Sports
കളി എട്ടോവറാക്കി ചുരുക്കി, ഇന്ത്യ-ഓസ്ട്രേലിയ ടി20 9.30ക്ക് തുടങ്ങും
Sports

കളി എട്ടോവറാക്കി ചുരുക്കി, ഇന്ത്യ-ഓസ്ട്രേലിയ ടി20 9.30ക്ക് തുടങ്ങും

Web Desk
|
23 Sep 2022 1:52 PM GMT

ആദ്യം ഏഴു മണിക്ക് ഗ്രൌണ്ട് പരിശോധിച്ചെങ്കിലും നനവ് മാറിയിട്ടില്ലെന്ന് കണ്ടതോടെ എട്ടു മണിക്കേക്ക് അടുത്ത പരിശോധന ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്.

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ രണ്ടാം ടി20 മത്സരം എട്ടോവറാക്കി ചുരുക്കി. ഒരു ഘട്ടത്തില്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് തോന്നിയെങ്കിലും പകുതിയിലധികം ഓവറുകള്‍ ചുരുക്കി കളി തുടരാന്‍ നിശ്ചയിക്കുകയായിരുന്നു.ടോസ് നേടിയ ഇന്ത്യ ബൌളിങ് തെരഞ്ഞെടുത്തു

വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൌണ്ടിലെ ഔട്ട് ഫീല്‍ഡിലെ നനവ് മാറാത്തതാണ് മത്സരം വൈകാന്‍ കാരണം. നാഗ്പൂരില്‍ പലയിടത്തും ഇന്നലെ നിര്‍ത്താതെ പെയ്തിരുന്നു. ആദ്യം ഏഴു മണിക്ക് ഗ്രൌണ്ട് പരിശോധിച്ചെങ്കിലും നനവ് മാറിയിട്ടില്ലെന്ന് കണ്ടതോടെ എട്ടു മണിക്കേക്ക് അടുത്ത പരിശോധന ഷെഡ്യൂള്‍ ചെയ്തു. പിന്നീട് 8.45ന് നടത്തിയ പരിശോധനക്ക് ശേഷം മത്സരം എട്ടോവറാക്കി വെട്ടിച്ചുരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് ഇന്നത്തെ രണ്ടാം ടി20 നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക് അത് തിരിച്ചടിയാകുമായിരുന്നു.

ആദ്യ മത്സരത്തില്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ആ സ്കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്കായില്ല. ഇന്ത്യ ഉയർത്തിയ 208 റൺസ് നാല് ബോൾ ബാക്കിവെച്ചാണ് ആസ്‌ത്രേലിയ മറികടന്നത്. കാമറോൺ ഗ്രീനിന്റെയും മാത്യൂ വേഡിന്റെയും തകർപ്പനടിയിൽ മത്സരം ഇന്ത്യയിൽ നിന്ന് കങ്കാരുപ്പട പിടിച്ചുവാങ്ങുകയായിരുന്നു. ഇന്ത്യ ഉയർത്തിയ സ്‌കോർ അനായേസേന മറികടക്കാം എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ആസ്‌ത്രേലിയ മറുപടി ബാറ്റിങ്ങ് ആരംഭിച്ചത്. ടീം 39 റൺസിൽ നിൽക്കെ ആരോൺ ഫിഞ്ച് 22 ന് പുറത്തായെങ്കിലും കാമറോൺ ഗ്രീനും സ്റ്റീവൻ സ്മിത്തും ചേർന്ന് സ്‌കോർ വേഗത്തിൽ ഉയർത്തി. മികച്ച ഫോമിൽ നിൽക്കെ അക്‌സർ അവതരിച്ചു. കോഹ്‌ലിക്ക് ക്യാച്ച് നൽകി ഗ്രീൻ പുറത്ത്. 30 ബൗളിൽ എട്ട് ഫോറും നാല് സിക്‌സറുമടിച്ച് 61 റൺസാണ് ഗ്രീൻ ടീമിന് സംഭാവന ചെയ്തത്. 35ൽ നിൽക്കെ സ്മിത്തും പുറത്തായി.

പ്രതീക്ഷയോടെ എത്തിയ മാക്‌സ് വെൽ 1 റൺസിന് കൂടാരം കയറി. പതുക്കെ റൺ ഉയർത്തിയ ജോഷ് ഇൻഗ്‌ളിസും17 റൺസിന് പുറത്തായതോടെ കളി കൈവിട്ടെന്ന് ഓസ്‌ട്രേലിയൻ ആരാധകർ ഉറപ്പിച്ചു. അവിടെ ടിം ഡേവിഡും മാത്യൂ വെയ്ഡും കളി ഏറ്റെടുത്തു. ഇരുവരും ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ടീമിനെ വിജയത്തിലെത്തിച്ചേ ഇരുവരും ക്രീസ് വിടൂ എന്ന് ഉറപ്പിച്ചെങ്കിലും അവസാന ഓവറിൽ 18 റൺസിൽ ഡേവിഡ് പുറത്തായി. പാറ്റ് കമ്മിൻസ് എത്തി ജയമുറപ്പിച്ച് മടങ്ങി. ഇന്ത്യക്കായി നാല് ഓവറിൽ 17 റൺസ് വിട്ട്‌കൊടുത്ത് മൂന്ന് വിക്കറ്റ് അക്‌സർ വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ് രണ്ട് വിക്കറ്റും നേടി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ആസ്‌ത്രേലിയയെ കണക്കിന് പ്രഹരിച്ചാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്രീസ് വിട്ടത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് ഇന്ത്യ ആസ്‌ത്രേലിയക്ക് മുന്നിൽ വെച്ചത്. 71 റൺസ് നേടിയ ഹർദിക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. 30 ബോളിൽ ഏഴ് ഫോറും അഞ്ച് സിക്‌സറിന്റെയും അകമ്പടിയിലാണ് ഹർദിക് 71 റൺസ് നേടിയത്.

മെല്ലെ തുടങ്ങിയ ഇന്ത്യൻ ബാറ്റിങ് പിന്നീട് കത്തിക്കയറുകയായിരുന്നു. ഇന്ത്യക്ക് തുടക്കം തന്നെ പാളിയിരുന്നു. ടീം 21 റൺസിൽ നിൽക്കുമ്പോൾ 11 റൺസിൽ ക്യാപ്റ്റൻ രോഹിത് ശർമ കൂടാരം കയറി. ഹസൽവുഡാണ് രോഹിത്തിനെ വീഴ്ത്തിയത്. ഏഷ്യകപ്പിലെ അവസാന മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലി പ്രതീക്ഷകൾ മുഴുവൻ തെറ്റിച്ച് ഏഴ് ബൗൾ നേരിട്ട് രണ്ട് റൺസിന് പുറത്തായി.

പിന്നാലെ എത്തിയ സൂര്യകുമാർ യാദവും കെ.എൽ രാഹുലും ചേർന്ന് ടീമിന്റെ സ്‌കോർ അതിവേഗത്തിൽ ഉയർത്തി. പക്ഷേ ടീം 103 ൽ നിൽക്കെ രാഹുൽ (55) പുറത്തായി. ഗ്രീൻ, സൂര്യകുമാറിനെയും (46) കൂടാരം കയറ്റി. ഹർദിക് പാണ്ഡ്യയും അക്‌സർ പട്ടേലും കളി ഏറ്റെടുക്കുമെന്ന് തോന്നിയെങ്കിലും ആറ് റൺസിൽ അക്‌സർ വീണു. വീണ്ടെടുത്ത ഫോമിൽ സെല്കടർമാരെ വീഴ്ത്തി ടീമിൽ സ്ഥാനം പിടിച്ച ദിനേഷ് കാർത്തികിന്റെ ഊഴമായിരുന്നു അടുത്തത്. പക്ഷേ ആറ് റൺസിൽ ഒതുങ്ങാനായിരുന്നു കാർത്തികിന്റെ വിധി. അവസാന ഓവറുകളിലെ ഹർദിക്ക് മാജിക് ആവർത്തിച്ചതോടെ ഇന്ത്യയുടെ സ്കോർ 208ൽ എത്തി.ഓസ്‌ട്രേലിയക്ക് വേണ്ടി നഥാൻ എല്ലിസ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹസ്‌ലെവുഡ് രണ്ട് വിക്കറ്റും ഗ്രീൻ ഒരുവിക്കറ്റും വീഴ്ത്തി. ടിം ഡേവിഡിന് അരങ്ങേറ്റാവസരം നൽകുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ നിരയിൽ പന്തിന് ടീമിൽ അവസരമില്ലായിരുന്നു. ജസ്പ്രീത് ബുംറയ്ക്കും ടീമിലിടം കിട്ടിയില്ല. അക്സര്‍ പട്ടേലും യൂസുവേന്ദ്ര ചഹാലും അതേ സമയം ടീമിലെത്തി.

Similar Posts