Sports
രാജ്‌കോട്ടിൽ ഇംഗ്ലീഷ് വധം; ഇന്ത്യക്ക് 434 റണ്‍സിന്‍റെ കൂറ്റൻ ജയം
Sports

രാജ്‌കോട്ടിൽ ഇംഗ്ലീഷ് വധം; ഇന്ത്യക്ക് 434 റണ്‍സിന്‍റെ കൂറ്റൻ ജയം

Web Desk
|
18 Feb 2024 11:44 AM GMT

അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് നേടിയ കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയത്

രാജ്കോട്ട്: രാജ്‌കോട്ടിൽ ഇന്ത്യ ഉയർത്തിയ റൺമലക്ക് മുന്നിൽ ഒന്ന് പൊരുതി നോക്കാൻ പോലുമാവാതെ ഇംഗ്ലീഷ് ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ മൂന്നാം ടെസ്റ്റിലും ഇന്ത്യൻ വീരഗാഥ. 434 റൺസിനാണ് ഇന്ത്യയുടെ തകർപ്പൻ ജയം. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 556 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് വെറും 122 റൺസിന് കൂടാരം കയറി. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് നേടിയ കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയത് . 33 റൺസ് നേടിയ മാർക്ക് വുഡാണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ.

പരമ്പരയിലെ രണ്ടാം ഇരട്ട സെഞ്ച്വറിയുമായി കളം നിറഞ്ഞ യശസ്വി ജയ്‌സ്വാളിന്റേയും അരങ്ങേറ്റ മത്സരത്തിൽ രണ്ടാം അർധ സെഞ്ച്വറിയുമായി തകർത്തടിച്ച സർഫറാസ് ഖാന്റേയും മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയ ലക്ഷ്യം ഉയർത്തിയത്. ഏകദിനശൈലിയിൽ ബാറ്റ് വീശിയ ജയ്‌സ്വാൾ 236 പന്തിൽ നിന്ന് 214 റൺസാണ് അടിച്ചെടുത്തത്. 12 സിക്‌സും 14 ഫോറുമടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിങ്‌സ്.

72 പന്തിൽ നിന്ന് 68 റൺസെടുത്ത് പുറത്താവാതെ നിന്ന സർഫറാസ് ആദ്യ ഇന്നിങ്‌സിൽ നിർത്തിയേടത്ത് നിന്ന് തുടങ്ങുകയായിരുന്നു. മൂന്ന് സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു സർഫറാസിന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിന് മുന്നിൽ റൺമല തന്നെ ഉയർന്നപ്പോൾ ഇന്ത്യ 430 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 445 റൺസാണുയർത്തിയത്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 319 റൺസിന് കൂടാരം കയറി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.

Similar Posts