Sports
India wins ODI against South Africa
Sports

സഞ്ജുവിന്റെ സെഞ്ച്വറി പഞ്ച്, ഇന്ത്യക്ക് പരമ്പര; വിജയം 78 റൺസിന്

Web Desk
|
21 Dec 2023 7:20 PM GMT

എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് ഇന്ത്യ നേടിയത്

പാൾ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. മൂന്നാം മത്സരത്തിൽ 78 റൺസിനാണ് ഇന്ത്യയുടെ ജയം. എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ സഞ്ച്ജു സാംസണിന്റെ സെഞ്ച്വറി ഇന്ത്യക്ക് കരുത്തായി. നാല് വിക്കറ്റ് നേടി അർഷ്ദീപ് സിംഗും ഇന്ത്യക്ക് ജയിക്കാൻ കളമൊരുക്കി.

റീസ ഹെൻഡ്രിക്‌സ്-ടോണി കൂട്ടുകെട്ടിൽ മികച്ച തുടക്കമാണ് (59) ദക്ഷിണാഫ്രിക്ക കാഴ്ചവച്ചത്. എന്നാൽ റീസയെ അർഷ്ദീപ് പുറത്താക്കിയത് കനത്ത തിരിച്ചടിയായി. പിന്നീടെത്തിയ റാസി വാൻഡറിന് തിളങ്ങാനായില്ല. എയ്ഡൻ മാർക്രമുൾപ്പടെ പിന്നീടെത്തിയ എല്ലാവരും തന്നെ പ്രതീക്ഷ തെറ്റിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മോശമായിരുന്നു. എന്നാൽ കളിക്കാനവസരം ലഭിച്ച രണ്ടാം മത്സരമായ ഇന്ന് 108 റൺസുമായാണ് പാളിലെ ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ സഞ്ജു സാംസൺ ആറാടിയത്. 114 പന്തുകളിൽ ആണ് മലയാളി താരത്തിന്റെ നേട്ടം. 46.6 ഓവറിൽ ലിസാദ് വില്യംസണിന്റെ പന്തിൽ ഹെയ്ന്റിച്ച് ക്ലാസെൻ പിടിച്ചാണ് സഞ്ജു പുറത്തായത്.

അർധ സെഞ്ചുറിയുമായി തിലക് വർമ സഞ്ജുവിന് മികച്ച പിന്തുണ നൽകി. 77 പന്തിൽ തിലക് വർമ 55 റൺസെടുത്തപ്പോൾ റിങ്കു സിങ്ങാണ് ഭേദപ്പെട്ട സ്‌കോർ സംഭാവന ചെയ്ത മറ്റൊരു ബാറ്റർ. 27 പന്തിൽ 38 റൺസാണ് റിങ്കു അടിച്ചുകൂട്ടിയത്. ഓപണർമാരായ രജത് പട്ടിദാറിനും സായ് സുദർശനും തിളങ്ങാനായില്ല. യഥാക്രമം 22ഉം 10ഉം റൺസെടുത്താണ് ഇരുവരും പുറത്തായത്.

4.4 ഓവറിൽ പട്ടിദാർ ആദ്യം മടങ്ങിയപ്പോൾ വൺ ഡൗണായെത്തിയ സഞ്ജു നിറഞ്ഞാടുകയായിരുന്നു. ഒരു വേള തിലക് വർമയും മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ കെ.എൽ രാഹുൽ (21), വാഷിങ്ടൺ സുന്ദർ (14) എന്നിവരാണ് ടീമിൽ രണ്ടക്കം തികച്ച മറ്റുള്ളവർ. ഏഴ് റൺസുമായി അർഷ്ദീപ് സിങ്ങും ഒരു റൺസുമായി ആവേശ് ഖാനും പുറത്താവാതെ നിന്നു.

Similar Posts