ് അവസാന ഓവർ എറിയാനെത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 എന്ന നിലയിലായിരുന്നു ഗ്ലാഡിയേറ്റേഴ്‌സ്
ക്വെറ്റ: ഒരോവറിലെ മുഴുവന്‍ പന്തുകളും സിക്സര്‍ പറത്തുന്നത് ക്രിക്കറ്റ് മൈതാനത്ത് അപൂര്‍വമായി മാത്രം സംഭവിക്കാറുള്ളതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ യുവരാജ് സിങ്, ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സ്, വെസ്റ്റിന്‍ഡീസിന്‍റെ കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവരൊക്കെ ഈ നേട്ടം സ്വന്തമാക്കിയവരാണ്. ഇപ്പോളിതാ ക്രിക്കറ്റ് ലോകത്ത് മറ്റൊരു സിക്സര്‍ വിസ്മയം പിറവിയെടുത്തിരിക്കുന്നു.
പാകിസ്താന്‍ സൂപ്പര്‍ ലീഗിന്‍റെ ഭാഗമായി ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും പെഷവാർ സൽമിയും തമ്മിൽ നടന്ന പ്രദര്‍ശന മത്സരത്തിലാണ് ഒരോവറിൽ ആറ് സിക്‌സറുകൾ പിറന്നത്. പെഷവാർ സൽമിക്കായി ഇന്നിങ്‌സിലെ അവസാന ഓവർ എറിയാനത്തിയത് പാക് ക്രിക്കറ്റിലെ മികച്ച ബോളർമാരിൽ ഒരാളായ വഹാബ് റിയാസ്. സ്‌ട്രൈക്കിൽ പാക് ടീമിലെ സഹതാരം ഇഫ്തികാർ അഹമ്മദ്. വഹാബിനെ നിർദാക്ഷിണ്യം പ്രഹരിച്ച ഇഫ്തികാർ ഓവറിലെ ആറുപന്തുകളും ബൗണ്ടറിക്ക് മുകളിലൂടെ അതിർത്തി കടത്തി.
മത്സരത്തില്‍ ടോസ് നേടിയ പെഷവാർ സൽമി ക്യാപ്റ്റൻ ബാബർ അസം, ഗ്ലാഡിയേറ്റേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വഹാബ് അവസാന ഓവർ എറിയാനെത്തുമ്പോൾ സ്‌കോർബോർഡിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 എന്ന നിലയിലായിരുന്നു ഗ്ലാഡിയേറ്റേഴ്‌സ്. ഓവര്‍ അവസാനിക്കുമ്പോൾ ടീം സ്കോര്‍ 184 ലെത്തി. മത്സരത്തിൽ 50 പന്തുകളിൽ നിന്ന് 94 റൺസാണ് ഇഫ്തികാർ അടിച്ചെടുത്തത്.