Sports
Igor Stimac ,Indias squad ,Tournament,Footballഇന്ത്യന്‍ ഫുട്ബോള്‍ താരം സുനില്‍ ഛേത്രി പരിശീലനത്തില്‍
Sports

മലയാളികള്‍ ഇല്ല; ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാമ്പ്, സ്ക്വാഡ് പ്രഖ്യാപിച്ചു

Web Desk
|
14 March 2023 1:44 PM GMT

മാർച്ച് 22ന് ആരംഭിക്കുന്ന ത്രിരാഷ്ട്ര രാജ്യാന്തര ഫുട്ബോൾ ടൂർണമെന്‍റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്

കൊൽക്കത്തയിൽ ആരംഭിക്കുന്ന ഇന്ത്യൻ ഫുട്ബോള്‍ ടീം ക്യാമ്പിനായുള്ള 23 അംഗ സ്ക്വാഡിനെ പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രഖ്യാപിച്ചു. മാർച്ച് 22 മുതൽ നടക്കുന്ന ഇന്ത്യയുള്‍പ്പെട്ട ത്രിരാഷ്ട്ര രാജ്യാന്തര ഫുട്ബോൾ ടൂർണമെന്‍റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനുള്ള സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. 23 അംഗ സ്ക്വാഡില്‍ മലയാളി താരങ്ങള്‍ക്ക് ഇടം ലഭിച്ചില്ല. പട്ടികയുടെ റിസര്‍വ് നിരയില്‍ ഇടംനേടിയ സഹൽ അബ്ദുൽ സമദ് മാത്രമാണ് ഇന്ത്യന്‍ സ്ക്വാഡിലെ ഒരേയൊരു മലയാളി സാന്നിധ്യം.


മാർച്ച് 22 മുതൽ 28 വരെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ മ്യാൻമറിനെതിരെയും ക്രിഗിസ് റിപ്പബ്ലികിനെതിരെയുമാണ് ഇന്ത്യയുടെ മത്സരം. അതിനു മുമ്പായി 23 അംഗ സംഘം കൊൽക്കത്തയിൽ അഞ്ച് ദിവസത്തെ ക്യാമ്പിൽ പരിശീലനം നടത്തും. അതില്‍ നിന്നാകും ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്.

സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 23 താരങ്ങളില്‍ 14 പേരും ബുധനാഴ്ച ക്യാമ്പിലെത്തി റിപ്പോർട്ട് ചെയ്യും, മറ്റ് ഒന്‍പത് താരങ്ങള്‍ ഐ.എസ്.എല്‍ ഫൈനല്‍ കളിക്കുന്ന ബെംഗളൂരു-എടികെ മോഹൻ ബഗാൻ ടീമുകളുടെ ഭാഗമായതുകൊണ്ട് തന്നെ ഐ.എസ്.എല്‍ ഫൈനല്‍ കഴിഞ്ഞേ ടീമിനൊപ്പം ചേരൂ.

23 അംഗ സ്ക്വാഡിന് പുറമേ പതിനൊന്ന് കളിക്കാരെ റിസർവ് പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മെയിന്‍ ലിസ്റ്റിലുള്ള താരങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റുകയോ മറ്റ് അസൌകര്യങ്ങളോ ഉണ്ടാകുകയാണെങ്കില്‍ മാത്രമേ ഇവരെ ക്യാമ്പിലേക്ക് വിളിക്കുകയുള്ളൂ. ത്രിരാഷ്ട്ര രാജ്യാന്തര ഫുട്ബോൾ ടൂർണമെന്‍റിനുള്ള കളിക്കാരുടെ അന്തിമ പട്ടിക ഐ.എസ്.എൽ ഫൈനലിനും പരിശീലന ക്യാമ്പ് പൂര്‍ത്തിയായതിനും ശേഷമായിരിക്കും പ്രഖ്യാപിക്കുക.







Similar Posts