കോഹ്ലി -രാഹുൽ-കുൽദീപ് ഷോ; ഇന്ത്യക്ക് കൂറ്റൻ ജയം
|പാകിസ്താനെ തകർത്തത് 228 റൺസിന്
കൊളംബോ: മഴമേഘങ്ങള്‍ മാറി മാനം തെളിഞ്ഞപ്പോള്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യന്‍ വീരഗാഥ. ആദ്യം ബാറ്റ് കൊണ്ടും പിന്നീട് പന്ത് കൊണ്ടും പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കളംനിറഞ്ഞപ്പോള്‍ 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 356 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന് വെറും 128 റണ്‍സിന് കൂടാരം കയറി. ഇന്ത്യക്കായി എട്ടോവറില്‍ വെറും 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. പാകിസ്താന് വേണ്ടി വെറും നാല് ബാറ്റര്‍മാരാണ് രണ്ടക്കം കടന്നത്. 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാക് നിരയിലെ ടോപ് സ്കോറര്‍.
നേരത്തേ സെഞ്ച്വറികളുമായി കളംനിറഞ്ഞ വിരാട് കോഹ്ലിയുടേയും കെ.എല്‍ രാഹുലിന്റേയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയര്‍ത്തിയത്. കളിയുടെ ആദ്യ ദിനം മഴ വില്ലനായെത്തിയതോടെ പാതിവഴിയിൽ അവസാനിപ്പിച്ചിടത്തു നിന്നും രണ്ടാം ദിനം തുടങ്ങിയ ഇന്ത്യ കത്തിക്കയറുകയായിരുന്നു. ഇന്നും മഴ മൂലം വൈകിയാണ് കളി തുടങ്ങിയത്. മാനം തെളിഞ്ഞപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ടോപ് ഗിയറിലായി. പേര് കേട്ട പാക് ബോളിങ് നിരയെ കോഹ്ലിയും രാഹുലും തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്ചയ്ക്കാണ് ആർ. പ്രേമദാസ സ്റ്റേഡിയം സാക്ഷിയായത്. നിശ്ചിത ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 356 റൺസ് അടിച്ചെടുത്തത്.
94 പന്തിൽ മൂന്ന് സിക്സറുകളുടേയും നാല് ഫോറിന്റേയും അകമ്പടിയോടെ 122 റൺസാണ് കോഹ്ലി അടിച്ചുകൂട്ടിയത്. 106 പന്തിൽ 111 റൺസാണ് രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 12 ഫോറും രണ്ട് സിക്സറും ഉൾപ്പെടെയാണിത്. ഷഹീൻ അഫ്രീദി (79)യും ഫഹീം അഷ്റഫും (74) ശദാബ് ഖാനും (71) ആണ് പാക് ബൗളിങ് നിരയിൽ ഏറ്റവും കൂടുതൽ അടി വാങ്ങിയത്.
ഇന്നലെ ഇന്ത്യന്‍ സ്കോര്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റിന് 147 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മഴ ഇടയ്ക്ക് നിന്നെങ്കിലും ഗ്രൗണ്ടും ഔട്ട്ഫീല്‍ഡും പൂര്‍ണമായി ഉണക്കിയെടുക്കാനുള്ള ഇടവേള ലഭിച്ചില്ല. അപ്പോഴേക്കും മഴ വീണ്ടുമെത്തി. മഴ ഭീഷണി ഉണ്ടായതിനാൽ മത്സരത്തിന് നേരത്തേ തന്നെ റിസര്‍വ് ദിനം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കളി ഇന്നലെ 24.1 ഓവറിൽ അവസാനിപ്പിക്കുകയായിരുന്നു.
ആദ്യ ദിനത്തിലും മിന്നും പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ കാഴ്ച വച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാക് പേസര്‍മാരുടെ ആക്രമണത്തില്‍ തകര്‍ന്നുപോയ ഇന്ത്യയുടെ മുന്‍നിര ആ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് ഇന്നലെ കാഴ്ചവച്ചത്. നായകന് രോഹിത് ശര്‍മയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് തുടക്കമിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് 16 ഓവറില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് പടുത്തുയര്‍ത്തിയത്. 49 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്സറുമുള്‍പ്പെടെ രോഹിത് ശര്‍മ 56 റണ്‍സെടുത്തു. 52 പന്തില്‍ പത്ത് ബൗണ്ടറിയുള്‍പ്പെടെ ഗില്‍ 58 റണ്‍സും അടിച്ചെടുത്തു.
എട്ട് റണ്‍സോടെ കോഹ്ലിയും 17 റണ്‍സോടെ രാഹുലും നില്‍ക്കുമ്പോഴാണ് മത്സരത്തിന്റെ ആവേശം കെടുത്താന്‍ രസംകൊല്ലിയായി മഴയെത്തിയത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്ന രാഹുല്‍ ഏഷ്യാ കപ്പ് സ്ക്വാഡിലൂടെയാണ് വീണ്ടും ടീമിലെത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പൂര്‍ണമായും ഫിറ്റ്നസ് കൈവരിക്കാത്തതിനാൽ രാഹുലിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാൽ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഈ പ്രകടനത്തിലൂടെ താരം.