ഒരുബോള്‍ ബാക്കി, സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് തോല്‍വി; പാക് വിജയം അഞ്ച് വിക്കറ്റിന്
|പതിയെ തുടങ്ങിയ പാകിസ്താന്‍ മധ്യ ഓവറുകളിലാണ് കളി വരുതിയിലാക്കിയത്. ഓപ്പണര്‍ രിസ്വാന്‍റെ അര്‍ധ ശതകമാണ് പാക് ഇന്നിങ്സിന് കരുത്തായത്.
ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് പകരം വീട്ടി പാകിസ്താന്‍. സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ മറികടന്നു. പതിയെ തുടങ്ങിയ പാകിസ്താന്‍ മധ്യ ഓവറുകളിലാണ് കളി വരുതിയിലാക്കിയത്. ഓപ്പണര്‍ രിസ്വാന്‍റെ അര്‍ധ ശതകമാണ് പാക് ഇന്നിങ്സിന് കരുത്തായത്. രിസ്വാന്‍ 51 പന്തില്‍ 71 റണ്‍സെടുത്തു. നായകന്‍ ബാബര്‍ അസമിന് ഈ കളിയിലും താളം കണ്ടെത്താനായില്ല. 14 റണ്‍സെടുത്ത ്ബാബര്‍ അസം പുറത്തായപ്പോള്‍ 15 റണ്‍സുമായി ഫഖര്‍ സമാനും കൂടാരം കയറി.
രിസ്വാനൊപ്പം മുഹമ്മദ് നവാസെത്തിയതോടെ പാക് സ്കോര്‍ വേഗം കുതിച്ചു. 20 പന്തില്‍ 42 റണ്‍സെടുത്ത ഫഖര്‍ പുറത്താകുമ്പോഴേക്കു പാകിസ്താന്‍ സേഫ് സോണിലെത്തിയിരുന്നു. പിന്നീട് ചടങ്ങു തീര്‍ക്കേണ്ട കാര്യമേ ബാക്കി ബാറ്റര്‍മാര്‍ക്കുണ്ടായിരുന്നുള്ളൂ. അവസാന ഓവറുകളില്‍ മത്സരം കടുപ്പിക്കാന്‍ രോഹിതും സംഘവും പരമാവധി ശ്രമിച്ചെങ്കിലും രണ്ട് പന്ത് ബാക്കിനില്‍ക്കെ പാകിസ്താന്‍ വിജയലക്ഷ്യത്തിലെത്തി.
നേരത്തെ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 181 റണ്‍സെടുത്തിരുന്നു. തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‍ലി തന്നെയാണ് ഇന്ത്യന്‍ ഇന്നിങ്സിനെ കെട്ടിപ്പടുത്തത്. 44 പന്തില്‍ നാല് ബൌണ്ടറികളും ഒരു സിക്സറുമുള്‍പ്പെടെ 60 റണ്‍സെടുത്ത കോഹ്ലി അവസാന ഓവറില്‍ റണ്ണൌട്ടാകുകയായിരുന്നു.
മെല്ലെപ്പോക്കിന് ഏറെ പഴികേട്ട രാഹുലും ക്യപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. പക്ഷേ മധ്യനിരിയിലേക്ക് കളിയെത്തിയപ്പോള്‍ തുടരെ വിക്കറ്റുകള് വീണത് മിഡില്‍ ഓവറുകളിലെ റണ്‍വരള്‍ച്ചക്ക് കാരണമായി. ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യ അഞ്ച് ഓവറില്‍ 54 റണ്‍സെടുത്തിരുന്നു. 16 പന്തില്‍ 28 റണ്‍സുമായി നായകന്‍ രോഹിതിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അധികം വൈകാതെ 20 പന്തില്‍ 28 റണ്‍സുമായി രാഹുലും മടങ്ങി.
മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കഴിഞ്ഞ കളിയിലെ താരം സൂര്യകുമാര്‍ യാദവും വിരാടും ചേര്‍ന്ന് തകര്‍ത്തടിക്കുമെന്ന് കരുതിയെങ്കിലും 'സ്കൈ' പെട്ടെന്ന് വിക്കറ്റായത് തിരിച്ചടിയായി. പിന്നീടെത്തിയ ഋഷഭ് പന്തിനും പിടിച്ചുനില്‍ക്കാനായില്ല. ഹര്‍ദിക് പൂജ്യത്തിന് പുറത്തായപ്പോള്‍ പന്ത് 14 റണ്‍സെടുത്ത് മടങ്ങി.
അടുത്ത ഊഴം ഹൂഡയുടേതായിരുന്നു കോഹ്‍ലിക്ക് പിന്തുണ നല്‍കിയെങ്കിലും ഹൂഡയുടെ ബാറ്റില്‍ നിന്നും വലിയ ഷോട്ടുകള്‍ പിറന്നില്ല. അതിനിടെ കോഹ്‍ലി തന്‍റെ 32-ാം ടി20 അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. സിക്സറിലൂടെയായിരുന്നു കോഹ്‍ലി ഫിഫ്റ്റി കണ്ടെത്തിയത്. ഇതോടെ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം അര്‍ധസെഞ്ച്വറിയെന്ന നേട്ടം കോഹ്‍ലിയുടെ പേരിലായി. അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താനുള്ള ശ്രമത്തില്‍ കോഹ്‍ലി റണ്ണൌട്ടാകുകയായിരുന്നു.
അവസാന രണ്ട് പന്തുകളില്‍ ബൌണ്ടറിയുമായി രവി ബിഷ്ണോയി ഇന്ത്യന്‍ സ്കോര്‍ 180 കടത്തി. രണ്ടു ബൌണ്ടറികളും ഫഖര്‍ സല്‍മാന്‍റെ മിസ്ഫീല്‍ഡിലൂടെയായിരുന്നു. പാകിസ്താനായി ശദാബ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു.