''പാക് താരം സ്റ്റിമാച്ചിന്റെ തലക്കടിച്ചത് റഫറി കണ്ടില്ലേ''; വിമര്‍ശനവുമായി സഹ പരിശീലകന്
|ഇന്നലെ മൈതാനത്ത് സംഭവിച്ചതിൽ ഒരു ഖേദവുമില്ലെന്നും ഇനിയും താനാ പ്രവർത്തി ചെയ്യുമെന്നും മത്സരത്തിന് ശേഷം സ്റ്റിമാച്ച് പ്രതികരിച്ചിരുന്നു
ബംഗളൂരു: ഇന്ത്യ പാക് പോരാട്ടങ്ങളുടെ ചൂടും ചൂരുമൊക്കെ നിറഞ്ഞതായിരുന്നു സാഫ് കപ്പിലെ ആദ്യ പോരാട്ടം. മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഇന്ത്യ പാകിസ്താനെ നിലംപരിശാക്കിയത്. മത്സരത്തിനിടെ ചില നാടകീയ സംഭവങ്ങളും അരങ്ങേറി.
കളിയുടെ 45ാം മിനിറ്റിൽ ഗോൾ ലൈന്‍ അടുത്ത് വച്ച് ഇന്ത്യൻ താരം പ്രീതം കോട്ടാലിനെ പാക് താരം ഇഖ്ബാൽ ഫൗൾ ചെയ്തു. ഇതിന് പിന്നാലെ പന്ത് ലൈൻ കടന്ന് പുറത്തേക്ക് പോയി. ത്രോ ചെയ്യാനായി പന്തെടുത്ത ഇഖ്ബാലിന്റെ കയ്യിൽ നിന്ന് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ച് പന്ത് തട്ടിയെടുത്തു. ഇതിനെ തുടർന്ന് പാക് താരങ്ങളും പരിശീലകനും സ്റ്റിമാച്ചിന് നേരെ മുരണ്ടടുത്തു. ഇത് കണ്ട് ഇന്ത്യൻ താരങ്ങളും ഓടിയെത്തിയതോടെ കളി കൈവിട്ടു. കയ്യാങ്കളിയോളമെത്തിയ നാടകീയ സംഭവങ്ങളാണ് പിന്നീട് മൈതാനത്തരങ്ങേറിയത്. ഒടുവിൽ റഫറി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പിന്നാലെ ഇഗോര്‍ സ്റ്റിമാച്ചിന് റെഡ് കാര്‍ഡ് നല്കി റഫറി മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.
ഗ്രൌണ്ടില് എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നത് വ്യക്തമാക്കി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ സഹ പരിശീലകനായ മഹേഷ് ഗൗലി. പാകിസ്താന് താരങ്ങള്‍ ഇന്ത്യന്‍ കോച്ചിനോട് മോശമായി പെരുമാറിയത് റഫറി കണ്ടില്ലെന്ന് നടിക്കുകയായിരുന്നോ എന്ന് ഗൗലി ചോദിച്ചു.
''സ്റ്റിമാച്ച് ആ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ചെയ്തത്. അദ്ദേഗത്തിന് ചുവപ്പുകാര്‍ഡ് ലഭിച്ചത്. എന്നാല്‍ പാകിസ്താന് താരങ്ങള്‍ അദ്ദേഹത്തോട് മോശമായി പെരുമാറുകയും പിടിച്ചു തള്ളുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍ റഫറി എന്തുകൊണ്ട് ഇത് കണ്ടില്ല... അതോ കണ്ടിട്ടും കാണാത്തതുപോലെ ഇരുന്നതാണോ... ഞങ്ങളുടെ പരിശീലകന്റെ തലക്ക് പാക് താരങ്ങള്‍ ഇടിച്ചു, എന്നിട്ടും പാക് ടീമിലെ ഒരാള്‍ക്കും ചുവപ്പുകാര്‍ഡ് നല്‍കിയില്ല'- മഹേഷ് ഗൗലി വിമര്‍ശിച്ചു.
ഇന്നലെ മൈതാനത്ത് സംഭവിച്ചതിൽ ഒരു ഖേദവുമില്ലെന്നും ഇനിയും താനാ പ്രവർത്തി ചെയ്യുമെന്നും മത്സരത്തിന് ശേഷം സ്റ്റിമാച്ച് പ്രതികരിച്ചു. ''ഫുട്ബോൾ എപ്പോഴും ഒരു വികാരമാണ്. പ്രത്യേകിച്ച് നിങ്ങൾ നിങ്ങളുടെ രാജ്യത്തിനായി ബൂട്ടണിയുമ്പോൾ. ഇന്നലെ നടന്ന സംഭവങ്ങളുടെ പേരിൽ നിങ്ങൾക്കെന്നെ വേണമെങ്കിൽ വെറുക്കാം. എന്നാൽ മൈതാനത്ത് നീതീകരിക്കാനാവാത്ത തീരുമാനങ്ങളുണ്ടായാൽ എന്റെ കുട്ടികളെ സംരക്ഷിക്കാനായി ഞാനിനിയും ഇത് പോലെ ചെയ്യും''- സ്റ്റിമാച്ച് പറഞ്ഞു.