Sports
ഒടുവില്‍ ആ കണക്ക് തീര്‍ത്തു; ഇനി കലാശപ്പോരില്‍ പ്രോട്ടീസ്
Sports

ഒടുവില്‍ ആ കണക്ക് തീര്‍ത്തു; ഇനി കലാശപ്പോരില്‍ പ്രോട്ടീസ്

Web Desk
|
28 Jun 2024 2:43 AM GMT

ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍

അങ്ങനെ രോഹിതും സംഘവും ആ കണക്ക് തീര്‍ത്തു. കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമിയിൽ, നേരിട്ട പരാജയത്തിന് ഇന്ത്യൻ മറുപടി ഗയാനയിൽ. അതും 68 റൺസിന്‍റെ ആധികാരിക ജയം. 172 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 103ന് പുറത്തായി. ഇന്ത്യൻ സ്പിന്നർമാർ ഒരുക്കിയ വാരിക്കുഴിയില്‍ വീണു ഇംഗ്ലീഷ് ബാറ്റർമാർ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും അക്സർ പട്ടേലും ഇന്ത്യയുടെ വിജയ ശില്‍പികളായി. ഒപ്പം തീപ്പന്തുകളായി ജസ്പ്രീത് ബൂമ്രയും കളംപിടിച്ചതോടെ ഇംഗ്ലീഷ് വധം പൂര്‍ണം. നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ ബുംറയും നേടി .ഇംഗ്ലീഷ് നിരയിൽ 25 റൺസ് എടുത്ത ഹാരി ബ്രൂക്കും 23 റൺസ് എടുത്ത, ജോസ് ബട്ലറും 21 റൺസ് എടുത്ത ജോഫ്ര ആർച്ചറുമാണ് അല്‍പമെങ്കിലും പൊരുതി നോക്കിയത്.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച ബൗളിങ് നിരക്ക് തന്നെയാണ് ഈ വിജയത്തിന്‍റേയും ക്രെഡിറ്റ്. ജോസ് ബട്ട്ലറും ഫിൽ സാൾട്ടുമടങ്ങുന്ന കരുത്തുറ്റ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് മുന്നിൽ ഇന്ത്യൻ ബൗളർമാരുടെ സംഹാര താണ്ഡവമായിരുന്നു. കളിയുടെ നാലാം ഓവറിൽ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലറേ പുറത്താക്കി അക്സർ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. മുൻനിര ബാറ്റർമാരായ മോയിൻ അലിയുടേയും ബെയർസ്റ്റൗവിന്റെയും ഉൾപ്പെടെ നിർണായകമായ മൂന്ന് വിക്കറ്റുകളാണ് അക്സർ സ്വന്തമാക്കിയത്. അക്സറിനൊപ്പം സ്പിൻ തന്ത്രങ്ങളുമായി കുൽദീപ് യാദവും ചേർന്നപ്പോൾ ഇംഗ്ലണ്ട് ബാറ്റിങ് നിര തകർന്നടിഞ്ഞു. മൂന്ന് വിക്കറ്റുകളാണ് കുൽദീപും സ്വന്തമാക്കിയത്. ബുംറയുടെ മിന്നൽ പന്തുകൾക്ക് മുന്നിൽ ഇംഗ്ലണ്ടിന്റെ ലോകോത്തര ബാറ്റർമാരും മുട്ട്കുത്തി. അപകടകാരിയായ ഫിൽ സാൾട്ടിനെ ആദ്യം തന്നെ ഡഗ്ഔട്ടിലേക്ക് മടക്കിയ ബുംറ ഇംഗ്ലണ്ട് നിരയെ സമ്മർദത്തിലാക്കി. ഫീൽഡിങ്ങിലും ഇന്ത്യൻ താരങ്ങളുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും അവിസ്മരണീയ പ്രകടനങ്ങൾക്ക് ആരാധകർ സാക്ഷ്യം വഹിച്ച മത്സരത്തിൽ അക്സർ പട്ടേലാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശർമയുടെ ബാറ്റിങ് വെടിക്കെട്ടിലാണ് ഫൈനൽ ലക്ഷ്യം വെച്ചുള്ള പോരാട്ടത്തിന് തുടക്കം കുറച്ചത്. നായകന്റെ അർധസെഞ്ചുറിയാണ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് കരുത്ത് പകർന്നത്. രോഹിത് 39 പന്തിൽ 57 റൺസ് നേടി. വിരാട് കോഹ്ലിയേയും റിഷഭ് പന്തിനേയും ആദ്യം തന്നെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ സൂര്യകുമാർ യാദവിന്റെ ഇന്നിങ്സ് മധ്യനിരയിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കി. രോഹിത് ശർമയ്ക്കൊപ്പം ചേർന്ന് 73 റൺസാണ് സൂര്യ കൂട്ടിച്ചേർത്തത്. 36 പന്തിൽ 47 റൺസെടുത്താണ് സൂര്യ മടങ്ങുന്നത്. പിന്നാലെയെത്തിയ ഹർദിക്ക് പാണ്ഡ്യയും അക്സർ പട്ടേലും രവീന്ദ്ര ജഡേജയും വന്പൻ അടികളുമായി റൺവേട്ട തുടര്‍ന്നപ്പോള്‍ ഇന്ത്യ 171 റൺസെന്ന മികച്ച സ്കോറിൽ.

Similar Posts