നാടകാന്ത്യം ഇന്ത്യ; കിവികൾക്കെതിരെ ആറ് വിക്കറ്റ് ജയം
|ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമായി.
ലഖ്നൗ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമായി. അടുത്ത മത്സരത്തിൽ വിജയിക്കുന്നവർ പരമ്പരയിലെ ചാമ്പ്യന്മാരാകും. ഫെബ്രുവരി ഒന്നിനാണ് അടുത്ത മത്സരം.
ആദ്യ ടി20യിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവിപ്പട 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 99 റൺസാണ് നേടിയത്. ഈ ലക്ഷ്യം ഇന്ത്യ എളുപ്പത്തിൽ മറികടക്കുമെന്നായിരുന്നു പലരുടെയും പ്രതീക്ഷയെങ്കിലും വിജയിക്കാൻ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തേണ്ടിവന്നു. വിയർത്തുകളിച്ച മത്സരത്തിൽ അവസാന ഓവറിൽ അഞ്ചാം പന്തിലാണ് ഇന്ത്യ വിജയറൺ നേടിയത്.
അത്ര മികച്ച തുടക്കമല്ല ഇന്ത്യൻ ഓപ്പണർമാർ കാഴ്ചവച്ചത്. ശുഭ്മാൻ ഗിൽ 11ഉം ഇഷാൻ കിഷൻ 19ഉം റൺസുമായി പുറത്തായി. കിഷനെ ഗ്ലെൻ ഫിലിപ്‌സ് റണ്ണൗട്ടാക്കിയപ്പോൾ ഗില്ലിനെ ബ്രെയ്‌സ്‌വെൽ ഫിൻ അലന്റെ കൈകളിലെത്തിച്ചു. വൺഡൗണായെത്തിയ രാഹുൽ തൃപാദി ഇഷ് സോഥിയുടെ പന്തിൽ ഫിലിപ്‌സിന് ക്യാച്ച് നൽകി.
തുടർന്ന് സൂര്യകുമാറിനൊപ്പം നിന്ന് പൊരുതാൻ തുടങ്ങിയെങ്കിലും വാഷിങ്ടൺ സുന്ദർ ഒമ്പത് പന്തിൽ 10 റൺസെടുത്ത് പുറത്തായി. ബ്ലെയർ ടിക്നറിന്റെ കൈകളാൽ റൺ ഔട്ടായായിരുന്നു സുന്ദറിന്റെ മടക്കം. പിന്നീട് സൂര്യകുമാർ യാദവും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും ചേർന്നുള്ള കൂട്ടുകെട്ടാണ് ടീം ഇന്ത്യയെ വിജയിപ്പിച്ചത്. സൂര്യകുമാർ 31 പന്തിൽ 26ഉം 20 പന്തിൽ 15ഉം റൺസെടുത്താണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
19 റൺസ് നേടിയ നായകൻ സാൻറനറാണ് ന്യൂസിലൻഡിന്റെ ടോപ്സ്‌കോററർ. 17ാം ഓവറിൽ മാത്രം ബൗൾ ചെയ്യാനെത്തിയ അർഷദീപ് സിംഗിന് രണ്ടും ബാക്കിയുള്ളവർ ഓരോന്നും വിക്കറ്റുകൾ വീഴ്ത്തി. ഹർദിക്, വാഷിംഗ്ഡൺ സുന്ദർ, യുസ്വേന്ദ്രചഹൽ, ദീപക് ഹൂഡ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഒരു ഓവർ മാത്രം ചെയ്ത ശിവം മാവിക്ക് ഒറ്റ വിക്കറ്റും ലഭിച്ചില്ല.
ന്യൂസിലൻഡിന്റെ ഓപ്പണർമാർ രണ്ട് പേരും 11 റൺസ് നേടി തിരിച്ചുനടന്നു. ഫിൻ അലനെ യുസ്വേന്ദ്ര ചഹൽ ബൗൾഡാക്കിയപ്പോൾ ഡീവൺ കോൺവേയെ വാഷിംഗ്ഡൺ സുന്ദർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. നാലാമതിറങ്ങിയ ഗ്ലെൻ ഫിലിപ്പിനെ ദീപക് ഹൂഡ ബൗൾഡാക്കി. അഞ്ച് റൺസ് മാത്രമെടുത്ത ഡാരിൽ മിച്ചലിനെ കുൽദീപ് യാദവ് ബൗൾഡാക്കി. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം നടത്തിയ താരമാണ് മിച്ചൽ.
മാർക് ചപ്മാനെ കുൽദീപ് യാദവ് റണ്ണൗട്ടാക്കി. മൈക്കൽ ബ്രോസ്വെല്ലിനെ ഹർദിക് പാണ്ഡ്യ അർഷദീപിന്റെ കൈകളിലെത്തിച്ചപ്പോൾ ഇഷ്സോഥിയുടെ മടക്കം നേരെ തിരിച്ചുള്ള ക്യാച്ചിലായിരുന്നു. സോഥിയെ അർഷദീപിന്റെ പന്തിൽ ഹർദിക് പിടികൂടി. ലോക്കി ഫെർഗ്യൂസനെയും അർഷദീപാണ് വീഴ്ത്തിയത്. സുന്ദറിന്റെ കയ്യിലാണ് താരത്തിന്റെ ഷോട്ട് കുടുങ്ങിയത്. ജേക്കബ് ഡഫിയും നായകൻ സാൻറനറും പുറത്താകാതെ പിടിച്ചുനിന്നു.
ആദ്യ ടി20യിൽ ന്യൂസിലൻഡാണ് വിജയിച്ചത്. മത്സരത്തിൽ 35 പന്തിൽ 52 റൺസ് നേടിയ ഓപ്പണർ ഡീവൺ കോൺവേയുടെയും 59 റൺസ് അടിച്ചുകൂട്ടിയ ഡാരിൽ മിച്ചറലിന്റെയും മികവിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് ടോട്ടലാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലൊതുങ്ങുകയായിരുന്നു. എന്നാൽ 28 പന്തിൽ 50 റൺസടിച്ച് കൂട്ടിയ വാഷിംഗ്ഡൺ സുന്ദറും 47 റൺസ് നേടിയ സൂര്യകുമാർ യാദവും ഇന്ത്യക്കായി തിളങ്ങി. ഹർദിക് 21 റൺസ് അടിച്ചു.