Sports
രാജകീയം കോഹ്ലി, കൊടുങ്കാറ്റായി ഗില്‍; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
Sports

രാജകീയം കോഹ്ലി, കൊടുങ്കാറ്റായി ഗില്‍; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

Web Desk
|
15 Jan 2023 8:47 AM GMT

166 റണ്‍സെടുത്ത കോഹ്ലി ഏകദിനത്തില്‍ തന്‍റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ കൂടിയാണ് കണ്ടെത്തിയത്. ഹോം ഗ്രൌണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്‍റെ നേട്ടവും ഇന്നത്തെ പ്രകടനത്തോടെ കോഹ്ലി മറികടന്നു.

ശ്രീലങ്കന്‍ ബൌളര്‍മാര്‍ക്ക് യാതൊരു അവസരവും കൊടുക്കാതെ ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്‍ലിയും ആടിത്തകര്‍ത്തപ്പോള്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ ടീം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തു. ഗില്ലിന്‍റെ രണ്ടാം ഏകദിന സെഞ്ച്വറിക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷിയായപ്പോള്‍ മറുവശത്ത് കോഹ്ലി തന്‍റെ 46-ാം ഏകദിന സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 131 റണ്‍സിന്‍റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

166 റണ്‍സെടുത്ത കോഹ്ലി ഏകദിനത്തില്‍ തന്‍റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ കൂടിയാണ് കണ്ടെത്തിയത്. പാകിസ്താനെതിരെ നേടിയ 183 റണ്‍സാണ് കോഹ്ലിയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോര്‍. ഹോം ഗ്രൌണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്‍റെ നേട്ടവും ഇന്നത്തെ പ്രകടനത്തോടെ കോഹ്ലി മറികടന്നു. ഇന്നത്തെ സെഞ്ച്വറിയുള്‍പ്പെടെ 21 സെഞ്ച്വറികളാണ് കോഹ്ലി ഇന്ത്യന്‍ മണ്ണില്‍ വെച്ച് നേടിയിട്ടുള്ളത്. ഹോം ഗ്രൌണ്ടില്‍ സച്ചിന്‍റെ 20 സെഞ്ച്വറികളെന്ന നേട്ടമാണ് കോഹ്ലി മറികടന്നത്.

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് 95 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. സെഞ്ച്വറി കൂട്ടുകെട്ടിന് തൊട്ടരികെ രോഹിത് മടങ്ങുകയായിരുന്നു. ചാമിക കരുണരത്‌നെയുടെ പന്തില്‍ ആവിഷ്ക ഫെർണാണ്ടോയ്ക്ക് ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായത്. 49 പന്തില്‍ മൂന്ന് സിക്സറും രണ്ട് ബൌണ്ടറിയുമുള്‍പ്പെടെ 42 റണ്‍സ് രോഹിത് നേടി.

പിന്നാലെയെത്തിയ വിരാട് കോഹ്ലി ഗില്ലിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ടീം സ്കോര്‍ ടോപ് ഗിയറിലായി. ഇന്ത്യന്‍ സ്കോര്‍ 200 കടന്നപ്പോള്‍ ഗില്‍ തന്‍റെ ഏകദിന കരിയറിലെ രണ്ടാം സെഞ്ച്വറിയും കണ്ടെത്തി. 89 പന്തില്‍ 14 ബൌണ്ടറിയും രണ്ട് സിക്സറും പറത്തിയാണ് ഗില്‍ മൂന്നക്കം കണ്ടെത്തിയത്. സെഞ്ച്വറി നേടിയതിന് പിന്നാലെ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഗില്‍ വീണു. 97 പന്തില്‍ 14 ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെ 116 റണ്‍സെടുത്ത ഗില്ലിനെ കസൂൻ രജിതയാണ് ബൌള്‍ഡാക്കിയത്.

മറുഭാഗത്ത് ഗില്‍ നിര്‍ത്തിയിടത്തുനിന്ന് കോഹ്‍ലി തുടങ്ങി. ശ്രേയസ് അയ്യറെ കാഴ്ചക്കാരനാക്കി കോഹ്‍ലി ടീം സ്കോര്‍ 250ഉം 300ഉം കടത്തി. ഏറെക്കാലത്തെ റണ്‍വരള്‍ച്ചക്ക് പഴികേട്ട കോഹ്‍ലി വീണ്ടും പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധമാണ് ബാറ്റ് വീശിയത്. ഒടുവില്‍ വീണ്ടും ആ ബാറ്റില്‍ നിന്ന് തുടര്‍ച്ചയായി സെഞ്ച്വറി പെയ്തിറങ്ങുന്ന കാഴ്ചക്ക് ആരാധകര്‍ സാക്ഷിയാകുകയാണ്. ഈ പരമ്പരയിലെ കോഹ്ലിയുടെ രണ്ടാം സെഞ്ച്വറിയാണിത്. 110 പന്തില്‍ 13 ബൌണ്ടറിയും എട്ട് സിക്സറുമുള്‍പ്പെടെയാണ് കോഹ്‍ലിയുടെ മാരത്തണ്‍ ഇന്നിങ്സ്(166*) .

കോഹ്ലി അവസാനമായി കളിച്ച നാല് അന്താരാഷ്ട് മത്സരങ്ങളില്‍ മൂന്ന് തവണയും കോഹ്‍ലി ബാറ്റ് താഴെവെച്ചത് സെഞ്ച്വറി നേടിയ ശേഷമാണ്. അഫ്ഗാനിസ്താനെതിരെ കഴിഞ്ഞ ഏഷ്യാ കപ്പ് ടി20യില്‍ സെഞ്ച്വറി വരള്‍ച്ചക്ക് വിരാമമിട്ട കോഹ്ലി അതിന് ശേഷം നടന്ന ബംഗ്ലാദേശ് ഏകദിന പരമ്പരയിലും സെഞ്ച്വറി നേടി. അതിന് ശേഷം ശ്രീലങ്കയുമായുള്ള ഈ പരമ്പരയിലെ ആദ്യ ഏകദനിത്തിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കി. അവസാനം കളിച്ച നാല് ഏകദിന മത്സരങ്ങളില്‍ മൂന്നിലും കോഹ്ലിയുടെ ബാറ്റ് സെഞ്ച്വറി കണ്ടെത്തി.

ലഹിരു കുമാരയാണ് കോഹ്‍ലി-അയ്യര്‍ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് പിരിക്കുന്നത്. അയ്യറിനെ സബ് ആയിറങ്ങിയ ഡിസില്‍വയുടെ കൈകളില്‍ എത്തിച്ചാണ് ലഹിരു കുമാര 108 റണ്‍സിന്‍റെ കൂട്ടുകെട്ട് തകര്‍ത്തത്. 32 പന്തില്‍ രണ്ട് ബൌണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെ അയ്യര്‍ 38 റണ്‍സെടുത്തു. പിന്നീടെത്തിയ കെ.എല്‍ രാഹുലിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത രാഹുലിനെയും ലഹിരു കുമാരയാണ് മടക്കിയത്. സൂര്യകുമാര്‍ യാദവും വന്നതുപോലെ തന്നെ മടങ്ങി, നാല് പന്തില്‍ നാല് റണ്‍സെടുത്ത സൂര്യയെ കസൂൻ രജിതയാണ് തിരിച്ചയച്ചത്.

രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഹർദിക് പാണ്ഡ്യയും ഉമ്രാൻ മാലിക്കും ഇറങ്ങില്ല. പകരം സൂര്യകുമാർ യാദവും വാഷിങ്ടൻ സുന്ദറും ടീമില്‍ ഇടം നേടി. അസുഖത്തത്തുടര്‍ന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രാഹുൽ ദ്രാവിഡ് ഇന്ന് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടണ്‍ സുന്ദർ, അക്സര്‍ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

ശ്രീലങ്കൻ ടീം: ആവിഷ്ക ഫെർണാണ്ടോ, നുവാനിന്ദു ഫെർണാണ്ടോ, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), ആഷേൻ ഭണ്ഡാര, ചാരിത് അസലങ്ക, ദസുൻ ശാനക (ക്യാപ്റ്റൻ), വാനിന്ദു ഹസരംഗ, ജെഫ്രി വാൻഡർസേ, ചാമിക കരുണരത്‌നെ, കസൂൻ രജിത, ലഹിരു കുമാര

Similar Posts