ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മെഡല്‍ സെഞ്ച്വറി
|25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം 100 മെഡലുകളാണ് ഇന്ത്യ നേടിയത്
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായി 100 മെഡലുകള്‍ നേടിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം 100 മെഡലുകളാണ് ഇന്ത്യ നേടിയത്.
655അംഗ കായികതാരങ്ങളും ആയി 100 മെഡൽ സ്വപ്നം കണ്ടാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ എത്തിയത്. ഇന്ന് 5 മെഡലുകളാണ് ഇന്ത്യക്ക് ലഭിച്ചത്. അമ്പെയ്ത്ത് പുരുഷ വനിതാ വിഭാഗത്തിലും വനിതകളുടെ കബഡിയിലും ഇന്ത്യ സ്വർണം നേടി. വനിതാ വിഭാഗം കബഡിയിൽ ഫൈനലില്‍ ചൈനീസ് തായ്പേയിയെ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പടുത്തിയത്. അമ്പെയ്ത്തില്‍ ജ്യോതി സുരേഖയാണ് സ്വര്‍ണം നേടിയത്. അതിഥി ഗോപീചന്ദിന് വെങ്കലവും ലഭിച്ചു.
സുവര്‍ണ നേട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ''100 മെഡലുകളുടെ ശ്രദ്ധേയമായ നാഴികക്കല്ലിലെത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യയിലെ ജനങ്ങൾ.ഇന്ത്യയുടെ ഈ ചരിത്ര നാഴികക്കല്ലിലേക്ക് നയിച്ച നമ്മുടെ അത്ലറ്റുകളെ ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.വിസ്മയിപ്പിക്കുന്ന ഓരോ പ്രകടനവും ചരിത്രം സൃഷ്ടിക്കുകയും നമ്മുടെ ഹൃദയങ്ങളിൽ അഭിമാനം നിറയ്ക്കുകയും ചെയ്തു.10ന് ഏഷ്യൻ ഗെയിംസ് പങ്കെടുത്ത അത്ലറ്റുകളുമായി സംവദിക്കാനും ഞാൻ ആഗ്രഹിക്കുന്നു'' മോദി എക്സില്‍ കുറിച്ചു.