ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടരാൻ ഇന്ത്യ; ഷൂട്ടിങ്ങിലും ബോക്സിങ്ങിലും മെഡൽ പ്രതീക്ഷ
|11 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്താണ്
ബീജിംഗ്: ഏഷ്യൻ ഗെയിംസിൽ കൂടുതൽ മെഡൽ പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങും. ഇതിനോടകം തന്നെ അഞ്ചു മെഡൽ ലഭിച്ച ഷൂട്ടിങ്ങിലും ഇന്ന് മെഡൽ പോരാട്ടമുണ്ട്. നിലവിൽ 11 മെഡലുകളുമായി ആറാം സ്ഥാനത്താണ് ഇന്ത്യ. ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് സിംഗപ്പൂരാണ് ഇന്ന് എതിരാളികൾ.
ഉസ്ബക്കിസ്താനെ 16 ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീമിനത്തിൽ മെഡൽ പ്രതീക്ഷയുമായി ദിവ്യാൻഷ് സിംഗ് പൻവാറും രമിത ജിൻഡാലും മത്സരിക്കും.നേരത്തെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മെഡൽ നേടാൻ രമിതക്കായിരുന്നു. ഷൂട്ടിങ്ങിൽ മനു ബക്കറുൾപ്പെടെ നിരവധി താരങ്ങളും മെഡൽ പ്രതീക്ഷയുമായി മത്സരിക്കാനിറങ്ങുന്നുണ്ട്. അയൽക്കാരായ പാകിസ്താനുമായി ഇന്ത്യ രണ്ട് ഇനങ്ങളിൽ ഇന്ന് ഏറ്റുമുട്ടും.
സ്ക്വാഷിൽ വനിതാ ടീം ആദ്യ റൗണ്ടിൽ പാകിസ്താനുമായി ഏറ്റുമുട്ടുമ്പോൾ പുരുഷ വോളിബോൾ ടീം അഞ്ചാം സ്ഥാനത്തിനായി പാകിസ്താനുമായി മത്സരിക്കും. സ്ക്വാഷ് മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീമിന് സിംഗപ്പൂരാണ് എതിരാളികൾ. നീന്തലിൽ 4x100 മീറ്റർ റിലേ ഹീറ്റ്സിൽ മലയാളികളായ സജൻ പ്രകാശും തനീഷ് ജോർജ് മാത്യവും അടങ്ങുന്ന സഖ്യം മത്സരിക്കാനിറങ്ങും. ഫെൻസിങിൽ മെഡൽ പ്രതീക്ഷയായ ഭവാനി ദേവിയുടെയും മത്സരവും ഇന്നാണ്. ബോക്സിങ്, സെയ്ലിങ്, എന്നീ ഇനങ്ങളിലും മെഡൽ ഉറപ്പിക്കാൻ താരങ്ങൾ ഇറങ്ങും. രണ്ടാം ദിനം രണ്ട് സ്വർണം നേടിയ ഇന്ത്യ മൂന്നാം ദിനം മൂന്നിലധികം സ്വർണം നേടുമോയെന്നാണ് കായികപ്രേമികൾ ഉറ്റുനോക്കുന്നത്..